സര്‍ക്കാര്‍ കണ്ണുരുട്ടി; സെന്‍കുമാര്‍ പഴ്‌സനല്‍ സ്റ്റാഫിനെ മാറ്റി
തിരുവനന്തപുരം : സര്‍ക്കാര്‍ സ്വരം കടുപ്പിച്ചതോടെ ഡി.ജി.പി ടി.പി.സെന്‍കുമാര്‍ പഴ്‌സനല്‍ സ്റ്റാഫിനെ മാറ്റി. സംസ്ഥാന പൊലിസ് മേധാവി സ്ഥാനത്തു നിന്ന് വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് സെന്‍കുമാറിന് ആഭ്യന്തര സെക്രട്ടറിയുടെ കര്‍ശന നിര്‍ദേശമെത്തിയത്.
പഴ്‌സനല്‍ സ്റ്റാഫിലെ എ.എസ്.ഐ അനില്‍കുമാറിനെ മാറ്റണമെന്ന ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ ആഭ്യന്തര സെക്രട്ടറി സുബ്രതാ ബിശ്വാസ് സെന്‍കുമാറിന് കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു. നിര്‍ദേശം ഇന്നലെത്തന്നെ നടപ്പാക്കണമെന്നായിരുന്നു ഉത്തരവ്.പൊലിസ് ആസ്ഥാനത്ത് രഹസ്യസ്വഭാവമുള്ള ഫയലുകള്‍ സൂക്ഷിക്കുന്ന ടി ബ്രാഞ്ചില്‍ നിന്ന് ഇരുപതോളം ഫയലുകളുടെ പകര്‍പ്പ് എ.എസ്.ഐ അനില്‍കുമാര്‍ എടുത്തുവെന്നും 15 വര്‍ഷമായി അനില്‍കുമാറിനെ സെന്‍കുമാര്‍ അനധികൃതമായി സംരക്ഷിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി പൊലിസ് അസോസിയേഷന്‍ എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിയുടെ പിന്തുണയോടെ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് മെയ് 30ന് അര്‍ധരാത്രി അനില്‍കുമാറിനെ മാറ്റിക്കൊണ്ടുള്ള അസാധാരണ ഉത്തരവിറങ്ങിയത്.
എന്നാല്‍ ഉത്തരവ് നടപ്പാക്കാന്‍ വിസമ്മതിച്ച സെന്‍കുമാര്‍, തന്റെയൊപ്പം അനില്‍കുമാര്‍ അഞ്ചുവര്‍ഷം മാത്രമേ ആയിട്ടുള്ളുവെന്നും തന്റെ സുരക്ഷക്കായാണ് അനില്‍കുമാറിനെ നിയമിച്ചതെന്നും ചൂണ്ടിക്കാട്ടി ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്ത് തള്ളിയാണ് അനില്‍കുമാറിനെ ഉടന്‍ മടക്കി അയക്കണമെന്ന് ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടത്.
ആദ്യം ഉത്തരവ് നടപ്പിലാക്കൂ, അത് കഴിഞ്ഞ് ആവശ്യം പരിശോധിക്കാമെന്നാണ് ആഭ്യന്തര സെക്രട്ടറി ഉത്തരവില്‍ പറയുന്നത്. തച്ചങ്കരിയുടെ പരാതിയില്‍ ചീഫ് സെക്രട്ടറി വിശദീകരണം തേടിയത് മുഖ്യമന്ത്രിയുടെ അറിവോടെയല്ലെന്നു സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."