ഐ.സി.സി ഏകദിന റാങ്കിങ് കോഹ്‌ലി വീണ്ടും ഒന്നാമന്‍
ദുബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏകദിന റാങ്കിങില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി വീണ്ടും ഒന്നാം റാങ്കിലെത്തി. ദക്ഷിണാഫ്രിക്കയുടെ എ.ബി ഡിവില്യേഴ്‌സിനെ പിന്തള്ളിയാണ് താരം ഒന്നാമനായത്. ചാംപ്യന്‍സ് ട്രോഫിയിലെ മിന്നും പ്രകടനമാണ് താരത്തിന് ഗുണകരമായത്.
ടൂര്‍ണമെന്റ് തുടങ്ങും മുന്‍പ് ഡിവില്യേഴ്‌സിനേക്കാള്‍ 22 പോയിന്റ് പിറകിലായിരുന്നു കോഹ്‌ലി. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്നായി രണ്ടു അര്‍ധസെഞ്ച്വറികള്‍ താരം സ്വന്തമാക്കി. പാകിസ്താനെതിരേ 81, ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 76 എന്നിങ്ങനെയായിരുന്നു സ്‌കോര്‍. അതേസമയം ഡിവില്യേഴ്‌സിന്റെ പ്രകടനം മോശമായതും കോഹ്‌ലിക്ക് ഗുണകരമായി.
ഇന്ത്യന്‍ ഓപണര്‍ ശിഖര്‍ ധവാനാണ് റാങ്കിങില്‍ ഗുണമുണ്ടാക്കിയ മറ്റൊരു താരം. ചാംപ്യന്‍സ് ട്രോഫിയില്‍ മൂന്നു മത്സരങ്ങളില്‍ നിന്ന് രണ്ടു അര്‍ധസെഞ്ച്വറിയും ഒരു സെഞ്ച്വറിയുമായി തകര്‍പ്പന്‍ ഫോമിലുള്ള ധവാന്‍ അഞ്ചു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആദ്യ പത്തില്‍ ഇടംപിടിച്ചു. എന്നാല്‍ മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയും രോഹിത് ശര്‍മയും ഓരോ സ്ഥാനം പിന്നോട്ടിറങ്ങി. രോഹിത് 13ലും ധോണി 14ാം റാങ്കിലുമാണ്. യുവരാജ് സിങ് ആറു സ്ഥാനം മെച്ചപ്പെടുത്തി 88ാം സ്ഥാനത്തെത്തി.
ബൗളിങില്‍ ആദ്യ പത്തില്‍ ഇന്ത്യന്‍ താരങ്ങളാരുമില്ല. ഭുവനേശ്വര്‍ കുമാര്‍ 13സ്ഥാനം മെച്ചപ്പെടുത്തി 23ാം റാങ്കിലെത്തി. ഉമേഷ് യാദവ് രണ്ടു സ്ഥാനം മെച്ചപ്പെടുത്തി 41ാം റാങ്കിലും ജസ്പ്രിത് ബുമ്‌റ മൂന്നു സ്ഥാനം മെച്ചപ്പെടുത്തി 43ാം റാങ്കിലുമെത്തി. സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയ്ക്കും രവിചന്ദ്രന്‍ അശ്വിനും തിരിച്ചടി നേരിട്ടു. അശ്വിന്‍ രണ്ടു സ്ഥാനം താഴോട്ടിറങ്ങി 20ാം റാങ്കിലും ജഡേജ മൂന്നു സ്ഥാനം താഴോട്ടിറങ്ങി 29ാം റാങ്കിലുമാണ്. ആസ്‌ത്രേലിയയുടെ ജോഷ് ഹാസെല്‍വുഡാണ് ഒന്നാം റാങ്കില്‍.
ബാറ്റിങില്‍ ഇംഗ്ലീഷ് താരങ്ങള്‍ റാങ്കിങ് മെച്ചപ്പെടുത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്കെല്ലാം തിരിച്ചടി നേരിട്ടു. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ജഡേജ എട്ടാം സ്ഥാനത്തേക്കുയര്‍ന്നു. ബെന്‍ സ്റ്റോക്‌സ് ആറാം സ്ഥാനത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."