നാക്കു നന്നെങ്കില്‍ നാടടക്കാം
മനുഷ്യന്റെ അനുഗ്രഹീതമായ അവയവമാണ് നാവ്. ധാരാളം ഉപകാരമുണ്ടെങ്കിലും ആശയവിനിമയത്തിന്റെ പ്രധാനോപാധിയായ സംസാരം സാധ്യമാക്കുന്ന അവയവമെന്ന നിലയിലാണ് നാവിനു പ്രഥമപരിഗണന. അതീവജാഗ്രതയോടെയാകണം ഈ അവയവത്തെ കൈകാര്യം ചെയ്യാന്‍. ഇതു മനസിലാക്കാന്‍ സ്രഷ്ടാവ് നാവിനെ സംവിധാനിച്ചതിനു പിന്നിലെ രഹസ്യം പരിശോധിച്ചാല്‍ മതി. രണ്ടു ചുണ്ടുകളും രണ്ടു നീണ്ടനിര പല്ലുകളും മതിലുകള്‍ കണക്കെ തീര്‍ത്ത് അതിനകത്താണു നാവിനെ സ്ഥാപിച്ചത്.
അത്യാവശ്യത്തിനു മാത്രം സംസാരിക്കുന്നതാണ് ബുദ്ധി. മനസില്‍ ഉടലെടുക്കുന്ന വ്യത്യസ്ത ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നാവിന്റെ പങ്കു പ്രധാനമാണ്. മനുഷ്യനെ വിജയിയാക്കാനും പരാജിതനാക്കാനും നാവിന് സാധിക്കും.
മുആദ്(റ)ല്‍ നിന്നുള്ള നിവേദനം: 'അദ്ദേഹത്തിനു സ്വര്‍ഗത്തിലേയ്‌ക്കെത്താനുള്ള ധാരാളം നന്മകളെക്കുറിച്ചു പറഞ്ഞുകൊടുത്തശേഷം പ്രവാചകര്‍ (സ) പറഞ്ഞു; എന്നാല്‍ ഇവയെല്ലാം നശിപ്പിക്കുന്ന ഒരു കാര്യത്തെക്കുറിച്ചു ഞാന്‍ നിനക്ക് പറഞ്ഞു തരട്ടെയോ.
മുആദ്(റ) പറഞ്ഞു: അതേ റസൂലേ അങ്ങു പറഞ്ഞാലും.
അപ്പോള്‍ തിരുനബി(സ) നാവ് എടുത്തുപിടിച്ചു പറഞ്ഞു; ഇതിനെ നീ നിയന്ത്രിക്കണം.
മുആദ് (റ) ചോദിച്ചു: തിരുദൂതരേ, ഞങ്ങള്‍ സംസാരിക്കുന്ന കാര്യങ്ങള്‍ക്കു ഞങ്ങള്‍ ശിക്ഷിക്കപ്പെടുമോ.
നബി(സ) പറഞ്ഞു: മുആദേ.. നിനക്കെന്തു പറ്റി, നാവു കൊണ്ടു സമ്പാദിച്ചതല്ലാതെ മറ്റെന്താണു ജനങ്ങളെ നരകത്തിലേക്കു മുഖംകുത്തി വീഴ്ത്തുന്നത്.
മനുഷ്യന്റെ പാരത്രികജീവിതം നിര്‍ണയിക്കുന്നതില്‍ മുഖ്യപങ്ക് നാവിനാണെന്നു വ്യക്തം. സ്വര്‍ഗം ലഭിക്കാന്‍ നാവടക്കിയേ തീരൂ. സ്വര്‍ഗമാണോ, നരകമാണോ വേണ്ടതെന്നു തീരുമാനിക്കേണ്ടത് ഒരര്‍ഥത്തില്‍ നാവാണ്.
അബൂ ഹുറൈറ(റ)നിവേദനം: നബി(സ) പറഞ്ഞു: 'ഒരാള്‍ ചിന്തിക്കാതെ ഒരു വാക്കു പറയും. അതിന്റെ ദൂഷ്യത്താല്‍ കിഴക്കു പടിഞ്ഞാറിന്റെ ഇടയിലെ ദൂരത്തേക്കാള്‍ കൂടുതല്‍ വിദൂരത കണക്കെ നരകത്തിലേക്ക് അവന്‍ അധഃപ്പതിക്കും.'
അല്ലാഹു പറയുന്നു: 'അവന്‍ ഏതൊരു വാക്കുച്ചരിക്കുമ്പോഴും അവന്റെ അടുത്തു തയാറായി നില്‍ക്കുന്ന നിരീക്ഷകരുണ്ടായിരിക്കും.
നബി(സ) പറഞ്ഞു: 'എല്ലാ പ്രശ്‌നത്തിനും പരിഹാരം ലഭിക്കുന്നത് ഒരാളെ സന്തോഷിപ്പിക്കുന്നുവെങ്കില്‍ അവന്‍ സദാ മൗനമവലംബിക്കണം. അല്ലാഹുവിന്റെ സ്മരണ ഒഴിവാക്കി നിങ്ങള്‍ സംസാരം അധികരിപ്പിക്കരുത്. കാരണം, അതു ഹൃദയം കഠിനമാക്കും. അല്ലാഹുവിന്റെ സാമീപ്യം ലഭിക്കാത്തവനാണ് ഹൃദയം കഠിനമായവന്‍.'
ഉപകാരമില്ലാത്ത സംസാരം വിശ്വാസിക്കു യോജിച്ചതല്ല. സംസാരിക്കുന്നതില്‍ ഗുണവും ദോഷവും തുല്യമായാല്‍ മൗനം ദീക്ഷിക്കണമെന്നാണു തിരുകല്‍പന. 'ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ നല്ലതു പറയട്ടെ, അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ'.
'സംസാരിച്ചു നന്മകള്‍ സമ്പാദിക്കുകയോ അല്ലെങ്കില്‍ മൗനമവലംബിച്ചു നാശങ്ങളില്‍ നിന്നു വിമുക്തമാവുകയോ ചെയ്യുന്നവര്‍ അനുഗ്രഹീതരാണ്.' (ബൈഹഖി).
ഇമാം നവവി (റ) തന്റെ അല്‍ അദ്കാറില്‍ പറയുന്നു: 'പ്രായപൂര്‍ത്തിയെത്തിയ വിവേകമുള്ള ഓരോ വ്യക്തിയും ഉപകാരപ്രദമല്ലാത്ത സകല സംസാരങ്ങളില്‍ നിന്നും തന്റെ നാവിനെ സൂക്ഷിക്കണം. സംസാരിക്കുകയോ സംസാരിക്കാതിരിക്കുകയോ ചെയ്യുന്നതില്‍ പ്രത്യേകിച്ചു വ്യത്യാസമൊന്നുമില്ലാത്ത കാര്യമാണെങ്കില്‍ പോലും അതു സംസാരിക്കാതെ നാവിനെ പിടിച്ചുവയ്ക്കലാണ് സുന്നത്ത്.
കാരണം അത്തരത്തിലുള്ള സംസാരം പിന്നീട് വെറുക്കപ്പെട്ട സംസാരങ്ങളിലേക്കും നിഷിദ്ധമായ സംസാരങ്ങളിലേക്കും കൊണ്ടെത്തിക്കും. സാധാരണ അങ്ങനെയാണു സംഭവിക്കാറുള്ളത്. സുരക്ഷിതമായിടത്തു നിന്നാല്‍ അതിനു തുല്യമായി മറ്റൊന്നും തന്നെയില്ല.'
ഇമാം ഗസ്സാലി (റ) സംസാരത്തെ നാലിനങ്ങളായി തരംതിരിച്ചിരിക്കുന്നു. (1) ദോഷം മാത്രമുള്ളത്. (2) ഗുണം മാത്രമുള്ളത്. (3) ഗുണദോഷ സമ്മിശ്രം (4) ഗുണവും ദോഷവുമില്ലാത്തത്. ഇതില്‍ ദോഷം മാത്രമുള്ളതും ഗുണത്തേക്കാളേറെ ദോഷമുള്ളതും ഉപേക്ഷിക്കാതെ നിവൃത്തിയില്ല. നാലാമത്തെ ഇനത്തില്‍ പ്രവേശിക്കുമ്പോള്‍ വിലയേറിയ നിമിഷങ്ങള്‍ നഷ്ടപ്പെട്ടു പോകുന്നതും സഗൗരവം കാണണം.
സുലൈമാന്‍ നബി (അ) പറയുന്നു: 'സംസാരം വെള്ളിയാണെങ്കില്‍ മൗനം സ്വര്‍ണമാണ്.'
അബൂ മൂസ(റ) ചോദിച്ചു: 'റസൂലേ, മുസ്‌ലിംകളില്‍ ഏറ്റവും ശ്രേഷ്ഠന്‍ ആരാണ്.' അവിടുന്നു പറഞ്ഞു: 'അവന്റെ കരങ്ങളില്‍ നിന്നും നാവില്‍ നിന്നും മറ്റു മുസ്‌ലിംകളെയെല്ലാം രക്ഷപ്രാപിപ്പിച്ചവനാരോ അവനാണു ശ്രേഷ്ഠന്‍'.
മനുഷ്യന്റെ മഹത്വങ്ങള്‍ തീരുമാനിക്കുന്നതിലും വ്യകതിത്വം നിര്‍ണയിക്കുന്നതിലും നാവിന്റെ പങ്ക് പ്രധാനമാണ്. നാവടക്കിയാല്‍ സമൂഹം മുഖവിലയ്‌ക്കെടുക്കും. അവന്റെ വാക്കുകള്‍ക്കു സമൂഹം സാകൂതം കാതോര്‍ക്കും. അവന്റെ നിലയും വിലയും പൂര്‍വോപരി വര്‍ധിക്കും. അവനു സ്വര്‍ഗം വാഗ്ദാനം ചെയ്തിട്ടുണ്ട്.
സഹ്‌ലു ബ്‌നു സഅദ്(റ) നിവേദനം ചെയ്യുന്നു. നബി(സ) പറഞ്ഞു: 'ആരെങ്കിലും തന്റെ രണ്ടു താടിയെല്ലുകള്‍ക്കിടയിലുള്ളതിനും തുടകള്‍ക്കിടയിലുള്ളതിനും ജാമ്യം നിന്നാല്‍ ഞാനവനു സ്വര്‍ഗം കൊണ്ടു ജാമ്യം നില്‍ക്കും.'
നിരുപദ്രവമെന്നു തോന്നിയേക്കാവുന്ന പ്രശംസയില്‍ കൂടിയും മനുഷ്യനു വലിയ നാശം വന്നെത്തും. പ്രശംസ അനുവദിക്കപ്പെട്ട പോലെ വിലക്കപ്പെട്ട രംഗങ്ങളുമുണ്ട്.
ഒന്നു പ്രശംസ കാടുകയറി കളവു പറയല്‍. മറ്റൊന്നു വിപരീത ലക്ഷ്യത്തോടെയുള്ള കളവുപറയല്‍. സുഹൃത്തിനോടു സ്‌നേഹമാണെന്ന് വരുത്താന്‍ കപട പ്രശംസ നടത്തല്‍ ഇതില്‍പ്പെടും. അതു പാതകമാണ്. പ്രശംസിക്കുന്നവനു സ്വന്തം വാക്കില്‍ വിശ്വാസമില്ലാതെ പോകാം. അതു കപടതയാണ്. കാപട്യവും പ്രകടനപരതയും കടുത്ത തെറ്റാണ്.
മൂന്നാമത്തെ തെറ്റ്, യാഥാര്‍ഥ്യം ബോധ്യപ്പെടാതെ നടത്തുന്ന പ്രശംസയാണ്. അത് അര്‍ഹതയില്ലാത്തവനുവേണ്ടി കള്ളപ്രചാരണം നടത്തലാകും. കുറ്റകരമാണത്. പ്രശംസിക്കപ്പെടുന്നവന്‍ അക്രമിയും അധാര്‍മികനുമായേക്കാം.
ഒരു അഅ്‌റാബി റസൂലുല്ലാഹിയോടു ചോദിച്ചു: 'എന്നെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്ന ഒരു ആരാധന പറഞ്ഞു തരൂ..'അവിടുന്ന് പറഞ്ഞു: 'വിശന്നവനെ ഭക്ഷിപ്പിക്കുക. ദാഹിക്കുന്നവനെ കുടിപ്പിക്കുക. നല്ലതു കൊണ്ടു കല്‍പ്പിക്കുക. ചീത്തയെ വിരോധിക്കുക. ഇതിനൊന്നും സാധിക്കുകയില്ലെങ്കില്‍ നിന്റെ നാവിനെ സൂക്ഷിക്കുക.'
അബൂ ഉമാമ(റ)യില്‍ നിന്നു നിവേദനം: പ്രവാചകന്‍(സ) പറഞ്ഞു: തന്റെ ഭാഗത്താണു ന്യായമെങ്കില്‍ പോലും തര്‍ക്കം ഉപേക്ഷിക്കുന്നവനു സ്വര്‍ഗത്തിന്റെ താഴ്‌വാരത്ത് ഒരു വീട് ഞാന്‍ ഉറപ്പ് നല്‍കുന്നു. തമാശക്കു പോലും കളവു പറയാത്തവനു സ്വര്‍ഗത്തിന്റെ മധ്യത്തില്‍ ഒരു വീട് ഞാന്‍ ഉറപ്പു നല്‍കുന്നു. തന്റെ സ്വഭാവം നന്നാക്കിയവനു സ്വര്‍ഗത്തിന്റെ ഏറ്റവും ഉന്നതമായ സ്ഥാനത്തൊരു വീട് ഞാന്‍ ഉറപ്പു നല്‍കുന്നു. അനാവശ്യ സംസാരങ്ങളും തര്‍ക്കങ്ങളും ഉപേക്ഷിക്കുക. സ്വര്‍ഗത്തില്‍ ഒരു വീടെന്നത് ആരാണാഗ്രഹിക്കാത്തത്.
വാക്കിനെ തീപ്പൊരിയോടുപമിച്ചതു കാണാം. ചെറിയ തീപ്പൊരി കാരണം വീടുകളും വലിയ കാടുകളും മറ്റും തീപിടിക്കാറുണ്ട്. അശ്രദ്ധമായി വലിച്ചെറിഞ്ഞ തീപ്പൊരിയില്‍ നിന്നു സകലതും കത്തി നശിക്കുന്നു. തീ കത്തിപ്പടരാന്‍ തുടങ്ങിയാല്‍ കെടുത്തല്‍ പ്രയാസമാണ്. തീ കത്തിക്കൊണ്ടിരിക്കുന്ന വസ്തു അതിനോടു ചേര്‍ന്നിരിക്കുന്ന വസ്തുക്കളിലേക്കു പടരും. അത് അണയ്ക്കുവാന്‍ താമസിക്കുന്നതിനുസരിച്ചു സര്‍വതും ദഹിപ്പിച്ചു നാമാവശേഷമാക്കും.
അപകടകാരിയാണെങ്കിലും ദൈനംദിന ജീവിതത്തില്‍ പലകാര്യങ്ങള്‍ക്കും നമുക്കു തീ അത്യന്താപേക്ഷിതമാണ്. അടുക്കള മുതല്‍ ഫാക്ടറി വരെയുള്ളിടങ്ങളില്‍ തീ സുരക്ഷിതമായി ഉപയോഗിക്കുന്നു. തീ ഉപയോഗിക്കേണ്ടതുപോലെ ഉപയോഗിച്ചാല്‍ അപകടമുണ്ടാകില്ല. ഇതു പോലെയാണു നാവും. ഉപയോഗിക്കേണ്ടതുപോലെ ഉപയോഗിച്ചാല്‍ ഉപദ്രവമുണ്ടാകില്ല. അല്ലെങ്കില്‍ അപകടം വരുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."