ഐ.സി.സി ചാംപ്യന്‍സ് ട്രോഫി: ആദ്യ സെമിയില്‍ ഇംഗ്ലണ്ട് പാകിസ്താനെ നേരിടും ജേസന്‍ റോയിക്ക് പകരം ജോണി ബെയര്‍സ്റ്റോ
കാര്‍ഡിഫ്: ഐ.സി.സി ചാംപ്യന്‍സ് ട്രോഫി സെമി പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ആദ്യ സെമിയില്‍ ആതിഥേയരായ ഇംഗ്ലണ്ടിന് പാകിസ്താനാണ് എതിരാളികള്‍. മത്സരത്തില്‍ മുന്‍തൂക്കം ഇംഗ്ലണ്ടിനാണെങ്കിലും പാകിസ്താനെ എഴുതി തള്ളാനാവില്ല.
ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഇംഗ്ലണ്ടിന്റെ വരവ്. എന്നാല്‍ പാകിസ്താനാാണെങ്കില്‍ ചിരവൈരികളായ ഇന്ത്യയടങ്ങുന്ന ഗ്രൂപ്പില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായിട്ടാണ് സെമിയിലേക്ക് മുന്നേറിയത്. ശ്രീലങ്കയ്‌ക്കെതിരായ അവസാന മത്സരത്തില്‍ ഏഴു വിക്കറ്റ് പെട്ടെന്ന് നഷ്ടപ്പെട്ടിട്ടും നിശ്ചയദാര്‍ഢ്യത്തോടെ പൊരുതി മത്സരം സ്വന്തമാക്കാന്‍ പാകിസ്താന് സാധിച്ചിരുന്നു.
അതേസമയം സെമിയില്‍ ടീമില്‍ മാറ്റമുണ്ടാകുമെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍ വ്യക്തമാക്കി. ഓപണര്‍ ജേസന്‍ റോയിക്ക് പകരം ജോണി ബെയര്‍സ്റ്റോ കളത്തിലിറങ്ങും. ഫോമില്ലാത്തതിനാലാണ് താരത്തെ ഒഴിവാക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളിലെല്ലാം താരം പരാജയപ്പെട്ടിരുന്നു. ഈ പ്രശ്‌നം പരിഹരിക്കുന്നതോടെ ടീം കൂടുതല്‍ സന്തുലിതമായെന്ന് മോര്‍ഗന്‍ പറഞ്ഞു.
ഓപണിങില്‍ അലക്‌സ് ഹെയ്ല്‍സ്, ജോസ് ബട്‌ലര്‍ മാറി പരീക്ഷിക്കാനും ഇംഗ്ലണ്ട് തയാറായേക്കും. ജോ റൂട്ട്, മോര്‍ഗന്‍, സാം ബില്ലിങ്‌സ്, ബെന്‍ സ്റ്റോക്‌സ് തുടങ്ങിയ മികച്ച ബാറ്റിങ് നിര ടീമിനുണ്ട്. ബെന്‍ സ്റ്റോക്‌സ് ടൂര്‍ണമെന്റില്‍ മികച്ച ഫോമിലാണ്. താരത്തെ പിടിച്ചു കെട്ടാനായാല്‍ പാകിസ്താന് ജയം സ്വന്തമാക്കും.
ഇംഗ്ലണ്ടിനെതിരേ പൊരുതാനുറച്ചാണ് പാകിസ്താന്‍ കളത്തിലിറങ്ങുന്നത്. സ്ഥിരതയില്ലാത്ത ബാറ്റിങ് നിരയാണ് അവരുടെ പ്രധാന ആശങ്ക. ലങ്കയ്‌ക്കെതിരേ മികച്ച തുടക്കം കിട്ടിയ ശേഷമായിരുന്നു അവര്‍ തകര്‍ന്നത്. ബാബര്‍ അസം, ഫഖര്‍ സമന്‍ എന്നിവര്‍ ഫോമിലാണ്.
എന്നാല്‍ മധ്യനിരയില്‍ ഇതുവരെ ഫോമിലേക്കുയര്‍ന്നിട്ടില്ല. മുഹമ്മദ് ഹഫീസ്, ഷോയിബ് മാലിക്, അഹമ്മദ് ഷെഹ്‌സാദ്, സര്‍ഫ്രാസ് അഹമ്മദ് എന്നീ മികവുറ്റ താരങ്ങളുണ്ടെങ്കിലും സര്‍ഫ്രാസിന് മാത്രമേ ഇതില്‍ മികവിലേക്കുയരാനായിട്ടുള്ളൂ.
ബൗളിങാണ് ഇരുടീമുകളും മികവ് പുലര്‍ത്തുന്ന പ്രധാന വിഭാഗം. പാകിസ്താന്‍ ബൗളിങ് നിര ടൂര്‍ണമെന്റിലെ ഏറ്റവും മികവുറ്റതാണ്. മുഹമ്മദ് ആമിര്‍, ഇമാദ് വാസിം, ജുനൈദ് ഖാന്‍, സന്‍ അലി, എന്നീ ബൗളര്‍മാരാണ് ടീമിന്റെ കരുത്ത്. ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകള്‍ക്കെതിരേ ജയം സമ്മാനിച്ചതും ഈ ബൗളിങ് നിരയാണ്. ഇംഗ്ലണ്ട് നിരയില്‍ മാര്‍ക് വുഡ്, ആദില്‍ റഷീദ്, ലിയാം പ്ലങ്കറ്റ് എന്നിവരും ഫോമിലാണ് ഇവര്‍ ഫോമിലേക്കുയര്‍ന്നാല്‍ ഇംഗ്ലണ്ടിന് അനായാസ ജയം നേടാം.
സെമിക്ക് കാണികളില്ല; ആശങ്കയോടെ ഐ.സി.സി
കാര്‍ഡിഫ്: ഇന്ന് തുടങ്ങുന്ന സെമി പോരാട്ടങ്ങളെ ആശങ്കയോടെയാണ് ഐ.സി.സി കാണുന്നത്. മത്സരം കാണാന്‍ ആളുണ്ടാവില്ല എന്നതാണ് ഐ.സി.സിയെ ആശങ്കപ്പെടുന്നത്. മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ മുഴുവനായും വിറ്റഴിഞ്ഞിട്ടില്ലെന്ന് ഐ.സി.സി വക്താവ് വ്യക്തമാക്കി. അതേസമയം ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം സെമി ഫൈനലിനുള്ള ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞിട്ടുണ്ട്.
നേരത്തെ ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് മത്സരത്തിലും സമാന അവസ്ഥയുണ്ടായിരുന്നു. ടൂര്‍ണമെന്റിലെ മോശം കാലാവസ്ഥയാണ് പ്രധാന വില്ലനെന്നാണ് ഐ.സി.സിയുടെ വിശദീകരണം. ടൂര്‍ണമെന്റിനുള്ള ടിക്കറ്റുകളില്‍ 38 ശതമാനം ഇന്ത്യക്കാരാണ് സ്വന്തമാക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും ഇംഗ്ലണ്ട്-പാകിസ്താന്‍ മത്സരങ്ങള്‍ക്ക് താല്‍പര്യം കാണിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."