കേന്ദ്രാനുമതിയായില്ല; മന്ത്രി കടകംപള്ളിയുടെ ചൈനാ യാത്ര 'തുലാസില്‍'
തിരുവനന്തപുരം: ചൈനയില്‍ ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കുന്നതിനുള്ള അനുമതിക്കായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് നല്‍കിയിരുന്ന അപേക്ഷയില്‍ കേന്ദ്രസര്‍ക്കാര്‍ ഇനിയും തീരുമാനമെടുത്തില്ല.
പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഫണ്ട് ശേഖരണത്തിനായി വിദേശയാത്രയ്ക്കു സംസ്ഥാനത്തെ മന്ത്രിമാര്‍ അനുമതിക്ക് അപേക്ഷിച്ചിരുന്നെങ്കിലും കേന്ദ്രം അനുവദിച്ചിരുന്നില്ല. ഈ അനുമതി നിഷേധിച്ചതിനു പിന്നാലെ കടകംപള്ളി സുരേന്ദ്രന് ചൈനാ സന്ദര്‍ശനത്തിന് അനുമതിതേടി കേന്ദ്രത്തെ സമീപിച്ചിരുന്നു. എന്നാല്‍, ഒരാഴ്ചയിലധികം കഴിഞ്ഞെങ്കിലും ഇതുവരെ കേന്ദ്രം ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. ഇതിനകംതന്നെ അനുമതി നല്‍കാമായിരുന്നെങ്കിലും അനാവശ്യമായി വൈകിപ്പിക്കുകയാണെന്ന സംശയമുണ്ട്. അപേക്ഷയില്‍ നടപടികള്‍ പുരോഗമിക്കുന്നതായാണ് മന്ത്രിയുടെ ഓഫിസ് പറയുന്നത്.
ഷാങ്ഹായില്‍ ഈ മാസം 16ന് ആരംഭിച്ചു മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ചൈന ഇന്റര്‍നാഷനല്‍ ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കുന്നതിനായാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന് കേന്ദ്രത്തോട് അനുമതി തേടിയത്. നവകേരള നിര്‍മിതിക്കായി ഫണ്ട് ശേഖരിക്കാന്‍ വിദേശത്തുപോകാന്‍ മന്ത്രിമാരെ അനുവദിക്കാതിരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയിരുന്നത്. ഈ സാഹചര്യത്തില്‍ കടകംപള്ളിയുടെ ചൈനാ യാത്രയ്ക്കും കേന്ദ്രം അനുമതി നല്‍കുമോയെന്ന കാര്യം സംശയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."