തായ്‌വാനുമായുള്ള നയതന്ത്ര ബന്ധം പാനമ ഉപേക്ഷിച്ചു
പാനമ സിറ്റി: തായ്‌വാനുമായുള്ള ദീര്‍ഘകാലത്തെ നയതന്ത്ര ബന്ധം മധ്യ, ദക്ഷിണ അമേരിക്കന്‍ രാജ്യമായ പാനമ ഉപേക്ഷിച്ചു. ചൈനയ്ക്ക് വേണ്ടിയാണ് പാനമയുടെ നടപടി. ഒരേയൊരു ചൈനയേ ഉള്ളുവെന്നും തായ്‌വാന്‍ ചൈനയുടെ ഭാഗമാണെന്നും പാനമ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പാനമയുടെ നടപടിയില്‍ രോഷവും ദുഃഖവും പ്രകടിപ്പിച്ച തായ്‌വാന്‍ നടപടിയെ ഭീഷണിപ്പെടുത്തലെന്നും വിശേഷിപ്പിച്ചു.
സ്വയംഭരണാവകാശമുള്ള തായ്‌വാനെ തങ്ങളുടെ പ്രവിശ്യയായാണ് ചൈന കാണുന്നത്. ചില രാജ്യങ്ങള്‍ ബെയ്ജിങ്ങിനു പുറമെ തായ്‌പേയുമായും നയതന്ത്രബന്ധം തുടരുന്നുണ്ട്. ഇതില്‍ ഒരു രാജ്യമായിരുന്നു പാനമ. കഴിഞ്ഞ ഡിസംബറില്‍ ആഫ്രിക്കന്‍ ദ്വീപ് രാജ്യങ്ങളായ സാവോ ടോം, പ്രിന്‍സിപ് എന്നിവയും നേരത്തെ തായ്‌വാനുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചിരുന്നു. തായ്‌വാനുമായി നിലവില്‍ നയതന്ത്ര ബന്ധം പുലര്‍ത്തുന്നത് 20 രാജ്യങ്ങള്‍ മാത്രമാണ്.
പാനമയുമായി ഈയിടെ ചൈന സാമ്പത്തിക നിക്ഷേപ ബന്ധം ശക്തമാക്കിയിരുന്നു. പാനമ കനാലിന്റെ പദ്ധതിക്കും സാമ്പത്തിക സഹായം നല്‍കുന്നത് ചൈനയാണ്. പാനമയില്‍ ചൈന നടത്തുന്ന സാമ്പത്തിക ഇടപാടുകളുടെ നേട്ടം ലക്ഷ്യംവച്ചാണ് ആ രാജ്യം തങ്ങള്‍ക്കെതിരേ നിലപാടെടുത്തതെന്ന് തായ്‌വാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. തായ്‌വാനിലെ നിലവിലത്തെ പ്രസിഡന്റ് സായ് ഇങ് വെന്‍ കടുത്ത ചൈനാ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ്. കഴിഞ്ഞ ജൂണില്‍ സായ് പാനമ സന്ദര്‍ശിച്ചിരുന്നു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം അവരുടെ ആദ്യത്തെ വിദേശസന്ദര്‍ശനമായിരുന്നു പാനമയിലേത്.
പാനമയുടെ നടപടിക്ക് പിന്നാലെ പാനമ പ്രസിഡന്റ് ജുവാന്‍ കാര്‍ലോസ് വറേല ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു. രാജ്യം ശരിയായ പാതയാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാനമയുടെ നടപടിയെ ചൈനീസ് സര്‍ക്കാരും ജനങ്ങളും പ്രശംസിക്കുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം ചൈനീസ് ഭാഷയില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. രാഷ്ട്രീയപരമായും സാമ്പത്തികമായും തായ്‌വാനെ ഒറ്റപ്പെടുത്താനാണ് ചൈന ശ്രമം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."