കരിപ്പൂര്‍ ഭൂമി ഏറ്റെടുക്കല്‍; ചര്‍ച്ചയില്‍ പ്രതീക്ഷകളേറെ
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിനു ഭൂമിയേറ്റെടുക്കുമ്പോള്‍ സ്ഥലവും നഷ്ടപരിഹാരവും നല്‍കാനുളള തീരുമാനം പുതുപ്രതീക്ഷയേകുന്നു.ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന ജില്ലയിലെ വിവിധ രാഷ്ട്രീയ പ്രതിനിധികളുടെ യോഗത്തിലാണു വീടും സ്ഥലവും നഷ്ടപ്പെടുത്തവര്ക്ക് അര്‍ഹമായ നഷ്ടപ്പരിഹാരം നല്കാന് തീരുമാനിച്ചത്.ഇതുമായി ബന്ധപ്പെട്ട് എട്ടിനു മലപ്പുറത്തു നടക്കുന്ന യോഗത്തില്‍ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളേയും സമരസമിതി അംഗങ്ങളേയും ഭൂമി നഷ്ടപ്പെടുന്നവരേയും വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പ്രദേശവാസികളുടെ എതിര്‍പ്പും പ്രതിഷേധ സമരങ്ങളും നടക്കുന്നതിനിടെയാണ് ഇരകളുടെ പ്രശ്നം നേരിട്ടു കണ്ടറിഞ്ഞു നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ ഒരുങ്ങുന്നത്. എട്ടിനു മലപ്പുറം കളക്ടറേറ്റില്‍ ചേരുന്ന യോഗത്തില്‍ നിലവിലെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍.
വിമാനത്താവള വികസനത്തിന് 385 ഏക്കര്‍ ഭൂമി ഏറ്റെടുക്കണമെന്നാണ് എയര്‍പോര്‍ട്ട് അഥോറിറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുളളത്. 100 ഏക്കര്‍ ഭൂമി ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനും ആവശ്യമായി വരും. പളളിക്കല്‍ പഞ്ചായത്ത്, കൊണ്ടോട്ടി നഗരസഭ എന്നിവടങ്ങളില്‍ നിന്നാണു ഭൂമി ഏറ്റെടുക്കുന്നത്. ഭൂമി വിട്ടുനല്‍കുന്നവര്‍ക്കുളള പാക്കേജ് പ്രദേശവാസികളെ അറിയിക്കുന്നതിനാണ് എട്ടിനു യോഗം ചേരുന്നത്. ഭൂമി നഷ്ടപ്പെടുന്നവരുടെ സര്‍വെ നടത്തി ആവശ്യങ്ങള്‍ ചോദിച്ചറിയിക്കുകയും നിലവിലുളള വിപണിവിലയുടെ അടിസ്ഥാനത്തിലുളള നഷ്ടപരിഹാരം നല്‍കാനുമാണു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ പ്രദേശ വാസികള്‍ കടുത്ത എതിര്‍പ്പിലാണ്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ മാര്‍ച്ചില്‍ നിരവധി പേരാണ് എത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."