മിടുക്കരേ മിന്നിത്തിളങ്ങാം അവസരങ്ങളുടെ ജാലകം തുറന്ന് 'എക്‌സ്‌പ്ലോറിങ് ഇന്ത്യ
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് അറിവിന്റെ അനന്തസാധ്യതകള്‍ തുറന്നിടുന്ന 'എക്‌സ്‌പ്ലോറിങ് ഇന്ത്യ' പദ്ധതിക്ക് പുതിയ രൂപവും ഭാവവും നല്‍കാനൊരുങ്ങി ന്യൂനപക്ഷ ക്ഷേമ വകുപ്പ്. 14 ജില്ലകളിലായി മുസ്‌ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന മതന്യൂനപക്ഷ വിഭാഗത്തിലെ പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ വ്യക്തിത്വ വികസന-കരിയര്‍ ഗൈഡന്‍സ് പദ്ധതിയാണ് എക്‌സ്‌പ്ലോറിങ് ഇന്ത്യ. അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ പദ്ധതി പുനഃക്രമീകരിക്കാനുള്ള തയാറെടുപ്പിലാണ് ന്യൂനപക്ഷക്ഷേമ വകുപ്പ്.
ട്യൂണിങ്, ഫ്‌ളവറിങ്, എക്‌സ്‌പ്ലോറിങ് ഇന്ത്യ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായുള്ള പരിശീലന പരിപാടികളാണ് പദ്ധതിയിലുള്ളത്. മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി 20,000 പേരില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 1,200 പേര്‍ക്കും അതില്‍ മുന്‍നിരയിലെത്തുന്ന 120 പേര്‍ക്കും തുടര്‍ പരിപാടികളുണ്ടെന്നതാണ് ഈ വര്‍ഷത്തെ പ്രത്യേകത. 10,000 വിദ്യാര്‍ഥികള്‍ പങ്കെടുത്തിരുന്ന 100 ക്യാംപുകളില്‍നിന്ന് 20,000 വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന 200 ക്യാംപുകളായി എണ്ണം ഉയര്‍ത്തിയെന്നതാണ് പ്രധാന മാറ്റം. ഇതിലൂടെ 10,000 വിദ്യാര്‍ഥികള്‍ക്കുകൂടി അധികമായി അവസരം ലഭിക്കും. മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി തലങ്ങള്‍ക്ക് വെവ്വേറെ ക്യാംപുകള്‍ സംഘടിപ്പിക്കുന്നതിലൂടെ ആവര്‍ത്തിച്ചു വരുന്ന മൊഡ്യൂളുകള്‍ ഒഴിവാക്കാനും പരസ്പര പൂരക ഘടകങ്ങള്‍ ഏകീകരിക്കാനും സാധിച്ചിട്ടുണ്ട്.
സംസ്ഥാനത്തുടനീളം 200 ഏകദിന പരിശിലന ക്യാംപുകളാണ് 'ട്യൂണിങ് ' എന്ന ഒന്നാം ഘട്ടത്തിലൂടെ നടപ്പാക്കുക. 10ാം തരത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 100ഉം പ്ലസ്ടു തലത്തില്‍ പഠിക്കുന്നവര്‍ക്ക് 100ഉം ക്യാംപുകളാണ് നടത്തിവരുന്നത്. ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട 100 വിദ്യാര്‍ഥികള്‍ക്കായിരിക്കും ഓരോ ക്യാംപിലേക്കും പ്രവേശനം. അവസാന വര്‍ഷ വാര്‍ഷിക പരീക്ഷയില്‍ ചുരുങ്ങിയത് 60 ശതമാനം മാര്‍ക്ക് നേടിയവരെയായിരിക്കും പരിഗണിക്കുക. ഹയര്‍ സെക്കന്‍ഡറി ഫലം ലഭ്യമല്ലെങ്കില്‍ എസ്.എസ്.എല്‍.സി പരീക്ഷയുടെ മാര്‍ക്കും മാനദണ്ഡമായി പരിഗണിക്കും. ബി.പി.എല്‍ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണന നല്‍കി എല്ലാ ന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്നവര്‍ക്കുമായി പ്രവേശനം ക്രമപ്പെടുത്തിയിരിക്കുന്നു. 30 ശതമാനം സീറ്റുകള്‍ പെണ്‍കുട്ടികള്‍ക്കും സംവരണം ചെയ്തിട്ടുണ്ട്.
ഹയര്‍ സെക്കന്‍ഡറിതല 'ട്യൂണിങ് ' ഏകദിന ക്യാംപുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 1,200 വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന 12 ദ്വിദിന ശില്‍പശാലകളാണ് 'ഫ്‌ളവറിങ് ' ക്യാംപ്. ഹ്യൂമാനിറ്റീസ്, കോമേഴ്‌സ്, സയന്‍സ്, മാത്‌സ് എന്നീ നാലു സ്ട്രീമുകള്‍ക്കും മൂന്നു വീതം ക്യാംപുകളുണ്ടായിരിക്കും. ഓരോ ക്യാംപിലും 100 വിദ്യാര്‍ഥികള്‍ക്കായിരിക്കും പ്രവേശനം. 'ഫ്‌ളവറിങ് ' ക്യാംപുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച 120 വിദ്യാര്‍ഥികളാണ് മൂന്നാം ഘട്ടമായ 'എക്‌സ്‌പ്ലോറിങ്ങില്‍ പങ്കെടുക്കുക. ഓരോ ബാച്ചില്‍നിന്ന് 30 പേര്‍വീതമാണ് അതതു ക്യാംപുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുക. ഇവര്‍ ടീം ക്രീം എന്നറിയപ്പെടും. ഓരോ ബാച്ചിന്റെയും പഠനമേഖലയിലെ ഇന്ത്യയിലെ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും അവിടങ്ങളിലെ വിദഗ്ധരോടും വിദ്യാര്‍ഥികളോടും സംവദിക്കുകയും ചെയ്യുന്ന അന്വേഷണ യാത്രയാണ് 'എക്‌സ്‌പ്ലോറിങ് ഇന്ത്യ'.
രാഷ്ട്രപതി, പ്രധാനമന്ത്രി, സ്പീക്കര്‍ മറ്റു പ്രമുഖരും പ്രഗത്ഭരുമായുള്ള കൂടിക്കാഴ്ച എന്നിവയാണ് പ്രോഗ്രാമിന്റെ മറ്റു പ്രത്യേകതകള്‍. നാലു പേരടങ്ങുന്ന സബ്ജക്ട് എക്‌സ്‌പെര്‍ട്ട്‌സ് ടീമും ആറു പേരടങ്ങുന്ന എക്‌സ്‌കോര്‍ട്ടിങ് ടീമും യാത്രയിലുടനീളം വിദ്യാര്‍ഥികളെ അനുഗമിക്കുമെന്നതും മറ്റൊരു പ്രത്യേകതയാണ്. തുടര്‍ന്നുള്ള കരിയറിലേക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന ഏകദിന ക്യാംപോട് കൂടിയായിരിക്കും 'എക്‌സ്‌പ്ലോറിങ് ഇന്ത്യ' സമാപിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."