വിജയക്കുതിപ്പില്‍ അസ്ത്ര മിസൈല്‍
ഭുവനേശ്വര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബിയോണ്ട് വിഷ്വല്‍ റേഞ്ച് എയര്‍ ടു എയര്‍ മിസൈലായ അസ്ത്ര വിജയകരമായി പരീക്ഷിച്ചു. സുഖോയ് യുദ്ധവിമാനത്തില്‍ നിന്നാണ് മിസൈല്‍ തൊടുത്ത് പരീക്ഷിച്ചത്. ഏതു പ്രതികൂല കാലാവസ്ഥയിലും 70 കി.മീറ്റര്‍ അകലെയുള്ള ലക്ഷ്യം തകര്‍ക്കാന്‍ കഴിയുന്നതാണ് അസ്ത്ര മിസൈല്‍.
ഒഡിഷ തീരത്തിനടുത്ത് വ്യോമസേനാ സ്റ്റേഷന് കലൈകുണ്ടയില്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ വച്ചാണ് മിസൈല്‍ പരീക്ഷിച്ചത്. ഡി.ആര്.ഡി.ഒ ആണ് മിസൈല്‍ വികസിപ്പിച്ചത്. റഡാര്‍ ഉപയോഗിച്ചും ഇലക്ട്രോ ഒപ്ടിക്കല്‍ ട്രാക്കിങ് സെന്‍സറുകള്‍ ഉപയോഗിച്ചും ആണ് മിസൈലിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ചത്.
നിലവില്‍ റഷ്യന്‍ നിര്‍മിതമായ എയര്‍ ടു എയര്‍ മിസൈലുകളാണ് ഇന്ത്യ ഉപയോഗിച്ചിരുന്നത്. 300 കി.മീറ്റര്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള മിസൈല്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഡി.ആര്.ഡി.ഒ ഇപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."