'ഇ.എം.എസിന്റെ ലോകം' ദേശീയ സെമിനാര്‍: ഇന്ത്യയില്‍ ആര്‍.എസ്.എസിന്റെ 'താലിബാനിസ'മെന്ന് മന്ത്രി കെ.ടി ജലീല്‍
തിരൂരങ്ങാടി: ചെമ്മാട് താജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന 'ഇ.എം.എസിന്റെ ലോകം' ദേശീയ സെമിനാര്‍ ശ്രദ്ധേയമായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ആയിരത്തിയഞ്ഞൂറോളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
രാജ്യത്തു മതങ്ങളുടെ വാണിജ്യവല്‍ക്കരണമാണ് നടക്കുന്നതെന്നു സെമിനാറില്‍ സംസാരിക്കവേ മന്ത്രി ഡോ. കെ.ടി ജലീല്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ ആര്‍.എസ്.എസ് താലിബാനിസം നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. അതിനുവേണ്ടി ആര്‍.എസ്.എസും ബി.ജെ.പിയും മതങ്ങളെയും വിശ്വാസങ്ങളെയും ദുരുപയോഗം ചെയ്യുകയാണെന്നും അവയെ കച്ചവടവല്‍ക്കരിക്കാനുള്ള പശ്ചാത്തലമൊരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗീയതയ്‌ക്കെതിരേ അണികളെ നിരത്തിയുള്ള പോരാട്ടം ഉയര്‍ന്നുവരേണ്ടത് അനിവാര്യമാണെന്നു എസ്. രാമചന്ദ്രന്‍പിള്ള പറഞ്ഞു. ഇടതുപക്ഷ രാഷ്ട്രീയം ശക്തിപ്പെട്ടെങ്കില്‍ മാതമേ ദുര്‍ബല വിഭാഗങ്ങള്‍ക്കു രക്ഷയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മനുഷ്യന്റെ ഏകീകരണത്തിനുള്ള ദേശീയത എന്ന പരികല്‍പന ഇന്നു മനുഷ്യരെ തമ്മില്‍ അകറ്റുകയാണെന്ന് കെ.ഇ.എന്‍ കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു.
ഗാന്ധിജിക്കെതിരേ വന്ന പ്രസ്താവനകളിലൂടെ സംഘ്പരിവാര്‍ പ്രത്യയശാസ്ത്രത്തിന്റെ കുടിപ്പകയാണ് ബോധ്യമാകുന്നത്. ഗാന്ധിക്കു മാര്‍ക്കറ്റ് മൂല്യമില്ലെന്നും കൗശലക്കാരനായ ബനിയന്‍ എന്നുമൊക്കെയുള്ള പ്രസ്താവനകള്‍ കേവലമൊരുടെ വികാരസമയത്തെ പ്രസ്താവനകളല്ല.
ഇത്തരം പ്രസ്താവനകള്‍ നവ ഫാസിസത്തിന്റെ ലഹരി ഇന്ത്യന്‍ ഭരണവര്‍ഗത്തെയും പ്രചാരകരെയും ബാധിച്ചിട്ടുള്ളതാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബ്രേക്കിങ് ന്യൂസുകള്‍ക്കു പിന്നാലെ മാത്രം ഓടുന്ന മാധ്യമങ്ങള്‍ സാമൂഹികമായ കടമകളില്‍നിന്ന് ഓടിയൊളിക്കേണ്ടവരല്ലെന്നു സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."