അറിയിപ്പ് നല്‍കിയില്ല; വാര്‍ഡ്‌സഭ പ്രതിഷേധത്തെ തുടര്‍ന്നു പിരിച്ചുവിട്ടു
ഫറോക്ക്: നഗരസഭ വൈസ്‌ചെയര്‍മാന്റെ ഡിവിഷനിലെ വാര്‍ഡ്‌സഭ വാക്ക് തര്‍ക്കത്തെ തുടര്‍ന്നു പിരിച്ചു വിട്ടു. വൈസ്‌ചെയര്‍മാന്‍ കെ. മൊയ്തീന്‍കോയയുടെ വാര്‍ഡായ നഗരസഭ 35ാം ഡിവിഷന്‍ കോതാര്‍ത്തോടിലെ വാര്‍ഡ്‌സഭയാണ് അംഗങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്നു അലങ്കോലമായത്. വാര്‍ഡ്‌സഭയുടെ വിവരം വോട്ടര്‍മാരെ മുഴുവനായും അറിയിക്കാതെയാണ് യോഗം വിളിച്ചു കൂട്ടിയതെന്നു ആരോപിച്ചു ഒരു വിഭാഗം രംഗത്തെത്തിയതോടെയാണ് യോഗം ബഹളത്തില്‍ മുങ്ങിയത്.
വാര്‍ഡിലെ മുഴുവന്‍ വീടുകളിലും അറിയിപ്പ് നല്‍കിയാണ് യോഗം ചേരേണ്ടത്. എന്നാല്‍ ഭൂരിഭാഗത്തിനും നോട്ടീസ് നല്‍കാതെയാണ് ഇന്നലെ വാര്‍ഡ്‌സഭ വിളിച്ചു കൂട്ടിയത്. യോഗം തുടങ്ങിയ ഉടനെ തന്നെ വാര്‍ഡിലെ ഒരംഗം നോട്ടീസ് കിട്ടിയില്ലെന്നു പരാതി ഉന്നയിക്കുകയായിരുന്നു. ഇത് മറ്റു അംഗങ്ങളും ഏറ്റുപിടിച്ചതോടെ പ്രതിഷേധം ശക്തമായി. വാര്‍ഡിലെ മുഴുവന്‍ പേര്‍ക്കും നോട്ടീസ് നല്‍കിയിട്ടു യോഗം ചേര്‍ന്നാല്‍ മതിയെന്ന ആവശ്യത്തില്‍ ഒരു വിഭാഗം അംഗങ്ങള്‍ ഉറച്ചു നിന്നു. ഇതു വകവെക്കാതെ യോഗ നടപടികളുമായി മുന്നോട്ട് പോകാന്‍ കൗണ്‍സിലര്‍ ശ്രമിച്ചത് വാക്കേറ്റത്തിനിടയാക്കി. ഒടുവില്‍ വാര്‍ഡ്‌സഭ പിരിച്ചുവിടുകയായിരുന്നു. യോഗം പിരിച്ചു വിട്ടതായ വിവരം മിനുട്‌സില്‍ എഴുതിച്ചേര്‍ത്ത് അതിനടിയല്‍ ഒപ്പ് വെക്കാന്‍ വാര്‍ഡ് അംഗങ്ങളെ അനുവദിക്കണമെന്നു പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കൗണ്‍സിലറും വാര്‍ഡ്‌സഭ കോഡിനേറ്ററും ഇതിനു കൂട്ടാക്കാഞ്ഞതു വീണ്ടും പ്രതിഷേധത്തിനിടയാക്കി. വാര്‍ഡ്‌സഭ തീരുമാനങ്ങള്‍ എഴുതി ചേര്‍ക്കുന്ന മിനുട്‌സിനടിയില്‍ വാര്‍ഡിലെ അംഗങ്ങള്‍ ഒപ്പു വെക്കണമെന്നു ആവശ്യപ്പെട്ടാല്‍ ഇതിനനുവദിക്കണമെന്നു നിയമമുണ്ടെന്നു കാണിച്ചായിരുന്ന പ്രതിഷേധം. ഇത്തരമൊരു കീഴ്‌വഴക്കമില്ലെന്നു പറഞ്ഞാണ് കൗണ്‍സിലര്‍ ഈ ആവശ്യം നിരാകരിച്ചത്. മണിക്കൂറുകള്‍ നീണ്ട ബഹളത്തിനും പ്രതിഷേധത്തിനുമൊടുവില്‍ നഗരസഭ സൂപ്രണ്ടിനെ വിളിച്ചു വിഷയത്തില്‍ വ്യക്തത വരുത്തയിതിനു ശേഷം അംഗങ്ങളില്‍ ചിലര്‍ക്ക് ഒപ്പ് വെക്കാന്‍ അവസരം നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. വാര്‍ഡ്‌സഭയുടെ നോട്ടീസ് മുഴുവന്‍ അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യാനും മറ്റൊരു അവധി ദിനത്തില്‍ വിണ്ടും യോഗം വിളിച്ചു കൂട്ടാനുമാണ് തീരുമാനം. കോണ്‍ഗ്രസ്സ് ടിക്കറ്റിലാണ് കെ.മൊയ്തീന്‍കോയ വാര്‍ഡില്‍ നിന്നും വിജയിച്ചത്. എന്നാല്‍ കൂറുമാറി എല്‍.ഡി.എഫിനൊപ്പം ചേര്‍ന്നാണ് നഗരസഭയുടെ വൈസ്‌ചെയര്‍മാന്‍ സ്ഥാനത്തെത്തിയത്. ഇതിലുളള രാഷ്ട്രീയമായ പ്രതിഷേധം വാര്‍ഡില്‍ കത്തിനില്‍ക്കുന്നതിനിടെയാണ് വാര്‍ഡ്‌സഭ ചേരാനാകാതെ പിരിച്ചുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."