കുട്ടിക്കടത്ത്: പൊലിസ് നടപടി ന്യായീകരിച്ച് ചെന്നിത്തല
നടപടിയെടുത്തത് സാമൂഹ്യനീതി വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ അനാഥാലയങ്ങളിലേക്ക് സൗജന്യവിദ്യാഭ്യാസം തേടി മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെത്തിയത് 'കുട്ടിക്കടത്താക്കി ' ചിത്രീകരിച്ച് കോളിളക്കം സൃഷ്ടിച്ച സംഭവത്തില്‍ അന്നത്തെ പൊലിസ് നടപടികളെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി പറയുന്നത് പോലെ മാത്രമേ പൊലിസിന് പ്രവര്‍ത്തിക്കാനാകൂവെന്നും പൊലിസ് നടപടികളില്‍ ജാഗ്രതക്കുറവുണ്ടായിട്ടില്ലെന്നും അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന ചെന്നിത്തല തിരുവനന്തപുരത്ത് മീറ്റ് ദ പ്രസ് പരിപാടിയില്‍ പറഞ്ഞു. കേരളത്തിലേക്ക് സൗജന്യ വിദ്യാഭ്യാസത്തിനായെത്തിയ കുട്ടികളെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തതെന്നും സംഭവം കുട്ടിക്കടത്തല്ലെന്നും ചൂണ്ടിക്കാട്ടി ബിഹാര്‍ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.
ആഭ്യന്തരവകുപ്പിന് ഈ വിഷയത്തില്‍ പരിമിതമായ റോളാണ് ഉണ്ടായിരുന്നത്. മറ്റു നടപടികളെല്ലാം സാമൂഹിക നീതി വകുപ്പാണ് സ്വീകരിച്ചത്. അന്ന് സാമൂഹികനീതി വകുപ്പ് നല്‍കിയ വ്യക്തമായ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അവരെ കുറ്റവിമുക്തരാക്കിയതെന്നും ചെന്നിത്തല പറഞ്ഞു.
2014 മെയ് 24,25 തിയതികളിലാണ് പാലക്കാട് റെയില്‍വേ സ്റ്റേഷനിലെത്തിയ കുട്ടികളെ കുട്ടിക്കടത്ത് ആരോപിച്ച് പൊലിസ് കസ്റ്റഡിയില്‍ എടുത്തത്. ഡി.ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ യതീംഖാനകള്‍ കേന്ദ്രീകരിച്ച് വ്യാപകമായ റൈഡുകളും നടത്തിയിയിരുന്നു. ഇവകളെല്ലാം സാമൂഹിക നീതി വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരമായിരുന്നുവെന്നാണ് ചെന്നിത്തലയുടെ വിശദീകരണം. ബീഹാര്‍,ജാര്‍ഖണ്ഡ്, പശ്ചിമബാംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്നായിരുന്നു കുട്ടികളെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."