ഫോട്ടോ പ്രേമികളെ വിസ്മയിപ്പിച്ച അജ്മലിനെ അമ്പരപ്പിച്ച് ഗൂഗിള്‍
മുക്കം: തന്റെ ആന്‍ഡ്രോയിഡ് ഫോണില്‍ എടുത്ത ഫോട്ടോകളെ കൊണ്ട് മറ്റുള്ളവരെ വിസ്മയിപ്പിച്ച അജ്മലിനെ അമ്പരിപ്പിച്ച് ഗൂഗിള്‍. കൊടിയത്തൂര്‍ സ്വദേശി അജ്മലിന്റെ ദൃശ്യ മികവിനെ തേടിയെത്തിയത് ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന്റെ അംഗീകാരം.
മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ അജ്മല്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല ഗൂഗിള്‍ തന്നെ ഇത്രയധികം അതിശയിപ്പിക്കുമെന്ന്. പ്രകൃതിയും പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഏറെ താല്‍പര്യമുള്ള അജ്മല്‍ ആദ്യം ഉപയോഗിച്ച ഗൂഗിളിന്റെ പിക്‌സല്‍ ഫോണിലും പിന്നീട് ഉപയോഗിച്ച വണ്‍പ്ലസ് മൊബൈല്‍ ഫോണിലും ഫോട്ടോകള്‍ എടുത്ത് ഗൂഗിള്‍ പിക്‌സല്‍ ഹാഷ്ടാഗില്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രദര്‍ശിപ്പിക്കുന്നത് പതിവായിരുന്നു. ഫോട്ടോകള്‍ ഇഷ്ടപ്പെട്ട ഗൂഗിള്‍ അധികൃതര്‍ അജ്മലിനെ വിളിച്ച് ഒറിജിനല്‍ ഫോട്ടോകള്‍ അയക്കാന്‍ ആവശ്യപ്പെട്ടു.
ഫോട്ടോ കിട്ടിയതോടെ അജ്മലിന്റെ അഡ്രസ് വാങ്ങിയ ഗൂഗിള്‍ അജ്മലിന് ഒരു സര്‍പ്രൈസ് സമ്മാനം തരുന്നുണ്ടെന്നും അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഈ സര്‍പ്രൈസ് അജ്മലിനെ തേടിയെത്തിയത്. ഗിഫ്റ്റ്പാക്ക് ലഭിച്ച അജ്മല്‍ ഏറെ സന്തോഷത്തിലായിരുന്നു. 83,000 രൂപ വിലയുള്ള അടുത്ത ആഴ്ച പുറത്തിറങ്ങാനിരിക്കുന്ന ഗൂഗിള്‍ പിക്‌സല്‍ 3 എക്‌സ് എല്‍ സ്മാര്‍ട്ട് ഫോണാണ് സമ്മാനമായി ലഭിച്ചത്. ഗൂഗിള്‍ തന്റെ ഫോട്ടോകളെ അംഗീകരിച്ചതിന്റെ ത്രില്ലിലാണ് ഈ യുവാവ്. പ്രൊഫഷണലായി ഫോട്ടോഗ്രഫി പഠിച്ചിട്ടില്ലെങ്കിലും ഒരു പ്രൊഫഷനലിനെ വെല്ലുന്ന രീതിയിലാണ് അജ്മല്‍ ഫോട്ടോകള്‍ എടുക്കുന്നത്.
യാത്രചെയ്യാനും പ്രകൃതി സൗന്ദര്യം കാമറകളില്‍ ഒപ്പിയെടുക്കാനും അതീവ തല്‍പരനാണ് ഈ സൗത്ത് കൊടിയത്തൂര്‍ സ്വദേശി. കുറ്റിക്കാട്ടൂര്‍ എ.ഡബ്ല്യു.എച്ച് കോളജില്‍ നിന്ന് മെക്കാനിക്കല്‍ ബിരുദം നേടിയ അജ്മല്‍ ഇപ്പോള്‍ ചെന്നൈ ടി.വി.എസ് കമ്പനിയില്‍ ട്രെയിനിയാണ്. കാരാട്ട് മുഹമ്മദ്- സുബൈദ ദമ്പതികളുടെ മകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."