'ഇ.എം.എസിന്റെ ലോകം' ദേശീയ സെമിനാര്‍: 'കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തുന്നു'
തിരൂരങ്ങാടി: സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെമ്മാട് താജ് കണ്‍വന്‍ഷന്‍ സെന്ററില്‍ 'ഇ.എം.എസിന്റെ ലോകം' ദേശീയ ദ്വിദിന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
സംതൃപ്തമായ സംസ്ഥാനങ്ങളാണ് രാജ്യത്തിനാവശ്യം. അതിലൂടെ മാത്രമെ കേന്ദ്രത്തിന്റെ ശക്തി വര്‍ധിക്കുകയുളളൂ. എന്നാല്‍ സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിക്കാനുള്ള ഒരു വേദി പോലും ഇല്ലാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഫാസിസ്റ്റ് നടപടികളാണ് രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നത്. അഭിപ്രായം പറയുന്നവന്റെ നേരെ പ്രതികാരനടപടികള്‍ സ്വീകരിക്കുന്ന നില വന്നിരിക്കുകയാണെന്നും ഇ.എം.എസിന്റെ ദര്‍ശനങ്ങള്‍ക്ക് പ്രസക്തിവര്‍ധിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ വി അബ്ദുറഹ്മാന്‍ എം.എല്‍.എ അധ്യക്ഷനായി. നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, എസ് രാമചന്ദ്രന്‍പിള്ള, മന്ത്രി ഡോ. കെ.ടി ജലീല്‍, കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, എം.എം നാരയണന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. ചടങ്ങില്‍ പാലോളി മുഹമ്മദ് കുട്ടി, ഇ.എന്‍ മോഹന്‍ദാസ്, എം. കൃഷ്ണന്‍ മാസ്റ്റര്‍, പി അശോകന്‍, സി. പരമേശ്വരന്‍,പി. നന്ദകുമാര്‍,സി.ഇബ്രാഹിംകുട്ടി, പി. പ്രിന്‍സ്‌കുമാര്‍ സംസാരിച്ചു. ഇന്ന് സമാപന ചടങ്ങില്‍ പ്രകാശ് കാരാട്ട് പ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."