അരൂക്കുറ്റി ഗവ. ആശുപത്രി വളപ്പിലെ നെട്ടൂര്‍പ്പെട്ടി കെട്ടിടം നശിക്കുന്നു
അഷ്‌റഫ് പൂച്ചാക്കല്‍
പൂച്ചാക്കല്‍: അരൂക്കുറ്റി ഗവ. ആശുപത്രി വളപ്പിലെ നെട്ടൂര്‍പ്പെട്ടിക്കെട്ടിടങ്ങള്‍ സംരക്ഷണമില്ലാതെ നശിക്കുന്നു. വടക്കേ മലബാറില്‍ നെട്ടൂര്‍ പ്രദേശത്ത് രൂപം കൊണ്ട, സവിശേഷതകള്‍ ഏറെയുള്ള ആഭരണപ്പെട്ടിയാണ് 'നെട്ടൂര്‍പ്പെട്ടി'. ഇത് പിന്നീട് സുരക്ഷിതമായ കെട്ടിടങ്ങള്‍ക്ക് മാതൃകയായി. കൊച്ചി, തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ അപൂര്‍വം ചില സ്ഥലങ്ങളില്‍ ഈ മാതൃകയില്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.
അരൂക്കുറ്റി ഗവ. ആശുപത്രി വളപ്പില്‍ നെട്ടൂര്‍പ്പെട്ടി മാതൃകയില്‍ മൂന്ന് കെട്ടിടങ്ങളാണ് സ്ഥാപിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇതില്‍ ഒരെണ്ണം മാത്രമാണ് അവശേഷിക്കുന്നത്. ആദ്യകാലങ്ങളില്‍ മനോഹരമായ ഈ കെട്ടിടത്തിലാണ് കിടത്തി ചികിത്സയും പ്രസവ വാര്‍ഡുമുണ്ടായിരുന്നത്.
പുതിയ കെട്ടിടങ്ങള്‍ വന്നതോടെ പുരാതന കെട്ടിടങ്ങള്‍ അവഗണനയിലായി. നിലവിലുള്ള അഞ്ചാം നമ്പര്‍ കെട്ടിടമായ നെട്ടൂര്‍പ്പെട്ടി കെട്ടിടം ഉപയോഗമില്ലാത്തതിനെ തുടര്‍ന്ന് നശിക്കുകയാണ്. കാടുകയറിയ ഈ പൈതൃക സ്മാരകം ഏതുസമയത്തും നിലംപതിച്ചേക്കാവുന്ന അവസ്ഥയിലാണ്. അറ്റകുറ്റപ്പണികള്‍ നടത്തി ഇത് സംരക്ഷിക്കണമെന്ന് ചരിത്രാന്വേഷകര്‍ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല. തേക്ക് തടികൊണ്ട് നിര്‍മ്മിച്ച കെട്ടിടം മഴവെള്ളം വീണ് ദ്രവിച്ചിരിക്കുകയാണ്. കിരീടത്തിന്റെ മാതൃകയിലാണ് നെട്ടൂര്‍പ്പെട്ടി കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള അരൂക്കുറ്റി ഗവ. ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് നെട്ടൂര്‍പ്പെട്ടി കെട്ടിടം ഏറെ കൗതുകമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."