എക്‌സൈസ് വകുപ്പ് ആധുനികവല്‍ക്കരണത്തിന്റെ പാതയിലെന്ന് കമ്മിഷണര്‍ ഋഷിരാജ് സിങ്
തൃശൂര്‍: ചരക്കു സേവന നികുതി നടപ്പാക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാറിന് ഏറ്റവും അധികം വരുമാനം ലഭിക്കുന്ന വകുപ്പായി എക്‌സൈസ് വകുപ്പ് മാറുമെന്നും അതിനനുസരിച്ച് ഉത്തരവാദിത്തങ്ങള്‍ ഏറുമെന്നും എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങ് പറഞ്ഞു. അടിസ്ഥാന പരിശീലനം പൂര്‍ത്തിയാക്കിയ എക്‌സൈസ് ഓഫീസര്‍മാരുടെ ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമവര്‍മ്മപുരം കേരള പൊലിസ് അക്കാദമിയിലായിരുന്നു പാസിംഗ് ഔട്ട് പരേഡ്. നടപ്പ് വര്‍ഷം 2600 കോടി രൂപയുടെ വരുമാനം കണ്ടെത്താനാണ് എക്‌സൈസ് വകുപ്പിന് ആസൂത്രണ കമ്മീഷന്‍ നല്‍കിയ നിര്‍ദ്ദേശമെന്നും ഇത് പാലിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഋഷിരാജ് സിങ്ങ് പറഞ്ഞു. വ്യാജ വാറ്റ്, വ്യാജ ചാരായം എന്നിവ കേരളത്തില്‍ നിക്ഷേപം ഇല്ലാതാക്കും. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കും.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലഹരി ഉപയോഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ 143215 റെയ്ഡുകളാണ് എക്‌സൈസ് വകുപ്പ് സംസ്ഥാനമാകെ നടത്തിയത്. 26489 അബ്കാരി കേസുകളെടുത്തു. 23588 പേരെ അറസ്റ്റ് ചെയ്തു. ഈ വര്‍ഷം ഇതു വരെ 4299 ലഹരിമരുന്ന് വിരുദ്ധ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച 4 ഇരിട്ടിയോളം അധികമാണിത്. 4608 പേരെ ജയിലിലടച്ചു. ആയിരം കിലോ ഗ്രാം കഞ്ചാവും 350 ടണ്‍ പുകയില ഉല്‍പ്പനങ്ങളുമാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ എക്‌സൈസ് വകുപ്പ് പിടികൂടിയത്. ഋഷിരാജ് സിങ്ങ് പറഞ്ഞു. വകുപ്പിന് കീഴിലെ 43 ചെക്ക് പോസ്റ്റുകള്‍ ആധുനികവല്‍ക്കരിക്കും ഓഫീസ് കമ്പ്യൂട്ടര്‍വല്‍ക്കരണ നടപടികള്‍ പുരോഗമിക്കുന്നു. 8 ജില്ലാ കാര്യാലയങ്ങള്‍ക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.
ഇതില്‍ വയനാട്, തൃശൂര്‍, പാലക്കാട്, തിരുവനന്തപുരം കാര്യാലയ കെട്ടിടങ്ങളുടെ തറക്കല്ലിടല്‍ ഉടന്‍ നടത്തും. അനുമതി ലഭിച്ച 12 താലൂക്ക് കാര്യാലയങ്ങളില്‍ 6 ഇടത്തെ നിര്‍മ്മാണ പ്രവര്‍ത്തികളും ഈ വര്‍ഷം തുടങ്ങും വകുപ്പിന് പുതിയ വയര്‍ലെസ് സംവിധാനം ഒരുക്കുന്നതായും എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് അറിയിച്ചു. 1331 സിവില്‍ എക്‌സൈസ് ഓഫീസര്‍മാരാണ് പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. ഇവരില്‍ 84 ബിരുദധാരികളും, 27 ബിരുദാന്തരബിരുദം ഉളളവരും, 9 പേര്‍ ബി.ടെക്കും, 2 പേര്‍ ബി.എഡും, ഒരാള്‍ എല്‍.എല്‍.ബി യും, 4 പേര്‍ എം.ബി.എ യും, 3 പേര്‍ എം.സി.എയും, ഒരാള്‍ എം.എ.ബി.എഡും., ഒരാള്‍ എം.എ ക്രിമിനോളജിയും, 4 പേര്‍ ഡിപ്ലോമയും, 2 പേര്‍ ഐ.ടി.ഐ യും, 16 പേര്‍ പ്ലസ് ടു യോഗ്യത ഉളളവരുമാണ്. പരിശീലനത്തിന്റെ ഭാഗമായി വെപ്പണ്‍ ക്ലാസ്, കാരട്ടേ, യോഗ, സ്വിമ്മിംഗ്, ഡ്രൈവിംഗ്, കമ്പ്യൂട്ടര്‍, ഫയര്‍ ഫൈറ്റിംഗ് എന്നിവയിലും ഓഫീസര്‍മാര്‍ പ്രാവീണ്യം നേടി. അക്കാദമി ഡയറക്ടര്‍ അനൂപ് കുരുവിള, ജനപ്രതിനിധികള്‍, മുതിര്‍ന്ന പൊലിസ്-എക്‌സൈസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."