ലൈസന്‍സ് നല്‍കാത്തതിനാലാണ് കൊക്കക്കോള അടച്ചതെന്ന് എം.എല്‍.എ
പാലക്കാട്: പെരുമാട്ടി പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനി അടച്ചു പൂട്ടിയത് ഗ്രാമപഞ്ചായത്ത് ശക്തമായ നിലപാട് സ്വീകരിച്ചതിനാലാണെന്ന് കെ. കൃഷ്ണന്‍കുട്ടി എം. എല്‍.എ പറഞ്ഞു. പഞ്ചായത്ത് ലൈസന്‍സ് നിക്ഷേധിച്ചതിനാലാണ് കമ്പനിക്കു അടച്ചു പൂട്ടേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്ലാച്ചിമടയില്‍ ഇന്നലെ ജില്ലാ കലക്ടര്‍ നടത്തിയ പ്ലാച്ചിമട അദാലത്തില്‍ സംസാരിക്കുകയായിരുന്നു. കഴിഞ്ഞ 16 വര്‍ഷത്തോളമായി പ്ലാച്ചിമടയില്‍ കുടില്‍കെട്ടി സമരം നടത്തി വരുന്ന അഹിംസ സമരം കൊണ്ടല്ലെന്ന് അദ്ദേഹം പറയാതെ പറയുകയും ചെയ്തു. ഇത് സമരക്കാരെ ചൊടിപ്പിച്ചിട്ടുണ്ട്.
ഇപ്പോഴും കോളകമ്പനിക്കു മുന്നില്‍ സമരം തുടരുകയാണ്. കഴിഞ്ഞ ഒരു മാസമായി ജില്ലാ കലക്ടറേറ്റിന് മുന്നിലും സമരം തുടരുകയാണ്. കമ്പനിയുടെ തുടക്കം മുതല്‍ ആദിവാസികളുള്‍പ്പെടെയുള്ള പ്ലാച്ചിമടക്കാര്‍ കമ്പനിക്കെതിരേ 2002 മുതല്‍ സമരത്തിലാണ്. പഞ്ചായത്ത് കണ്ടീഷന്‍ ലൈസന്‍സാണ് നല്‍കിയിട്ടുള്ളത്. പഞ്ചായത്തു നല്‍കിയ നിബന്ധനകള്‍ പാലിച്ച് കമ്പനിക്ക് പ്രവര്‍ത്തനം നടത്താന്‍ കഴിയുമായിരുന്നു. എന്നാല്‍ കുടില്‍ കെട്ടിയുള്ള സമരം കൊണ്ട് മാത്രമാണ് കമ്പനി അടച്ചു പൂട്ടിയതെന്ന് കോള വിരുദ്ധ സമര സമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍ സുപ്രഭാതത്തോട് പറഞ്ഞു. സമരം ശക്തമായതിനാലാണ് കലക്ടര്‍ മുന്‍കൈയെടുത്ത് പ്ലാച്ചിമടയില്‍ അദാലത്ത് നടത്താന്‍ തയ്യാറായത്. അല്ലാതെ പഞ്ചായത്ത് നിര്‍ദേശിച്ചത് കൊണ്ടല്ല. കലക്ടറേറ്റിന് മുന്നില്‍ നടത്തുന്ന സമരം ശക്തമാക്കിയതോടെ മുഖ്യമന്ത്രിയും ചര്‍ച്ചക്ക് സമരക്കാരെ വിളിച്ചിട്ടുണ്ടെന്നും വിളയോടി പറഞ്ഞു. പ്ലാച്ചിമടയില്‍ സമരം ആരംഭിച്ചു രണ്ടു മാസം കഴിഞ്ഞാണ് പെരുമാട്ടി പഞ്ചായത്തു ഭരിച്ചിരുന്ന ജനതാദള്‍ ഉള്‍പ്പെടെയുള്ളവര്‍ സമരത്തെ കാണാന്‍ തയ്യാറായത്. സമരം ശക്തന്മായത് കൊണ്ട് മാത്രമാണ് പഞ്ചായത്ത് നിബന്ധനകള്‍ വച്ച് കമ്പനിക്ക് ലൈസന്‍സ് നല്‍കാന്‍ തയ്യാറായത്.
ഇന്നലെ നടന്ന അദാലത്തില്‍ 219 പരാതികള്‍ ലഭിച്ചു. 216.7 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്ലാച്ചിമട ട്രിബ്യുണല്‍ ബില്‍ നടപ്പിലാക്കണമെന്നും സമരസമിതിക്കാര്‍ നല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച്ച മുഖ്യമന്ത്രി സമരക്കാരുമായി ചര്‍ച്ചക്ക് തയാറായിട്ടുണ്ട്.
സമരസമിതിയില്‍നിന്ന് രണ്ടു പേരെചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്. അദാലത്തില്‍നിന്ന് ലഭിച്ച പരാതികള്‍ ക്രോഡീകരിച്ച് മുഖ്യമന്ത്രിക്ക് നല്‍കാനാണ് കലക്ടറുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."