ഗസ്സ മുനമ്പിലേക്കുള്ള വൈദ്യുതി വിതരണം ഇസ്രാഈല്‍ വെട്ടിച്ചുരുക്കി
ജറൂസലം: ഗസ്സ മുനമ്പിലേക്കുള്ള വൈദ്യുതി വിതരണം ഇസ്രാഈല്‍ നാലുമണിക്കൂറാക്കി വെട്ടിച്ചുരുക്കി. 20ലക്ഷത്തോളം ജനങ്ങളാണ് ഇവിടെ താമസിക്കുന്നത്.
വെസ്റ്റ് ബാങ്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ശിപാര്‍ശ പ്രകാരമാണ് നടപടിയെന്നാണ് ഇസ്രാഈല്‍ വിശദീകരണം. ഇസ്രാഈലില്‍ നിന്ന് വാങ്ങുന്ന വൈദ്യുതിയുടെ 70 ശതമാനത്തിന് മാത്രമേ പണം നല്‍കുകയുള്ളു എന്ന് അബ്ബാസ് നേരത്തെ ഇസ്രാഈലിനെ അറിയിച്ചിരുന്നു. ഹമാസിനെതിരെ ജനവികാരം ഇളക്കി വിടുകയാണ് അല്‍ഫതഹ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നാണ് വിലയിരുത്തല്‍.
മാസങ്ങളായി എണ്ണ പ്രകൃതി വാതക പ്രതിസന്ധിയിലാണ് ഗസ്സയും ഇസ്രാഈല്‍ കയ്യേറിയ വെസ്റ്റ് ബാങ്കിലും. ഇതിനു പിന്നാലെയുള്ള തീരുമാനം മേഖലയിലുള്ളവരെ പ്രതിസന്ധിയിലാക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
ഗസ്സയില്‍ ആവശ്യമായ വൈദ്യുതിയുടെ 30 ശതമാനം ഇസ്രാഈലാണ് നല്‍കുന്നത്. ഗസ്സയിലെ ഏക വൈദ്യുതി ഉത്പാദന കേന്ദ്രം ഇന്ധനക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് അടച്ചു പൂട്ടിയിരുന്നു. ഡിസലിനുണ്ടായിരുന്ന സബ്‌സിഡി ഫലസ്തീന്‍ അതേറിറ്റി റദ്ദാക്കിയതാണ് ഇന്ധനക്ഷാമത്തിന് കാരണം. വൈദ്യുതി പ്രതിസന്ധി ആരോഗ്യമേഖലയെ അടക്കം ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ ഗസ്സയില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുപ്പതു ശതമാനം വെട്ടിക്കുറച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."