പൊലിസ് വാഹനത്തെ ഇടിച്ചിട്ട് മണല്‍ ലോറി കടന്നു: കേസില്‍ നിന്ന് ഊരാന്‍ ചോദിച്ചത് 50,000രൂപ, കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെ പൊല്ലാപ്പിലായി പൊലിസ്, രണ്ടു പേര്‍ക്ക് സസ്‌പെന്‍ഷന്‍
മലപ്പുറം: മമ്പാട് ടാണയില്‍ പുലര്‍ച്ചെ പൊലിസ് വാഹനത്തെ ഇടിച്ചിട്ട് മണല്‍ ലോറി കടന്നു. കേസില്‍ നിന്ന് ഊരാന്‍ പിന്നീട് പൊലിസ് ആവശ്യപ്പെട്ടത് 50,000രൂപ, 40000 തരാമെന്ന് മണല്‍ കടത്തു സംഘം. പോരെന്ന് പൊലിസുകാര്‍. ഒടുവില്‍ അന്‍പതിനായിരത്തിന് കരാറുറപ്പിച്ചു. കരാര്‍ പ്രകാരം പണം നല്കുന്നതിന്റെ വീഡിയോയും മണല്‍ മാഫിയ പിടിച്ചെടുത്ത് പുറത്തുവിട്ടു. പൊലിസുകാര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി.
കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെ പൊല്ലാപ്പിലായത് പൊലിസ്, രണ്ടു പേര്‍ക്ക് സസ്‌പെന്‍ഷന്‍. കൂടുതല്‍ അന്വേഷണത്തിനും മലപ്പുറം എസ്.പി ഉത്തരവിട്ടിട്ടുണ്ട്.
നിലമ്പൂര്‍ എ.ആര്‍ ക്യാമ്പിലെ മനുപ്രസാദ്, ഹാരിസ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മണല്‍ കടത്ത് അന്വേഷിക്കാന്‍ നിയോഗിച്ച സ്‌ക്വാഡിലെ അംഗങ്ങളായിരുന്നു ഇവര്‍.
പൊലിസ് വാഹനത്തെ ഇടിച്ചിട്ട മണല്‍ ലോറി ഉടമയില്‍ നിന്ന് പൊലിസ് അരലക്ഷം രൂപ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. പൊലിസ് വാഹനത്തെ ഇടിച്ചിട്ടതിന് കേസുമെടുത്തിട്ടില്ല. സംഭവത്തില്‍ രണ്ടു പൊലിസുകാരെ സസ്‌പെന്‍ഡ് ചെയ്തു. മലപ്പുറം എസ്.പിയുടെ സ്‌ക്വാഡിലെ രണ്ടു പൊലിസുകാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ഇന്നലെ പുലര്‍ച്ചെ മലപ്പുറം എസ്.പി നിയോഗിച്ച നാലംഗ സ്‌ക്വാഡാണ് ബൈക്കില്‍ പരിശോധനക്കായി പോയത്. പൊലിസ് കൈകാണിച്ചെങ്കിലും മണല്‍ ലോറി പൊലിസിന്റെ വാഹനം ഇടിച്ചിട്ട് നിര്‍ത്താതെ പോയി. പിന്നീട് ഇവര്‍ പൊലിസുകാരെ ബന്ധപ്പെട്ട് പ്രശ്‌നം ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചു. 50,000 രൂപയാണ് സംഘം ആവശ്യപ്പെട്ടത്. പൊലിസിന് പണം കൈമാറുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവത്തില്‍ നടപടിയെടുക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരായത്. സ്വകാര്യ ചാനലാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
മണല്‍ കടത്ത് സ്‌ക്വാഡിലെ അംഗങ്ങളെയെല്ലാം തിരിച്ചുവിളിച്ചതായും പുതിയ ടീമിനെ നിയോഗിച്ചതായും എസ്പി അറിയിച്ചു. സംഭവത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് തൃശൂര്‍ റേഞ്ച് ഐജിയും വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."