പി.വി സിന്ധുവിന് അവാര്‍ഡ്
തിരുവനന്തപുരം: ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് വനിതാ സിംഗിള്‍സ് കിരീട ജേത്രി പി.വി സിന്ധുവിന് കേരള ഒളിംപിക് അസോസിയേഷന് 10 ലക്ഷം രൂപ കാശ് അവാര്‍ഡ് നല്‍കും. ഒക്ടോബര്‍ ഒന്‍പതിന് തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉച്ചക്ക് 3.30ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് അവാര്‍ഡ് സമ്മാനിക്കുമെന്ന് കേരള ഒളിംപിക് അസോസിയേഷന് ഓണററി സെക്രട്ടറി എസ്. രാജീവ്, പ്രസിഡന്റ് വി. സുനില്‍കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ചടങ്ങില്‍ മന്ത്രിമാരായ ഇ.പി ജയരാജന്, ടി.എം തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്, മേയര്‍ വി.കെ പ്രശാന്ത് എന്നിവര്‍ പങ്കെടുക്കും. സിന്ധുവിന് കായികതാരങ്ങളും കായിക സംഘാടകരും ചേര്‍ന്ന് വിമാനത്താവളത്തില്‍ പ്രൗഢഗംഭീരമായ സ്വീകരണം നല്‍കും.
കേരള ഒളിംപിക് അസോസിയേഷന്റെ ഓണ്‍ലൈന്‍ സ്പോര്‍ട്സ് ചാനലിന്റെയും വൈബ്സൈറ്റിന്റെയും ഉദ്ഘാടനം ചടങ്ങില്‍ നടക്കും. കേരള ഒളിംപിക് അസോസിയേഷന്റെയും അസോസിയേഷന് അംഗങ്ങളായിട്ടുള്ള കായിക സംഘടനകളുടെയും വിവിധ പരിപാടികള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും ചാനല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."