ജല അതോറിറ്റിയുടെ പദ്ധതികള്‍ക്ക് കിഫ്ബിയുടെ അംഗീകാരം; 4,351.553 കോടിയുടെ 69 പദ്ധതികള്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ജല അതോറിറ്റിയുടെ 4,351.553 കോടിയുടെ പദ്ധതികള്‍ക്ക് കിഫ്ബിയുടെ അംഗീകാരം. മൊത്തം 69 പദ്ധതികളാണ് കിഫ്ബിയിലൂടെ ജലഅതോറിറ്റി നടപ്പിലാക്കുന്നത്. ഇതില്‍ 33 പദ്ധതികള്‍ 50 കോടിയിലധികം രൂപയുടെ മുടക്കുമുതലുള്ള പദ്ധതികളാണ്. ഇവയ്ക്ക് മാത്രം 3,373.80 കോടി വേണ്ടിവരും. ശുദ്ധജലക്ഷാമം അനുഭവിക്കുന്ന ആലപ്പുഴ, മലപ്പുറം ജില്ലകളിലാണ് കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുന്നത്. ആലപ്പുഴയില്‍ എല്ലാ വീട്ടിലും കുടിവെള്ളമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ മൂന്നു പ്രധാന പദ്ധതികള്‍ നടപ്പിലാക്കും. ഇതിന് 700.379 കോടിയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. കുട്ടനാട് ഡ്രിങ്കിങ് വാട്ടര്‍ പ്രൊജക്ടിന്റെ രണ്ടാം ഘട്ടത്തിനായി 289.54 കോടിയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ കുടിവെള്ള വിതരണത്തിന് ബാക്കിയുള്ള ജോലികള്‍ പൂര്‍ത്തിയാക്കാന്‍ 211.709 കോടിയുടെയും ആല, പുലിയൂര്‍, ബുധന്നൂര്‍, പാണ്ടനാട്, മുളക്കുഴ, വെണ്‍മണി പഞ്ചായത്തുകള്‍ക്കും ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി പ്രദേശങ്ങള്‍ക്കുമായി 199.13 കോടിയുടെയും പദ്ധതി തയാറാക്കിയിട്ടുണ്ട്.
മലപ്പുറം ജില്ലയില്‍ ആറു പദ്ധതികളിലായി 520.368 കോടിയാണ് അനുവദിച്ചത്. പൊന്നാനി, താനൂര്‍, വളാഞ്ചേരി, എടവായൂര്‍, രാമഞ്ചാടി, മഞ്ചേരി, കൊണ്ടോട്ടി എന്നിവിടങ്ങളിലെ ശുദ്ധജലക്ഷാമത്തിന് പരിഹാരം കാണുന്നവയാണ് ഈ പദ്ധതികള്‍. കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലെ ജലവിതരണ സംവിധാനം മെച്ചപ്പെടുത്തുന്നതിന് 108.698 കോടിയാണ് നീക്കിവച്ചിട്ടുള്ളത്.
തിരുവനന്തപുരം ജില്ലയില്‍ നാലു പദ്ധതികള്‍ നടപ്പിലാക്കും. 455.822 കോടിയാണ് ചെലവ്. കൊല്ലത്ത് 355.13 കോടി മൂന്ന് പദ്ധതികളിലായി ചെലവഴിക്കും. പത്തനംതിട്ടയില്‍ രണ്ടു പദ്ധതികളാണ് കിഫ്ബിയില്‍ അംഗീകാരം കിട്ടിയത്. 110.7 കോടിയാണ് രണ്ടു പദ്ധതികള്‍ക്കും കൂടി ചെലവ് വരുന്നത്. കോട്ടയം, ഏറ്റുമാനൂര്‍, കരിമ്പുക്കയം പദ്ധതികള്‍ക്കായി 211.865 കോടി കോട്ടയം ജില്ലയില്‍ ചെലവഴിക്കും. എറണാകുളത്ത് അങ്കമാലി കുടിവെള്ള വിതരണ പദ്ധതിയുടെ വിപുലീകരണത്തിനുള്ള പദ്ധതിക്കായി 115.93 കോടി അനുവദിച്ചിട്ടുണ്ട്. തൃശൂര്‍ നഗരത്തിലും സമീപ പഞ്ചായത്തുകളിലുമുള്ള ശുദ്ധജലവിതരണം കാര്യക്ഷമമാക്കുന്ന തൃശൂര്‍ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് 185 കോടിയാണുള്ളത്. ഇത് അടക്കം മൂന്നു പദ്ധതികളാണ് തൃശൂരില്‍ നടപ്പാക്കുന്നത്. ആകെ ചെലവ് 313.57 കോടി.
69.54 കോടിയുടെ വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര ശുദ്ധജലവിതരണ പദ്ധതിയും 64.14 കോടിയുടെ മലമ്പുഴയിലെ വിവിധ പഞ്ചായത്തുകള്‍ക്കായുള്ള കുടിവെള്ള വിതരണ പദ്ധതിയുമാണ് കിഫ്ബിയിലൂടെ പാലക്കാട്ട് നടപ്പിലാക്കുന്നത്. ആകെ 133.68 കോടി. കോഴിക്കോട് കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള 85 കോടിയുടെ പദ്ധതിക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. കണ്ണൂരില്‍ 295.36 കോടിരൂപ നാലു പദ്ധതികളിലായി ചെലവഴിക്കും. ഇരിട്ടി, തലശേരി, കൂത്തുപറമ്പ്, പേരാവൂര്‍, മുഴക്കുന്ന്, പയ്യം, അയ്യന്‍കുന്ന്, കുഞ്ഞിമംഗലം, ചെറുതാഴം, ഏഴിമല പ്രദേശവാസികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതാണ് ഈ പദ്ധതികള്‍. കാസര്‍കോട് മുനിസിപ്പാലിറ്റിയിലും ചെമ്മനാട് പഞ്ചായത്തിലും കുടിവെള്ള ദൗര്‍ലഭ്യം പരിഹരിക്കാനായി 76 കോടിയുടെ പദ്ധതിക്കും അംഗീകാരം ലഭിച്ചു. ഇവ കൂടാതെ 977.753 കോടിയുടെ 36 പദ്ധതികള്‍ക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."