ബി.ജെ.പി നേതാവിന്റെ വീടിനുനേരെ ബോംബേറ്; ആയഞ്ചേരിയില്‍ ഹര്‍ത്താല്‍ ആചരിച്ചു
വടകര: ബി.ജെ.പി ഉത്തരമേഖലാ വൈസ് പ്രസിഡന്റ് രാമദാസ് മണലേരിയുടെ വീടിനു നേരെ ബോംബേറ്. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് ആയഞ്ചേരി ടൗണിനു സമീപത്തെ വീടിനുനേരെ ബോംബേറുണ്ടായത്. സംഭവത്തില്‍ വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ പാടേ തകര്‍ന്നു. തൊട്ടടുത്ത ഓഫിസ് മുറിയുടെ വാതിലിന് കേടുപറ്റി. വീട്ടിനകത്തെ ഷോക്കേസിന്റെ ഗ്ലാസ് തകരുകയും ഫര്‍ണിച്ചറുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
ബൈക്കിലെത്തിയവരാണ് അക്രമം നടത്തിയതെന്ന് കരുതുന്നു. രാമദാസും കുടുംബവും വീട്ടിലുണ്ടായിരുന്നെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് റൂറല്‍ എസ്.പി കെ. പുഷ്‌കരന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി. അക്രമത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ ആയഞ്ചേരിയില്‍ ഹര്‍ത്താല്‍ ആചരിച്ചു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് യുവമോര്‍ച്ച സംസ്ഥാന ജന. സെക്രട്ടറി പ്രഫുല്‍ കൃഷ്ണയുടെ കടമേരിയിലെ വീടിനുനേരെ പെട്രോള്‍ ബോംബെറിയുകയും ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി. കെ. സജീവന്റെ വീടിന്റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞു തകര്‍ക്കുകയും ചെയ്തിരുന്നു.
രാമദാസിന്റെ വീടിനുനേരെ ബോംബെറിഞ്ഞ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലിസ് അറിയിച്ചു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വി. ഗോപാലകൃഷ്ണന്‍, ഹിന്ദു ഐക്യവേദി നേതാവ് ജിജേന്ദ്രന്‍, എം. മോഹനന്‍ മാസ്റ്റര്‍, വി.കെ സജീവന്‍ വീട് സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."