ശബരിമല: ശ്രീധരന്‍ പിള്ളയ്‌ക്കെതിരായ കോടതിയലക്ഷ്യം; എ.ജി പിന്മാറി, തുഷാര്‍ മേത്ത തീരുമാനമെടുക്കും
ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കുന്നത് തടഞ്ഞ സംഭവത്തില്‍ ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന്‍പിള്ള അടക്കമുള്ളവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിക്കുള്ള അപേക്ഷയില്‍ തീരുമാനമെടുക്കുന്നതില്‍ നിന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പിന്മാറി. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ അദ്ദേഹം ചുമതലപ്പെടുത്തുകയും ചെയ്തു.
ശ്രീധരന്‍ പിള്ളയെക്കൂടാതെ, തന്ത്രി കണ്ഠരര് രാജീവര്, പന്തളം രാമ രാജവര്‍മ, പത്തനംതിട്ടയിലെ ബി.ജെ.പി നേതാവ് മുരളീധരന്‍ ഉണ്ണിത്താന്‍, ചലച്ചിത്ര താരം കൊല്ലം തുളസി എന്നിവര്‍ക്കെതിരെയാണ് ആരോപണമുള്ളത്.
അടുത്ത ഒന്നോ രണ്ടോ ദിവസത്തിന് ഉള്ളില്‍ തന്നെ കോടതീയലക്ഷ്യ നടപടിക്കായുള്ള അപേക്ഷയില്‍ തീരുമാനമെടുക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. അഭിഭാഷകയായ ഡോക്ടര്‍ ഗീനാകുമാരി, എ.വി വര്‍ഷ എന്നിവര്‍ ആണ് കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിനെ സമീപിച്ചത്.
കെ.കെ വേണുഗോപാല്‍ അറ്റോര്‍ണി ജനറല്‍ ആകുന്നതിന് മുമ്പ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജര്‍ ആയിരുന്നു. ഇതാവാം പിന്മാറ്റത്തിന് കാരണമെന്നാണ് സൂചന. ശബരിമല യുവതി പ്രവേശനം അനുവദിച്ച് കൊണ്ടുള്ള വിധിയെ പരസ്യമായി വിമര്‍ശിച്ചയാള്‍ കൂടിയാണ് വേണുഗോപാല്‍.
വിധിയെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം കോടതി തേടുകയോ, അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അഭിപ്രായം അറിയിക്കേണ്ടിയോ വന്നാല്‍, സര്‍ക്കാരിന് വേണ്ടി ഹാജര്‍ ആകേണ്ടത് അറ്റോര്‍ണി ജനറല്‍ ആണ്. ഈ സാഹചര്യം മുന്നില്‍ കണ്ടാണ് ഇപ്പോഴത്തെ അപേക്ഷയില്‍ തീരുമാനം എടുക്കാന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ ചുമതല പെടുത്തിയത് എന്നും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."