പയ്യമ്പള്ളിയില്‍ വീണ്ടും എ.ടി.എം കവര്‍ച്ചാശ്രമം
മാനന്തവാടി: കാനറാ ബാങ്ക് പയ്യമ്പള്ളി ശാഖയുടെ എ.ടി.എം മെഷീന്‍ തകര്‍ത്ത് വീണ്ടും മോഷണ ശ്രമം.
മെഷീനിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. അഞ്ചു ലക്ഷത്തോളം രൂപയാണ് മെഷീനിലണ്ടായിരുന്നത്.
ഇന്നലെ രാവിലെ ഏഴുമണിയോടെ കൗണ്ടര്‍ ശുചീകരിക്കാനെത്തിയ പ്രദേശവാസിയാണ് എ.ടി.എം മെഷീന്‍ തകര്‍ത്ത നിലയില്‍ കണ്ടത്. തുടര്‍ന്ന് ഇയാള്‍ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലിസ് പരിശോധനയില്‍ കൗണ്ടറിലേക്കുള്ള വൈദ്യുതി ബന്ധവും, സിസിടിവി കേബിളുകളും വിഛേദിച്ചതായി കണ്ടെത്തി. കൗണ്ടറിലെ കാമറയില്‍ രാത്രി പതിനൊന്നരയോടെ ഹെല്‍മറ്റ് ധരിച്ചെത്തിയ ഒരാളുടെ അവ്യക്തമായ രൂപം മാത്രമാണ് അവസാനമായി പതിഞ്ഞിട്ടുള്ളത്. പിന്നീടുള്ള ദൃശ്യങ്ങളൊന്നും ലഭ്യമല്ല.
തുടര്‍ന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കൂടുതല്‍ തെളിവുകളൊന്നും ലഭിച്ചില്ലെന്നാണ് സൂചന.
ജില്ലാ പൊലിസ് മേധാവി രാജ്പാല്‍ മീണയുടെ നേതൃത്വത്തില്‍ മാനന്തവാടി ജെ.എസ്.പി ജി ജയ്‌ദേവ്, മാനന്തവാടി പൊലിസ് ഇന്‍സ്‌പെക്ടര്‍ പി.കെ മണി, മാനന്തവാടി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ രാജേഷ് തെരുവത്ത് പീടികയില്‍ തുടങ്ങിയവരുള്‍പെട്ട പൊലിസ് സംഘമാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. കഴിഞ്ഞ വര്‍ഷം ആഗസ്തിലും ഇതേ കൗണ്ടറില്‍ മോഷണ ശ്രമം നടന്നിരുന്നു. ശരീരം മുഴുവന്‍ ചാക്കു കൊണ്ട് മറച്ചാണ് അന്ന് മോഷ്ടാവ് കൗണ്ടറിനുള്ളില്‍ പ്രവേശിച്ചിരുന്നത്.
സിസിടിവിയില്‍ മോഷ്ടാവിന്റെ മുഖം വ്യക്തമായിരുന്നില്ല. ആദ്യമോഷണ ശ്രമത്തിനൊടുവില്‍ എ.ടി.എം കൗണ്ടര്‍ മാറ്റി സ്ഥാപിക്കണമെന്ന് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു.
സെക്യൂരിറ്റി സ്റ്റാഫിനെ നിയമിക്കണമെന്ന പൊലിസ് നിര്‍ദേശവും ഇതുവരെ ബാങ്ക് അധികൃതര്‍ നടപ്പാക്കിയിട്ടില്ല. ഇതിനിടെയാണ് വീണ്ടും മോഷണ ശ്രമം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."