വിഴിഞ്ഞം തുറമുഖ നിര്‍മാണം വേഗത്തിലാക്കാന്‍ കൂറ്റന്‍ ഡ്രഡ്ജര്‍ എത്തും
വിഴിഞ്ഞം: നിര്‍ദ്ദിഷട വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്റെ വേഗം വര്‍ധിപ്പിക്കാന്‍ കൂറ്റന്‍ ഡ്രഡ്ജര്‍ ശാന്തി സാഗര്‍ പതിനൊന്ന് വരും. നിര്‍മാണ കമ്പനിയായ അദാനിഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗുജറാത്തിലെ മുദ്രാ പോര്‍ട്ടില്‍ നിന്ന് ഈ കൂറ്റന്‍ ഡ്രഡ്ജര്‍ കേരളം ലക്ഷ്യമാക്കി കഴിഞ്ഞ ദിവസം യാത്ര തിരിച്ചതായി കമ്പനി അധികൃതര്‍ പറഞ്ഞു.
മുദ്ര പോര്‍ട്ടില്‍ നിന്ന് കപ്പലിലാണ് ഡ്രഡ്ജര്‍ കേരളത്തിലേക്ക് കൊണ്ടുവരുന്നത്. അഞ്ചാം തിയതി കൊല്ലത്ത് എത്തുന്ന ശാന്തിസാഗര്‍ പതിനൊന്നിനെ അവിടെ നിന്ന് ടഗ്ഗിന്റെ സഹായത്തോടെ വിഴിഞ്ഞത്ത് എത്തിക്കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ബര്‍ത്ത് നിര്‍മാണത്തിനാവശ്യമായ കടല്‍ കുഴിച്ചുള്ള മണല്‍ത്തട്ട് പൂര്‍ത്തിയാക്കുന്നതിന് നിയോഗിക്കപ്പെടുന്ന മൂന്നാമത്തെ യന്ത്രമാണ് ശാന്തി സാഗര്‍ പതിനൊന്ന്. ആദ്യമെത്തിയ ശാന്തി സാഗര്‍ പന്ത്രണ്ടിനും ഇതിനെ സഹായിക്കാനായി പിന്നെ എത്തിച്ച ശാന്തി സാഗര്‍ പത്തിനും വിഴിഞ്ഞത്തെ കടലിന്റെ കലിതുള്ളലില്‍ പിടിച്ച് നില്‍ക്കാനായില്ല.
ഓഖി ചുഴലിക്കാറ്റിലും പിന്നാലെ വന്ന കടല്‍ക്ഷോഭത്തിലുംപെട്ട് ഹൈഡ്രോളിക് സംവിധാനങ്ങള്‍ പാടെ തകര്‍ന്നതോടെ രണ്ടും പണിമുടക്കി. ഇതില്‍ പത്തിനെ അറ്റകുറ്റപ്പണിക്കായി കെട്ടിവലിച്ച് മുംബൈക്ക് മാറ്റിയെങ്കിലും കടല്‍ ശാന്തമാകാത്തതിനെ തുടര്‍ന്ന് പന്ത്രണ്ടിനെ ഇവിടെ നിന്ന് കൊണ്ടു പോകാന്‍ കഴിഞ്ഞിട്ടില്ല.
ഇതിനെ കൊണ്ടുപോകാനെത്തിയ ടഗ്ഗ് കടല്‍ ശാന്തമാകുമെന്ന് കരുതി ഒരാഴ്ചയോളം വിഴിഞ്ഞത്ത് കാത്ത് കിടന്ന ശേഷം വെറും കൈയ്യോടെ മടങ്ങി. ആഞ്ഞടിച്ച ഓഖികൊടുങ്കാറ്റ് ശാന്തിസാഗര്‍ പന്ത്രണ്ടിനെ കരയിലേക്ക് വലിച്ചെറിയുകയായിരുന്നു. 2015 ഡിസംബറില്‍ തുടങ്ങിയ മണല്‍ത്തട്ട് നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള ദൗത്യവുമായാണ് ശാന്തി സാഗര്‍ പതിനൊന്നിന്റെ വരവ്. മുന്‍ഗാമികളായ പന്ത്രണ്ടും പത്തും പണിയെടുത്ത് രൂപപ്പെടുത്തിയ മണല്‍ത്തട്ടിന്റെ നല്ലൊരു ഭാഗവും കടല്‍ക്ഷേഭത്തിന്റെ നാളുകളില്‍ തിരമാലകള്‍ കവര്‍ന്ന് തിരികെ കൊണ്ടുപോയിരുന്നു.
അപ്രതീക്ഷിതമായി ക്ഷോഭിക്കുന്ന വിഴിഞ്ഞം കടലിനെ പ്രതിരോധിച്ച് മണ്‍തട്ട് നിര്‍മിക്കാന്‍ ശാന്തി സാഗര്‍ പതിനൊന്നിന് കഴിയും എന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."