ഡാര്‍ജിലിങ് സംസ്ഥാനത്തിനായുള്ള പ്രക്ഷോഭം ശക്തമാകുന്നു
കൊല്‍ക്കത്ത: പ.ബംഗാളിലെ ഡാര്‍ജിലിങ് കേന്ദ്രമാക്കി പുതിയ സംസ്ഥാനത്തിനായുള്ള ഗൂര്‍ഖ ജനമുക്തി മോര്‍ച്ച നടത്തുന്ന പ്രക്ഷോഭം കൂടുതല്‍ ശക്തമാകുന്നു. വര്‍ഷങ്ങള്‍ നീണ്ട ആവശ്യം കഴിഞ്ഞ ആഴ്ചയാണ് രൂക്ഷമായത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇവിടെ നടന്ന ബന്ദില്‍ നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും സര്‍ക്കാര്‍ ഓഫിസുകള്‍ തുറക്കാനനുവദിക്കാതെയും പ്രക്ഷോഭകര്‍ സംസ്ഥാനാവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്.
പുതിയ സംസ്ഥാനത്തിനായി ഡാര്‍ജിലിങ്ങില്‍ ശക്തിപ്രാപിച്ച പ്രക്ഷോഭം സംസ്ഥാന സര്‍ക്കാരിന് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. പുതിയ സംസ്ഥാനത്തിനായി ഡാര്‍ജിലിങ് കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഒരു കുടക്കീഴില്‍ അണിനിരന്നതോടെ സംസ്ഥാന സര്‍ക്കാര്‍ നിസഹായമാകുന്ന അവസ്ഥയിലേക്കാണ് എത്തിയിട്ടുള്ളത്.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിട്ട ഗൂര്‍ഖാ നാഷനല്‍ ലിബറേഷന്‍ ഫ്രണ്ട്(ജി.എന്‍.എല്‍.എഫ്) പ്രത്യേക സംസ്ഥാനത്തിനുള്ള ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ബി.ജെ.പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ പങ്കെടുത്ത് പ്രത്യേക സംസ്ഥാനത്തിനായുള്ള പ്രമേയം പാസാക്കിയിരുന്നു.
അതിനിടയില്‍ പ്രക്ഷോഭം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ക്രമസമാധാനത്തിനായി സൈന്യത്തിന്റെ സേവനം സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഡാര്‍ജിലിങിലുള്ള തൃണമൂല്‍ നേതാക്കള്‍ പ്രത്യേക സംസ്ഥാനമെന്ന ആവശ്യത്തിലേക്ക് എത്തിയിട്ടുണ്ട്. കാലിംപോങ് മുനിസിപ്പാലിറ്റി മുന്‍ അധ്യക്ഷനും തൃണമൂല്‍ നേതാവുമായ ചന്ദ്രകുമാര്‍ കുമെയ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു.
സംസ്ഥാന സര്‍ക്കാര്‍ ഡാര്‍ജിലിങിലെ ജനങ്ങളെ അവഹേളിക്കുന്നുവെന്നാരോപിച്ചാണ് അദ്ദേഹം രാജിവച്ചത്. പുതിയ സംസ്ഥാനമെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."