കെ.എസ്.ഇ.ബിയുടെ ട്രാന്‍സ്ഗ്രിഡ്; അഴിമതി നടന്നുവെന്ന് വൈദ്യുതി വകുപ്പ് സമ്മതിച്ചു: ചെന്നിത്തല
കാസര്‍കോട്: കെ.എസ്.ഇ.ബിയുടെ ട്രാന്‍സ്ഗ്രിഡിന് കരാര്‍ നല്‍കിയതില്‍ അഴിമതി നടന്നുവെന്ന തന്റെ ആരോപണം വൈദ്യുതി വകുപ്പ് തത്വത്തില്‍ അംഗീകരിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
അതിനാല്‍ താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയണം. കെ.എസ്.ഇ.ബി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പ് ആരോപണം ശരിവയ്ക്കുകയാണ്. വൈദ്യുതി ബോര്‍ഡ് എസ്റ്റിമേറ്റ് ചെയ്ത തുകയെക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് ട്രാന്‍സ്ഗ്രിഡ് കരാര്‍ നല്‍കിയതെന്ന ആരോപണം കെ.എസ്.ഇ.ബി നിഷേധിച്ചിട്ടില്ല. ഇതിനെതിരായ വിജിലന്‍സ് ക്വിക്ക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറാണോയെന്ന് ചെന്നിത്തല ചോദിച്ചു. കള്ളം കൈയോടെ പിടിക്കപ്പെട്ടതിന്റെ വേവലാതിയാണ് മുഖ്യമന്ത്രിക്ക്.
50,000 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി വഴി നടത്തുന്നത്. പാര്‍ട്ടിക്ക് പണമുണ്ടാക്കാനുള്ള അഴിമതിയാണ് കിഫ്ബിയിലൂടെ നടക്കുന്നത്. കിഫ്ബിയില്‍ നടക്കുന്ന അഴിമതിയുടെ ചെറിയ ഭാഗം മാത്രമേ ഞാന്‍ പുറത്തുവിട്ടിട്ടുള്ളു. സത്യം വിളിച്ചുപറയുമ്പോള്‍ ഭയപ്പെടുത്താന്‍ നോക്കേണ്ട. ലാവ്‌ലിന്‍ കേസിന്റെ വിചാരണ വീണ്ടും തുടങ്ങുന്നതിലാണ് മുഖ്യമന്ത്രിക്ക് ഇപ്പോള്‍ വിറളിപിടിച്ചിരിക്കുന്നത്.
ബ്രഹ്മപുരം കാപ്പൂര്‍ പദ്ധതിയുടെ എസ്റ്റിമേറ്റിലും വന്‍വര്‍ധനവ് വരുത്തിയാണ് കരാര്‍ നല്‍കിയത്. ഇവിടെ എസ്റ്റിമേറ്റ് തുകയുടെ 20 ശതമാനം അധിക നിരക്കിലാണ് ഡല്‍ഹി ആസ്ഥാനമായ കെ.ഇ.ഐ കമ്പനിക്ക് കരാര്‍ നല്‍കിയത്. ലോകത്തിലെ ഏറ്റവും മികച്ച കമ്പനി കണ്‍സോര്‍ഷ്യമായ ഫിനോലക്‌സ് ജേ പവറിനെ മാറ്റിനിര്‍ത്തിയാണ് കെ.ഇ.ഐ കമ്പനിക്ക് കരാര്‍ നല്‍കിയതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോടികളുടെ ക്രമക്കേട്
നടന്നു: വി.ഡി സതീശന്‍
കൊച്ചി: കിഫ്ബിയുടെ സഹായത്തോടെ കെ.എസ്.ഇ.ബി നടപ്പാക്കുന്ന ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ കോടികളുടെ ക്രമക്കേട് നടന്നതായി വി.ഡി സതീശന്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
4,572 കോടി രൂപ മുടക്കി കിഫ്ബി സഹായത്തോടെ ബോര്‍ഡ് നടത്തുന്ന ഒന്നാംഘട്ട പദ്ധതിയിലെ 12 എണ്ണത്തിലാണ് ക്രമക്കേടും അഴിമതിയും നടന്നിട്ടുള്ളത്.
പത്ത് ശതമാനത്തില്‍ കൂടുതല്‍ ടെന്‍ഡര്‍ തുക ഉയര്‍ന്നാല്‍ റീ എസ്റ്റിമേറ്റ് തയാറാക്കണമെന്ന 2017ലെ ധനകാര്യവകുപ്പിന്റെ ഉത്തരവ് കാറ്റില്‍പ്പറത്തി. ഇതിന് നേതൃത്വം കൊടുത്ത ട്രാന്‍സ്മിഷന്‍ ഡയരക്ടര്‍ വിരമിച്ച ശേഷം കിഫ്ബിക്ക് വേണ്ടി പ്രവൃത്തികള്‍ പരിശോധിക്കുന്ന സ്വകാര്യ കമ്പനിയുടെ കണ്‍സള്‍ട്ടന്റായി ചുമതലയേറ്റതും ബോര്‍ഡിന്റെ ക്രമക്കേടുകളെ ശരിവച്ചു. കിഫ്ബിയില്‍ സി.എ.ജിയുടെ സമഗ്രമായ ഓഡിറ്റിങ് നടത്തണമെന്ന ആവശ്യത്തിന് ശക്തിപകരുന്നതാണ് ഈ തെളിവുകളെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."