എറണാകുളത്ത് കളംനിറയുക പാലവും ഫ്‌ളാറ്റും
കൊച്ചി: എറണാകുളത്ത് സ്ഥാനാര്‍ഥികള്‍ ആരായാലും പ്രചാരണത്തില്‍ കളംനിറയുക പാലാരിവട്ടം പാലവും മരട് ഫ്‌ളാറ്റും.
മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പുണ്ടാകുമെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തോടെ ഉറപ്പായിരുന്നെങ്കിലും അടുത്തമാസം മധ്യത്തോടെ മാത്രമേ പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നുള്ളൂ. പ്രതീക്ഷിച്ചതിലും നേരത്തെ പ്രഖ്യാപനം വന്നതോടെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ചൂടുപിടിച്ചു. നിലവില്‍ യു.ഡി.എഫിന്റെ കൈയിലാണ് സീറ്റ്. അതിനാല്‍ തന്നെ സീറ്റ് മോഹികള്‍ ഏറെയുള്ളതും യു.ഡി.എഫിലാണ്. മുന്‍ മേയര്‍ ടോണി ചമ്മിണി, ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ്, മുന്‍ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി തോമസ് തുടങ്ങിയവരുടെയൊക്കെ പേരുകള്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ ഉയരുന്നുണ്ട്.
ഇടതുമുന്നണിയിലും ചര്‍ച്ചകള്‍ സജീവമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊക്കെ സി.പി.എം സ്ഥാനാര്‍ഥികളാണ് ഇവിടെ മത്സരിച്ചിരുന്നത്. മുന്‍ എം.പി പി.രാജീവ്, സി.എന്‍ മോഹനന്‍ തുടങ്ങിയവരുടെ പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ടെങ്കിലും പുതുമുഖത്തിനാകും സാധ്യതയെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ബി.ജെ.പിയില്‍ സംസ്ഥാന നേതാവ് എ.എന്‍ രാധാകൃഷ്ണന്റെ പേരാണ് നേരത്തേ മുതല്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. ഇക്കുറി യുവ സ്ഥാനാര്‍ഥി വേണമെന്ന ആവശ്യവുമുണ്ട്. മരടിലെ വിവാദ ഫ്‌ളാറ്റുകള്‍ തൃപ്പൂണിത്തുറ മണ്ഡലത്തിന്റെ ഭാഗമാണെങ്കിലും ഏറ്റവും അടുത്ത് എറണാകുളമാണ്. മരട് ഫ്‌ളാറ്റ് പ്രശ്‌നത്തില്‍ യു.ഡി.എഫ്, ഇടത്, എന്‍.ഡി.എ മുന്നണികളെല്ലാം ഒരേ അഭിപ്രായക്കാരാണ്. പാര്‍ട്ടികള്‍ക്കുള്ളില്‍ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും മൊത്തത്തില്‍ ഫ്‌ളാറ്റ് ഉടമകള്‍ക്ക് അനുകൂലമാണവര്‍.
പാലാരിവട്ടം പാലത്തിന്റെ കാര്യത്തില്‍ കൗതുകകരമായ മലക്കംമറിച്ചിലുകള്‍ക്ക് ജില്ല സാക്ഷിയായിരുന്നു. ഉദ്ഘാടന വേളയില്‍ യു.ഡി.എഫ്, ഇടത് മുന്നണികള്‍ പാലത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ മത്സരിച്ചിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവര്‍ഷത്തിനകം പാലം പൊളിഞ്ഞതോടെ അവകാശവാദങ്ങള്‍ മാറ്റിവച്ച് പരസ്പരം പഴിചാരുന്ന അവസ്ഥയുമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."