ലൈഫ് മിഷന്‍ പദ്ധതി: വീടിന്റെ തറ വിസ്തീര്‍ണം കൂടിയാലും അവസാന ഗഡു കിട്ടും
കൊണ്ടോട്ടി: ലൈഫ് മിഷന്‍ ഭവന പദ്ധതി വഴി വീടിന് ആനുകൂല്യം ലഭിച്ചവര്‍ നിര്‍മിക്കുന്ന വീടിന് തറവിസ്തീര്‍ണം കൂടിയാലും കടുത്ത നടപടി വേണ്ടെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. ഗുണഭോക്താവ് സ്വന്തം നിലയ്ക്ക് അധിക ധന വിഭവം കണ്ടെത്തി ഉയര്‍ന്ന തറ വിസ്തൃതിയില്‍ വീടു നിര്‍മിച്ചാലും ഇവര്‍ക്ക് അവസാന ഗഡു നല്‍കണമെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വിസ്തീര്‍ണം കൂടുതലുള്ള വീടുകളുടെ നിര്‍മാണം പൂര്‍ണമായും പൂര്‍ത്തീകരിക്കുന്ന മുറയ്ക്കു മാത്രമാണ് ഇവര്‍ക്ക് അവസാന ഗഡുവായ തുക അനുവദിക്കുക.
വീടിന്റെ തറ വിസ്തീര്‍ണം 600 ചതുരശ്ര അടിയില്‍ കൂടിയാല്‍ അവസാന ഗഡു നല്‍കേണ്ടതില്ലെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന നിര്‍ദേശം. മാത്രവുമല്ല ഗുണഭോക്താവിന് ലൈഫ് മിഷന്‍ വീടിന് അര്‍ഹതയുണ്ടോയെന്ന് പരിശോധിച്ച് കൈപ്പറ്റിയ മുഴുവന്‍ ഗഡുക്കളും തിരിച്ചു പിടിക്കാനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത്തരം കര്‍ശന നിബന്ധനകളിലാണ് സര്‍ക്കാര്‍ ഭേദഗതി വരുത്തിയത്.
ലൈഫ് മിഷന്‍ ഭവന പദ്ധതി വഴി നിര്‍മിക്കുന്ന വീടുകള്‍ക്ക് 420 ചതുരശ്ര അടിയാണ് സര്‍ക്കാര്‍ തറ വിസ്തീര്‍ണം കണക്കാക്കിയത്. ആയതിനാല്‍ തന്നെ ഗുണഭോക്താക്കളില്‍ ഭൂരിഭാഗം പേരും തറ വിസ്തീര്‍ണം കൂട്ടിയാണ് വീട് നിര്‍മിച്ചിരിക്കുന്നത്.
നാലു ലക്ഷം രൂപയാണ് നാലു ഗഡുക്കളായി പദ്ധതി വഴി നല്‍കുന്നത്. ഇത് 600 ചതുരശ്ര അടിയില്‍ കൂടിയാല്‍ അവസാന ഗഡു നല്‍കേണ്ടതില്ലെന്നായിരുന്നു തീരുമാനം. ഇതോടെ അവസാന ഗഡു ഗുണഭോക്താക്കള്‍ക്ക് നഷ്ടപ്പെടുമെന്ന അവസ്ഥയിലായി. ഇതു സംബന്ധിച്ച് പരാതികളും ലഭിച്ചതോടെയാണ് സര്‍ക്കാര്‍ നിര്‍ദേശത്തില്‍ ഭേദഗതിവരുത്തിയത്. ലൈഫ് മിഷന്‍ വഴി ഇതുവരെ 1,26,464 വീടുകളുടെ നിര്‍മാണമാണ് പൂര്‍ത്തീകരിച്ചത്. ഇതില്‍ ലൈഫ് മിഷന്‍ ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെട്ട 51,643 വീടുകള്‍ പാതിവഴി നിര്‍മാണം നിലച്ചവയുടെ പുനരുദ്ധാരണമായിരുന്നു. 34,274 വീടുകള്‍ ലൈഫ് മിഷന്‍ രണ്ടാംഘട്ടത്തിലും പൂര്‍ത്തിയായിട്ടുണ്ട്. ഭൂമിയുള്ള ഭവന രഹിതരാണ് രണ്ടാംഘട്ടത്തിലുളളത്. നഗരസഭകള്‍ക്കും, ഗ്രാമപഞ്ചായത്തുകള്‍ക്കും കീഴിലുളള പി.എം.എ.വൈ ഭവന പദ്ധതിയും ലൈഫ്മിഷനോട് ചേര്‍ത്തിട്ടുണ്ട്. പൂര്‍ത്തിയായ ശേഷിക്കുന്ന വീടുകള്‍ ഈ ഗണത്തില്‍ പെട്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."