മകന്റെ വിവാഹ സല്ക്കാരച്ചെലവ് കൊല്ലപ്പെട്ട കൃപേഷിന്റെ സഹോദരിയുടെ വിവാഹത്തിന് വാക്കു പാലിച്ച് ചെന്നിത്തല
പെരിയ (കാസര്‍കോട്): കൃപേഷിന്റെ പെങ്ങളുട്ടിക്ക് സഹായവുമായി സഹോദരസ്ഥാനത്തുനിന്ന് ഡോ.രോഹിത്. പഠനത്തെക്കുറിച്ചും ഭാവി കാര്യങ്ങളെക്കുറിച്ചും ഉപദേശ നിര്‍ദേശങ്ങളുമായി കാരണവരുടെ സ്ഥാനത്തുനിന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും.
കിച്ചൂസിലെ സ്നേഹ പ്രകടനം നൊമ്പരമായി. കൊല്ലപ്പെട്ട കൃപേഷിന്റെ വീട്ടിലെ രംഗങ്ങള്‍ തടിച്ചുകൂടിയ പാര്‍ട്ടി പ്രവര്‍ത്തകരെയും കണ്ണീരിലാഴ്ത്തി.
കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു പ്രതിപക്ഷ നേതാവിന്റെ മകന് ഡോ.രോഹിതിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍ ചെന്നിത്തല മകന്റെ വിവാഹച്ചടങ്ങ് ലളിതമായി നടത്തി. ആര്‍ഭാടം ഒഴിവാക്കി ആ തുക കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയയുടെ വിവാഹത്തിനായി മാറ്റിവയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആ വാക്ക് പാലിച്ചാണ് കുടുംബത്തിന് ഇന്നലെ അഞ്ചു ലക്ഷം രൂപ കൈമാറിയത്.
ഭാര്യ അനിത, മകന് ഡോ.രോഹിത്ത്, മരുമകള്‍ ഡോ.ശ്രീജ എന്നിവരോടൊപ്പമാണ് ചെന്നിത്തല കിച്ചൂസിലെത്തിയത്.
കോഴിക്കോട് ദേവഗിരി കോളജില്‍ ഒന്നാം വര്‍ഷ ബി.ബി.എ ബിരുദ വിദ്യാര്‍ഥിനിയാണ് കൃഷ്ണപ്രിയ.
കെ.എസ്. യു സംസ്ഥാന കമ്മിറ്റിയാണ് പഠനച്ചെലവ് വഹിക്കുന്നത്. നന്നായി പഠിച്ച് ജോലിയൊക്കെ നേടാന്‍ പ്രതിപക്ഷ നേതാവ് ആശംസിച്ചു. കല്യാണത്തിന് കുടുംബ സമേതം എത്തുമെന്ന് പറഞ്ഞാണ് പ്രതിപക്ഷ നേതാവും കുടുംബവും ഇറങ്ങിയത്.
ബലികുടീരത്തില്‍ സകുടുംബം പുഷ്പാര്‍ച്ചന നടത്തിയ പ്രതിപക്ഷ നേതാവ് ശരത് ലാലിന്റെ വീട്ടിലുമെത്തി. രാജ്മോഹന്‍ ഉണ്ണിത്താന് എം. പി, കെ.പി.സി.സി ജനറല്‍ സെകട്ടറി കെ.പി.കുഞ്ഞിക്കണ്ണന്, ഡി.സി. സി പ്രസിഡന്റ് ഹക്കീം കുന്നില്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ചടങ്ങിന് സാക്ഷികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."