ഫാസിസത്തിനെതിരെയുള്ള നിലവിളികള്‍
വര്‍ത്തമാന കാലത്തിന്റെ ഇരുണ്ട ഹൃത്തടത്തിലേക്കുള്ള മിന്നല്‍ വെളിച്ചമാണ് പാറക്കടവിന്റെ ഓരോ കഥകളും. അധര്‍മവും അനീതിയും തിമിര്‍ത്തു പെയ്യുന്ന സാമൂഹികാന്തരീക്ഷത്തില്‍ ഒരാള്‍ക്കും, പ്രത്യേകിച്ച് ധാര്‍മിക ബോധമുള്ള ഒരു എഴുത്തുകാരനും മൗനിയാകാന്‍ കഴിയില്ല. ഉള്‍വിളിയില്‍ നിന്നുള്ള അത്തരം ഒരു നിലവിളിയാണ് മിന്നല്‍ കഥകള്‍. ഒരു എഴുത്തുകാരന്റെ ധാര്‍മിക രോഷമാണ് ഈ കഥകളില്‍ പ്രതിഫലിക്കുന്നത്.
വളരെ കുറഞ്ഞ അക്ഷരങ്ങളും വാക്കുകളും മാത്രമുള്ള ഇതിലെ കൊച്ചു കഥകള്‍ എന്നാല്‍ ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ക്കാന്‍ ആവില്ല. ഒരു കഥ വായിച്ച് പുസ്തകമടച്ച് വിദൂരതയിലേക്കൊന്ന് നോക്കൂ. മിനിക്കഥ വളര്‍ന്ന് വളര്‍ന്ന് നീണ്ട കഥയാകുന്നത് കാണാം.
അകം നൊന്തും വെന്തും ആണ് അദ്ദേഹം കഥയെഴുതുന്നത്. അതുകൊണ്ട് തന്നെ കഥ ജീവിതം മണക്കുന്നു. 'നൊന്ത്, വെന്ത് ഞാന്‍ എന്നെത്തന്നെയെടുത്ത് എഴുതുന്നതാണ് എഴുത്ത്'. കഥാകൃത്ത് അതാവര്‍ത്തിച്ചു പറയുന്നുണ്ട്. 'പേനയുടെ അറ്റത്ത് എന്നെത്തന്നെ ഏച്ചുകെട്ടി കൊളുത്തുണ്ടാക്കി ജീവിതം പറിച്ചെടുക്കുന്നതാണ് കഥ'. മാത്രമല്ല, അതീവ ശ്രദ്ധയോടെ എഴുതിയില്ലെങ്കില്‍ എഴുത്തുകാരന്‍ കുഴപ്പത്തില്‍ ചെന്നുചാടുന്നതാണ് ഇന്നത്തെ വര്‍ത്തമാനം. അതിനാല്‍ ഓരോ എഴുത്തുകളും പള്ളിക്കമ്മറ്റിക്കും അമ്പലക്കമ്മറ്റിക്കും ഇമാമിനും പൂജാരിക്കും അച്ഛനും കാട്ടിക്കൊടുത്ത് മാത്രമേ പത്രാധിപര്‍ക്കയക്കാവൂ എന്നാണ് എഴുത്തുകാരന്‍ സങ്കടപ്പെടുന്നത്.
'ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാനും കരയുമ്പോള്‍ കൂടെ കരയാനും ഞാനുണ്ടാകും. മരിക്കുമ്പോള്‍ കൂടെ മരിക്കാന്‍ മാത്രം പറയരുത്.' സ്‌നേഹത്തെ കുറിച്ച് ഇതിനപ്പുറം മറ്റെന്ത് എഴുതാനാണ്?
'നിന്റെ കഥയില്‍ മാത്രമല്ല, നരകത്തിലും തീയുണ്ട്'. സുഹൃത്ത് മൊഴിഞ്ഞു.
'ശരി രണ്ടിടത്തും വിറക് ഞാന്‍ തന്നെ' കഥാകൃത്ത് പറഞ്ഞു. ഒരു കഥ എങ്ങനെ ജനിക്കുന്നു എന്നും കഥാകൃത്ത് എത്രമാത്രം നോവനുഭവിക്കുന്നുവെന്നും തീ എന്ന രണ്ടു വരിക്കഥയിലുണ്ട്. കഥാകൃത്ത് സ്വയം വെന്തുകിട്ടുന്ന പാചകമാണ് കഥ. നന്നായി വെന്തില്ലെങ്കില്‍ കഥയും മോശമാകും. തികച്ചും പാകമായ വേവിലുള്ള കഥയാണ് ഇതിലെ കഥകള്‍.
'എന്തേ ഇങ്ങോട്ട് പോന്നു? മാലാഖ ചോദിച്ചു. കഥ കഴിഞ്ഞു: അവന്‍ പറഞ്ഞു. കഥ കഴിയുന്നത് വരെ കഥാകൃത്ത് അധര്‍മത്തിനെതിരെയുള്ള പോരാട്ടത്തിലാണ്.
തൊട്ടിലില്‍ നിന്ന് മയ്യത്ത് കട്ടിലിലേക്കുള്ള യാത്രയാണ് കഥ. നോക്കൂ ഒരുപാട് വാക്കുകളില്ല.
നീതിയെന്ന കഥ ഭരണാധികാരിയുടെ അനീതിക്കെതിരെയുള്ള ചൂണ്ടുവിരലാണ്. 'പാടില്ലാത്ത പഴങ്ങള്‍ പറിച്ചുതിന്നുമ്പോള്‍ ദൈവം ആദമിനെ സ്വര്‍ഗത്തില്‍ നിന്നു പുറത്താക്കുന്നു. പാടില്ലാത്ത സത്യം വിളിച്ചുപറയുമ്പോള്‍ രാജാവ് ആദമിനെ ഭൂമിയില്‍ നിന്നും പുറത്താക്കുന്നു.' അപ്രിയ സത്യങ്ങള്‍ വിളിച്ചുപറയുന്നവരെ ചന്ദ്രനിലേക്ക് അയക്കാനാണല്ലോ നമ്മുടെ രാജാവിന്റെ പ്രജകള്‍ ആവാശ്യപ്പെടുന്നത്.
'ഒരു തുള്ളിയില്‍ ദാഹജലം മാത്രമല്ല, പ്രളയവുമുണ്ട്. ഒരു വീര്‍പ്പില്‍ ജീവിതം മാത്രമല്ല മരണവുമുണ്ട്' പ്രളയം കണ്ട കേരളീയര്‍ക്ക് ഈ കഥയുടെ നിര്‍വചനം ആവശ്യമില്ല.
'ചിലപ്പോഴെങ്കിലും അരിവാളിന്‍ ചുണ്ടിലെ ചിരിക്ക് കാവി നിറം' കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കാവി പടരുന്നുവെന്ന ഒരു പൊതുബോധത്തിനു കഥാകൃത്തിവിടെ അടിവരയിടുകയാണ്.
ഭാരതത്തില്‍ മുസ്‌ലിം- ഹിന്ദു വിഭാഗീയത വര്‍ധിക്കുന്നുവെന്ന യാഥാര്‍ഥ്യമാണ് 'മുഹമ്മദും രാമനും'. എ.കെ 47 കൊണ്ട് സിറിയയിലേക്ക് പോകുന്ന മുഹമ്മദിന് പ്രവാചകന്‍ മുഹമ്മദിനെയും വീട്ടിലേക്ക് പാല്‍ കറക്കാന്‍ പശുവിനെയും കൊണ്ടുപോകുന്ന മനുഷ്യനെ തൃശൂലം കൊണ്ട് കൊല്ലുന്ന രാമന് ശ്രീരാമനെയും അറിയില്ല എന്ന പരാമര്‍ഥമാണ് ഈ കഥയില്‍ വരച്ചിടുന്നത്.
ഇക്കാലത്ത് മതം ഒരു കോര്‍പ്പറേറ്റ് വ്യവസായമാണെന്നും 'മതവും ദൈവവുമാണ് വില്‍ക്കാന്‍ ഏറ്റവും നല്ലതെന്നും സുഹൃത്തേ നോക്കൂ എന്തൊരു ലോകമാണിത്?- 'വഴി' യില്‍ കഥാകൃത്ത് ആകുലപ്പെടുകയാണ്.
ക്ഷണികജീവിതമുള്ള മനുഷ്യന്റെ പെരുംഅഹന്തക്കുള്ള ശക്തമായ പ്രഹരമാണ് 'ഒരു തുള്ളി സമുദ്രം'. 'മരണമെത്തുന്ന നേരം' മനുഷ്യന്റെ സെല്‍ഫിഭ്രാന്തിന് നേരെയുള്ള പരിഹാസമാണ്. സ്വര്‍ഗം പണിയാമെന്ന വാഗ്ദാനവുമായിയെത്തി ഭൂമിയെ നരകമാക്കുന്ന രാഷ്ട്രീയക്കാര്‍ക്കെതിരെയാണ് 'രാഷ്ട്രീയം'. ഭരണകൂട ഭീകരതയുടെ തോക്കുചൂണ്ടിയ മുഖം 'ആധാറില്‍' കാണാം. 'ഭിക്ഷാ പത്രം ആധാറുമായി ബന്ധിച്ചിട്ടുണ്ടോ?' എന്നാണ് പട്ടാളക്കാരുടെ തോക്കുകള്‍ ചോദിക്കുന്നത്.
പരലോകത്തില്‍ ചുറ്റിക്കറങ്ങി തിരിച്ചെത്തുന്ന ബഷീര്‍ നെടുവീര്‍പ്പിടുന്നുണ്ട്, ഇരുട്ടിനെന്തൊരു ഇരുട്ടെന്ന്. ലോക വളര്‍ച്ചയ്ക്കനുസരിച്ച് മനുഷ്യ മനസ് വളരുന്നില്ലെന്ന് മാത്രമല്ല കൂടുതല്‍ ഇരുട്ടാവുകയാണ് ചെയ്യുന്നത്. ഗാന്ധിസത്തിനു പകരം ഗോഡ്‌സെ വാഴുകയും വേദികള്‍ ഗോഡ്‌സെ കയ്യടക്കുകയും ഫാസിസം കൊടികുത്തി വാഴുകയും ചെയ്യുമ്പോള്‍, അതിനെതിരെ ശബ്ദിക്കുന്ന അപൂര്‍വ്വം ചില എഴുത്തുകളില്‍ ഒന്നാമതായി എണ്ണപ്പെടേണ്ടത് തന്നെയാണ് പാറക്കടവിന്റെ കഥകള്‍. 'ഭരണാധികാരികള്‍ എത്രയെത്ര മനുഷ്യരെയാണ് ചിറകുകളരിഞ്ഞ് കൂട്ടിലിട്ട് പാലും പഴവും നല്‍കി വളര്‍ത്തുന്നത്. അവര്‍ ചിറകടിക്കുന്നില്ലേയില്ല.' അനീതിക്കെതിരെ മൗനിയാകുന്നവരെ കുറിച്ചുള്ള ആശങ്കയാണിവിടെ കഥാകൃത്ത് പങ്കുവക്കുന്നത്.
അക്രമരാഷ്ട്രീയത്തിനെതിരെയുള്ള പ്രതിഷേധമാണ് 'ആലിംഗനവും' 'മുറിഞ്ഞു മറഞ്ഞു പോകുന്നവരും'. പിറകില്‍ മൂര്‍ച്ചയുള്ള കത്തി കയ്യില്‍ കരുതിയാണ് രാഷ്ട്രീയത്തിന്റെ ആലിംഗനം. ജാഥയുടെ വരിയില്‍ ഒരു മുറി വന്നാല്‍ മതി അയാള്‍ മുറിഞ്ഞുതീരുമെന്നത് രണ്ടാമത്തെ കഥ.
സാധാരണ സര്‍ഗാത്മക കഥകള്‍ സാരോപദേശങ്ങളല്ല പ്രദാനം ചെയ്യുന്നത്. ലഹരിപോലെ വായനക്കാരനെ ഉന്മാദത്തിലാക്കുകയാണ്. മനസില്‍ നന്മയും ധാര്‍മ്മിക ബോധവുമുള്ള ഒരെഴുത്തുകാരനില്‍ നിന്ന് കായ്ക്കുന്ന കഥകള്‍ സന്മാര്‍ഗ്ഗ ദര്‍ശനങ്ങളാണ്. സൂഫിക്കഥകള്‍ പോലെ ഹൃദ്യവും നന്മയുടെ ഒരു തുള്ളി വെളിച്ചം ജ്വലിക്കുന്നതുമാണ്.
മിനിക്കഥ അഥവാ ഫ്‌ലാഷ് ഫിക്ഷന്‍ എന്ന സാഹിത്യ രൂപത്തെ മലയാളത്തിന് പരിചയപ്പെടുത്തുകയും സ്വതസിദ്ധമായ രചനയിലൂടെ അതുമാത്രം വിളമ്പിത്തരുകയും ചെയ്ത പാറക്കടവിന്റെ ഏറ്റവും പുതിയ കഥാ സമാഹാരമാണ് മിന്നല്‍ കഥകള്‍. അവ പഞ്ചാര മിട്ടായി പോലെ പതിയെ നുണച്ചിറക്കാം. ധൃതിയില്‍ ചവച്ചിറക്കാതിരുന്നാല്‍ നാന്നായി ആസ്വദിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."