തന്റെ രക്ഷ മറ്റൊരാള്‍ക്ക് ശിക്ഷയാകരുത്
കെട്ടിക്കുടുങ്ങുക എന്നൊക്കെ പറയാറില്ലേ.. ശരിക്കും അതാണിവിടെ സംഭവിച്ചിരിക്കുന്നത്. ദു:സ്വഭാവത്തിന്റെ മൂര്‍ത്തരൂപമായിരുന്നു അവള്‍.. നാവെടുത്താല്‍ ചെവിപൊത്തേണ്ട കാര്യമേ പറയൂ. അനുസരണയെന്ന ഗുണം അവളുടെ പരിസരത്തുകൂടെ പോലും കടന്നുപോയിട്ടില്ല. മൊത്തത്തില്‍ നരകത്തിനു മുന്നേയുള്ള നരകം എന്നൊക്കെ അവളെ വിശേഷിപ്പിക്കാം. ആ പെണ്ണിനെയാണ് പ്രമുഖനായ ഒരു പണ്ഡിതനു കിട്ടിയത്. പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം എവ്വിധമായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ.
സംഭവമറിഞ്ഞ സ്‌നേഹിതന്മാര്‍ അദ്ദേഹത്തോട് പറഞ്ഞു: ''എന്തിന് അവളെയും പേറി നടക്കണം. എത്രയും വേഗം അവളെ മൊഴി ചൊല്ലിയൊഴിവാക്കിയേക്കൂ..''
അപ്പോള്‍ അദ്ദേഹം പറഞ്ഞു: ''ഞാനവളെ മൊഴി ചൊല്ലിയാല്‍ മറ്റാരെങ്കിലും അവളെ വേള്‍ക്കും. അവരായിരിക്കും പിന്നീട് കഷ്ടപ്പെടുക. അങ്ങനെ സംഭവിച്ചാല്‍ ഞാന്‍ കാരണം മറ്റൊരാള്‍ കഷ്ടപ്പെടുന്ന സ്ഥിതി വരും. അതു വേണ്ടാ..''
''എങ്കില്‍ പിന്നെ എന്താണ് അങ്ങ് ചെയ്യാന്‍ പോകുന്നത്..?'' അവര്‍ ചോദിച്ചു.
''ഞാന്‍ അവളെ സഹിച്ചുകൊള്ളാം.. അവളുടെ എല്ലാ ബുദ്ധിമുട്ടുകളും ക്ഷമിക്കാം..!'' അദ്ദേഹത്തിന്റെ മറുപടി.
തന്റെ രക്ഷ മറ്റൊരാള്‍ക്ക് ശിക്ഷയായി ഭവിക്കുന്ന സ്ഥിതി ദു:സ്ഥിതിയാണ്. തന്റെ ലാഭം മറ്റൊരുത്തനു നഷ്ടമായി മാറിക്കൂടാ. തന്റെ ജീവിതം മറ്റൊരാളുടെ മരണമായി മാറിയാല്‍ അതല്ലേ വലിയ പാപം. വേറൊരാളെ രോഗിയാക്കിയിട്ടാകരുതല്ലോ ആരോഗ്യം വീണ്ടെടുക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത്. മറ്റുള്ളവരുടെ പട്ടിണിയാണ് തനിക്കു വയറുനിറയ്ക്കാന്‍ തുണയാകുന്നതെങ്കില്‍ ആ വയറുനിറയ്ക്കലിനെ പാപമായി കാണാന്‍ കഴിയണം. താന്‍ തടിയൂരിയാല്‍ മറ്റുള്ളവരുടെ തടി കേടാകുമെങ്കില്‍ എത്രയും വേഗം ആ ഊരല്‍പ്പണി പിന്‍വലിച്ചുകളയേണ്ടതുണ്ട്. അപരന്റെ പരാജയമാണ് തന്റെ വിജയരഹസ്യമെങ്കില്‍ ആ വിജയത്തിന് പരാജയത്തിന്റെ മൂല്യമല്ലാതെ മറ്റൊന്നുമില്ല.
മറ്റുള്ളവര്‍ക്കെന്തു പറ്റിയാലും എനിക്കൊന്നും പറ്റരുതെന്ന സങ്കുചിതത്വത്തില്‍നിന്ന് ഞാന്‍ കഷ്ടപ്പെട്ടാലും മറ്റുള്ളവര്‍ കഷ്ടപ്പെടരുതെന്ന വിശാലതയിലേക്കുള്ള ദൂരം ചെറുതൊന്നുമല്ല. 'തല്‍ക്കാലം ഞാനെന്റെ തലയില്‍നിന്ന് ഒഴിവാക്കുന്നു' എന്നൊക്കെ പറഞ്ഞോളൂ. പക്ഷെ, നിങ്ങള്‍ക്കു മാത്രമല്ല, മറ്റുള്ളവര്‍ക്കും തലയുണ്ടെന്ന കാര്യം മറക്കരുത്. ലാഭത്തില്‍ വന്നേക്കാവുന്ന കമ്മിയാണ് മായം ചേര്‍ക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നതെങ്കില്‍ മറ്റുള്ളവര്‍ക്ക് ലാഭക്കമ്മിയല്ല, ജീവന്‍ തന്നെയാണ് നഷ്ടപ്പെടാന്‍ പോകുന്നതെന്നു ചിന്തിക്കണം. പലിശയിനത്തില്‍ നിങ്ങളുടെ അക്കൗണ്ടിലേക്കു വന്നുചേരുന്ന 'ലാഭം' മറ്റൊരുത്തന്റെ മൂലധനത്തില്‍നിന്നു ചേര്‍ന്നുപോയ നഷ്ടമാണെന്നറിയാന്‍ ഇനിയും വൈകരുത്.
ഏറ്റവും ഉയര്‍ന്ന സംസ്‌കാരം പകര്‍ന്നുതരാനാണല്ലോ പുണ്യപ്രവാചകരെത്തിയത്. അവിടുത്തെ പ്രസിദ്ധമായ ഒരു വാക്യമുണ്ട്: ''തനിക്ക് ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളിലാരും സമ്പൂര്‍ണ വിശ്വാസിയാകില്ല.''
തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ തന്റെ സഹോദരന്റെ കാര്യത്തിലും ഉണ്ടാകണമെന്ന ധാര്‍മികപാഠം വിശാലമായ സംസ്‌കാരിക മൂല്യങ്ങള്‍ ഉള്‍കൊള്ളുന്നുണ്ട്. ഒരാള്‍ സ്വന്തത്തെ കാണുന്നതുപോലെ മറ്റുള്ളവരെയും കാണാന്‍ കഴിയുന്നിടത്താണ് ആ പാഠത്തിന്റെ പ്രായോഗികത കിടക്കുന്നത്. തനിക്കിഷ്ടമില്ലാത്തത് മറ്റാര്‍ക്കെങ്കിലും കൊടുത്തൊഴിവാക്കുന്നതല്ല, തനിക്കേറ്റം പ്രിയങ്കരമായത് സങ്കോചലേശമന്യേ മറ്റൊരാള്‍ക്ക് സമര്‍പ്പിക്കാന്‍ കഴിയുന്നതാണ് ആ സംസ്‌കാരം. താന്‍ പരാജയപ്പെട്ട സ്ഥിതിക്ക് ഇനിയാരും വിജയിക്കരുതെന്ന് ചിന്തിക്കലല്ല, തന്റെ സ്ഥിതി മറ്റാര്‍ക്കും വരരുതേ എന്നു പ്രാര്‍ഥിക്കലാണത്.
തലപെരുക്കുന്ന ഉത്തരവാദിത്തമാണ് നിങ്ങള്‍ക്കുള്ളതെന്നു കരുതുക. അതുമായി മുന്നോട്ടുപോകാന്‍ വയ്യാത്തതുകൊണ്ട് തല്‍ക്കാലം നിങ്ങള്‍ അതില്‍നിന്നു രാജിയാകുന്നു. എങ്കില്‍ അതൊരു സാധാരണ സംസ്‌കാരമാണ്. ഇനി രാജി വയ്ക്കുന്നില്ലെന്നു കരുതുക. രാജിയാകാതിരിക്കാന്‍ കാരണം താന്‍ ആ ഉത്തരവാദിത്തത്തില്‍നിന്ന് തടിയൂരിയാല്‍ മറ്റാരുടെയെങ്കിലും തടിയില്‍ അതു വരുമല്ലോ എന്ന ചിന്ത. ആരും ഏറ്റെടുത്തില്ലെങ്കില്‍ എല്ലാവരും കഷ്ടപ്പെടുമല്ലോ എന്ന വിചാരം. ഇതാണ് നിങ്ങളെ രാജിയില്‍നിന്ന് പിന്തിരിപ്പിച്ച് തല്‍സ്ഥാനത്ത് തുടരാന്‍ പ്രേരിപ്പിക്കുന്നതെങ്കില്‍ അതൊരു ഉന്നതമായ സംസ്‌കാരമാണ്. പ്രതിഭാശാലികള്‍ക്കു മാത്രം സാധ്യമാകുന്ന സംസ്‌കാരം.
കള്ളനാണയം തന്ന് സാധനം വാങ്ങിപ്പോകുന്ന ഒരു സ്ഥിരം കസ്റ്റമറെ കുറിച്ച് കേട്ടിട്ടുണ്ട്. കച്ചവടക്കാരന് അദ്ദേഹത്തെ നന്നായി അറിയാമായിരുന്നു. അയാള്‍ തനിക്കു നല്‍കുന്നത് എവിടെയും ചെലവാകാത്ത പണമാണെന്നും അറിയാം. എന്നിട്ടും ക മ മിണ്ടാതെ അയാള്‍ക്ക് ആ കച്ചവടക്കാരന്‍ സാധനങ്ങള്‍ നല്‍കും. അതിനദ്ദേഹം പറഞ്ഞ കാരണമെന്തെന്നോ..
'ഞാന്‍ ആ കള്ളനാണയം സ്വീകരിച്ചില്ലെങ്കില്‍ അവന്‍ മറ്റാര്‍ക്കെങ്കിലും അതു നല്‍കി സാധനം വാങ്ങും. കഥയറിയാത്തവര്‍ അവന്റെ ചതിയില്‍ പെടുകയും ചെയ്യും. അതില്ലാതാക്കാനാണ് ആ നാണയം ഞാന്‍ സ്വീകരിക്കുന്നത്. സ്വീകരിച്ചു കഴിഞ്ഞാല്‍ പിന്നീട് അതുകൊണ്ട് അവന്‍ വിനിമയം നടത്തില്ലല്ലോ. ഞാനവന് ചരക്കു വില്‍ക്കുകയല്ല, ദാനമായി നല്‍കുകയാണു ചെയ്യുന്നത്.. അവന്റെ കള്ളനാണയങ്ങള്‍ മറ്റാരുടെയും കൈയ്യിലെത്താതിരിക്കാന്‍ ഞാനതു വാങ്ങി നശിപ്പിക്കുന്നു..!'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."