ഫസല്‍ വധക്കേസില്‍ തുടരന്വേഷണമില്ല
കൊച്ചി: ഫസല്‍ വധക്കേസില്‍ തുടരന്വേഷണമില്ല. ഫസലിന്റെ സഹോദരന് അബ്ദുള്‍ സത്താര്‍ നല്കിയ ഹരജി കൊച്ചി സി.ബി.ഐ കോടതി തള്ളി. ഫസലിനെ കൊലപ്പെടുത്തിയത് താനുള്‍പ്പെട്ട സംഘമാണെന്ന ആര്.എസ്.എസ് പ്രവര്ത്തകന് സുബീഷിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് സത്താര്‍ കോടതിയെ സമീപിച്ചത്.
ഫസലിനെ കൊലപ്പെടുത്തിയതിന്റെ വിശദാംശങ്ങൾ സുബീഷ് പൊലിസിനോടു വെളിപ്പെടുത്തുന്ന ദൃശ്യങ്ങളും സത്താർ കോടതിയില്‍ സമർപ്പിച്ചിരുന്നു.
എന്നാല്‍ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്താനാവില്ലെന്നു കോടതി വ്യക്തമാക്കി.ഫസലിന്റെ സഹോദരനും സിപിഎം അനുഭാവിയുമായ അബ്ദുൾ സത്താർ അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു സിബിഐയുടെ വാദം.
ഹരജിയില്‍ സി.ബി.ഐ. പ്രത്യേക കോടതിയില്‍ വാദം കഴിഞ്ഞയാഴ്ച പൂര്‍ത്തിയായിരുന്നു. കേസില്‍ സി.പി.എം. നേതാക്കളായ കാരായി രാജന്, കാരായി ചന്ദ്രശേഖരന് എന്നിവരുള്‍പ്പെടെ എട്ടുപേരെ പ്രതികളാക്കിയാണ് സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.
ഫസലിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസിന്റെ സംഘമാണെന്നും സി.പി.എം പ്രവര്‍ത്തകര്‍ അല്ലെന്നും മറ്റൊരു കേസില്‍ അറസ്റ്റിലായ ആര്.എസ്എസ് പ്രവര്ത്തകന് ചെമ്പ്ര സ്വദേശി സുബീഷ് മൊഴി നല്‍കിയത്. കണ്ണൂര്‍ വാളാങ്കിച്ചാലില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി മോഹനന്റെ കൊലപാതക കേസില്‍ അറസ്റ്റിലായപ്പോഴായിരുന്നു സുബീഷിന്റെ വെളിപ്പെടുത്തല്‍. തുടര്‍ന്നാണ് പുനരന്വേഷണം ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരന് പ്രത്യേക സി.ബി.ഐ കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."