ചരക്കു ഗതാഗതത്തിനു റഷ്യ, ഇറാന്‍ സഹകരണത്തോടെ ഇന്ത്യ പുതിയ പാത യാഥാര്‍ഥ്യമാക്കുന്നു
റിയാദ്: ചിലവ് ചുരുങ്ങിയ മാര്‍ഗ്ഗത്തില്‍ എണ്ണയടക്കമുള്ള ചരക്കു ഗതാഗതത്തിനായി പുതിയ പാത പ്രാബല്യത്തില്‍ വരുത്താന്‍ റഷ്യ, ഇറാന്‍, ഇന്ത്യ എന്നീ രാജ്യങ്ങള്‍ ശ്രമം തുടങ്ങി. നിലവിലെ എണ്ണകടത്താനുപയോഗിക്കുന്ന സൂയിസ് കനാലിനു പകരമായി ഇതിലും ചുരുങ്ങിയ ചിലവില്‍ എണ്ണയെത്തിക്കുകയും മറ്റു ചരക്കുകള്‍ കൊണ്ട് പോകുകയും ചെയ്യാനായി 7,200 കിലോമീറ്റര്‍ ദൂരമുള്ള പദ്ധതിയാണ് ലക്ഷ്യമാക്കുന്നത്. അടുത്ത മാസം മൂന്നു രാജ്യങ്ങളും ചേരുന്ന യോഗത്തില്‍ ഇതേ കുറിച്ച് അന്തിമ തീരുമാനം ഉണ്ടാകുമെന്നു അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കടലില്‍ കൂടിയും കര മാര്‍ഗ്ഗവുമുള്ള ട്രെയിന്‍ സര്‍വ്വീസ് വഴിയുമുള്ള ഇന്റര്‍നാഷണല്‍ നോര്‍ത്ത്‌സൗത്ത് ട്രാന്‍സ്‌പോര്‍ട്ട് കോറിഡോര്‍ (ഐ എന്‍ എസ് ടി സി) പദ്ധതി വഴിയാണ് ഇത് സാധ്യമാക്കുന്നത്. ഇന്ത്യന്‍ മഹാ സമുദ്രത്തെയും പേര്‍ഷ്യന്‍ ഗള്‍ഫ് വഴിയും പോകുന്ന പാത ഇറാന്‍, റഷ്യ വഴി വടക്കന്‍ യൂറോപ്പിലേക്കാണ് എത്തിച്ചേരുക.
ഇന്ത്യയില്‍ നിന്നുള്ള ചരക്കുകള്‍ കാസ്പിയന്‍ കടല്‍ മാര്‍ഗ്ഗം ഇറാനിലെ ബന്ദര്‍ അബ്ബാസിലേക്ക് എത്തിക്കുകയും ഇവിടെ നിന്ന് റഷ്യയിലെ അസ്ത്രാഖാനിലേക്ക് തിരിച്ചു വിടുകയും അവിടെ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം യൂറോപ്പിലേക്ക് എത്തിക്കുകയും ചെയ്യുന്ന വളരെ ബൃഹത്തായ കടല്‍, കര റൂട്ട് മാപ്പാണ് ഇറാന്‍, റഷ്യ, ഇന്ത്യ സംയുക്തമായി ലക്ഷ്യമിടുന്നത്. നിലവിലെ അവസ്ഥയില്‍ നിന്നും വ്യത്യസ്തമായി മുപ്പത് മുതല്‍ നാല്‍പതു ശതമാനത്തിലധികം ചരക്കുകള്‍ വളരെ ചുരുങ്ങിയ ചിലവില്‍ കടത്താന് സാധ്യമാകുമെന്നതും സമയലാഭവും ഉണ്ടാകുമെന്നതാണ് ഈ യാത്രാ മാര്‍ഗ്ഗത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സൂയസ് കനാലുമായി താരതമ്യം ചെയ്യുമ്പോള്‍ മുംബൈ നിന്നും റഷ്യന്‍ തലസ്ഥാനമായുള്ള മോസ്‌കൊയിലേക്കുള്ള ചരക്കു യാത്രക്കുള്ള സമയം ഇരുപത് ദിവസമായി ചുരുങ്ങുകയും ഇത് മൂലം ഇരുപത് മുതല്‍ മുപ്പത് മില്യണ്‍ ചരക്കുകള്‍ വര്ഷം പ്രതി കടത്താനും കഴിയും.
പദ്ധതിയുടെ പ്രാഥമികള്‍ ചര്‍ച്ചകള്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ യൂണിയന്‍ കൊമേഴ്‌സ്, ഇന്‍ഡസ്ട്രി മന്ത്രി സുരേഷ് പ്രഭുവുമായി റഷ്യന്‍ ബിസിനസ്സ് പ്രതിനിധി സംഘം ന്യൂ ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ച്ചയില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി. പുതിയ പാത പ്രാബല്യത്തില്‍ വരുന്നത്തോടെ ചരക്കു നീക്കത്തിലെ പ്രതിസന്ധികള്‍ പൂര്‍ണ്ണമായും പരിഹരിക്കപ്പെടുമെന്ന് സുരേഷ് പ്രഭു കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. ഇന്ത്യന്‍ മഹാ സമുദ്രം, പേര്‍ഷ്യന്‍ ഗള്‍ഫ് എന്നിവയിലൂടെ കടന്നു ഇറാന്‍ പിന്നിട്ടു റഷ്യയും നോര്‍ത്ത് യൂറോപ്പും എത്തിച്ചേരുന്ന ഇന്റര്‍നാഷണല്‍ നോര്‍ത്ത്‌സൗത്ത് ട്രാന്‍സ്‌പോര്‍ട്ട് കോറിഡോര്‍ പദ്ധതി ഏറ്റവും സമയം കുറഞ്ഞ മള്‍ട്ടി മോഡല്‍ ഗതാഗത റൂട്ടാണെന്നു മന്ത്രി പറഞ്ഞു. പുതിയ പാതയിലൂടെയുള്ള ചരക്കു കടത്ത് ഉടന്‍ തന്നെ തുടങ്ങുന്നതിനു മുന്നോടിയായി ഈ മാസം 23 നു ഇന്ത്യ, റഷ്യ, ഇറാന്‍ ത്രിതല കൂടിക്കാഴ്ച്ച നടക്കും.
ഇന്ത്യക്കാവശ്യമായതും മധ്യേഷ്യയില്‍ സുലഭമായതുമായ എണ്ണയുള്‍പ്പെടെയുള്ള റിസോഴ്‌സിലേക്ക് എത്തിപ്പെടാന്‍ ചൈന, യൂറോപ്പ്, ഇറാന്‍ എന്നിവയില്‍ ഏതെങ്കിലും ഒരു രാജ്യവുമായി ചേര്‍ന്ന് മാത്രമേ സാധ്യമാകുകയുള്ളൂ. എന്നാല്‍, ചൈന, യൂറോപ്പ് എന്നിവ കേന്ദ്രീകരിച്ചുള്ള യാത്ര വളരെ ചെലവേറിയതും ധാരാളം സമയം ഉപയോഗിക്കേണ്ടവയുമാണ്. ഐ എന്‍ എസ് ടി സി യുമായി ബന്ധപ്പെട്ടു കിടക്കുന്ന ഇറാനിലെ തന്ത്ര പ്രധാനമായ ചബഹാര്‍ തുറമുഖം പരമാവധി ഉപയോഗപ്പെടുത്താനും ഇന്ത്യ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇറാനുമായി ചേര്‍ന്ന് മള്‍ട്ടി ബില്യണ്‍ ഡോളര്‍ ചിലവില്‍ ചൈനയുടെ ഒരു ബെല്‍റ്റ് ഒരു റോഡ് പദ്ധതിയുടെ പശ്ചാത്തലത്തിലാണ് പുതിയ പാതയുടെ പദ്ധതിയുമായി ത്രിരാഷ്!ട്രങ്ങള്‍ രംഗത്തെത്തിയത്. ഇറാനെതിരെ അമേരിക്ക ഉപരോധം കൊണ്ട് വരുമെന്ന ഭീഷണി നില നില്‍ക്കുന്ന അവസരത്തിലും ഇറാനുമായി ചേര്‍ന്ന് എണ്ണയിറക്കുമതി ഇന്ത്യ തുടരുന്ന സാഹചര്യത്തില്‍ പദ്ധതി വന്‍ വിജയമായിരിക്കുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."