കബനിയിലൊരു കുട്ടവഞ്ചി യാത്ര
ശിഹാബ് പെരുവള്ളൂര്‍#
നടക്കാത്ത സ്വപ്നയാത്രകളെക്കാള്‍ ന#ടക്കുന്ന ചെറുയാത്രകളാണു മനോഹരം. സ്വപ്നസമാനമായ അത്തരമൊരു യാത്രയായിരുന്നു കബനിയിലേക്കുള്ള ബുള്ളറ്റ് റൈഡ്. രണ്ടു ദിവസത്തെ ബൈക്ക് റൈഡില്‍ രണ്ടാം ദിവസമാണ് കബനിയിലേക്കു യാത്ര പുറപ്പെട്ടത്. മലമ്പാതകളുടെ ഗാംഭീര്യം ആവേശിച്ച പാല്‍ചുരം വെള്ളച്ചാട്ടവും തേയിലത്തോട്ടങ്ങളുടെ വശ്യസൗന്ദര്യം പേറുന്ന ബോയ്‌സ് ടൗണും കടന്ന് മുനീശ്വരന്‍ കുന്നിലെ അസ്തമയവും കണ്ട് കോഫി ബീന്‍സിലെത്തുമ്പോള്‍ രാത്രി എട്ടുമണി ആയിക്കാണും. യു.എസിലെ ഷിപ്പില്‍ ജോലി ചെയ്യുന്ന അമലും ദുബൈക്കാരന്‍ ഹവാസും ജിനിലും നൗഫലും ബിന്‍ഷാദും ഒക്കെയായി പുതിയ സൗഹൃദങ്ങള്‍ക്കു തുടക്കമാവുകയായിരുന്നു.
വയനാട്ടിലെ പുഴകള്‍ മാനന്തവാടി, വൈത്തിരി, പനമരം പിന്നിട്ടാണത്രെ കബനി പുഴയാകുന്നത്. കാനനപാതയിലൂടെ ചോലകള്‍ താണ്ടി, കുതിച്ചൊഴുകുന്ന കബനിയോടൊപ്പം കര്‍ണാടകയിലെത്തുമ്പോള്‍ ബീച്ചനഹള്ളിയില്‍ അണകെട്ടിയ തടങ്ങളില്‍ കബനി ശാന്തമാകും. ഇവിടെനിന്നു രാവിലെ തിരിച്ചാല്‍ പ്രഭാതകാഴ്ചകള്‍ കണ്ടുകൊണ്ടുതന്നെ കബനിയിലെത്താം. കോഡിനേറ്റര്‍ നിയാസ് പിറ്റേന്നത്തെ പ്രോഗ്രാം പറഞ്ഞവസാനിപ്പിച്ചു സൗഹൃദക്കൂട്ടം കിടക്കാന്‍ പിരിയുമ്പോള്‍ സമയം 12 കഴിഞ്ഞിരുന്നു.
അതിരാവിലെ തന്നെ എണീറ്റു കുളിച്ച് പ്രാതലും കഴിഞ്ഞ് കോഫി ബീന്‍സ് മുറ്റത്തുനിന്ന് ഫോട്ടോ ഷൂട്ടും കഴിഞ്ഞ് റൈഡേഴ്‌സുമൊത്ത് യാത്ര ആരംഭിച്ചു. മാനന്തവാടി, കാട്ടിക്കുളം, ബാവലി, ബൈരക്കുപ്പ, കബനി ഇങ്ങനെയാണ് റൂട്ട്. മഞ്ഞിന്റെ അരികുപറ്റി, പുലര്‍ക്കാല ഛായാചിത്രങ്ങളിലൂടെയായിരുന്നു മാനന്തവാടിയില്‍നിന്ന് ബാവലിയിലേക്കുള്ള യാത്ര. നീണ്ടുകിടക്കുന്ന ശാന്തമായ റോഡിലൂടെ നാട്ടുരുചികള്‍ അനുഭവിച്ചും നാട്ടുഗ്രാമങ്ങള്‍ കണ്ടുംകൊണ്ടുള്ള യാത്ര സ്വപ്നം കാണാന്‍ തുടങ്ങിയിട്ടു കുറച്ചുനാളായി. കൊളുന്ത് നുള്ളാന്‍ പോകുന്ന തൊഴിലാളികളാണ് വയനാടിന്റെ രാവിലെ കാഴ്ചകളില്‍ ഏറ്റവും മനോഹരം. കൂട്ടംകൂടി കഥകള്‍ പറഞ്ഞ്, കൈയില്‍ ചായപാത്രങ്ങളും പുറത്ത് തേയില നുള്ളിയിടാനുള്ള സഞ്ചികളുമായി തോട്ടങ്ങളിലെ ചെറുവഴികളിലേക്ക് അവര്‍ നടന്നുകയറുന്നു. തേയില കാഴ്ചകളില്‍നിന്ന് മാനന്തവാടിയും കഴിഞ്ഞു കാനനവിസ്മയങ്ങളിലേക്കു പ്രവേശിച്ചുതുടങ്ങി.
കാട്ടിക്കുളവും തോല്‍പ്പെട്ടിയും കഴിഞ്ഞ് കുറേകൂടി മുന്നോട്ടുനീങ്ങിയപ്പോള്‍ ബാവലി എന്ന ചെറുഗ്രാമത്തിലെത്തി. അവിടെ ബാവലി പുഴയ്ക്കു കുറകെയുള്ള ഇടുങ്ങിയ പാലം കടന്ന് കര്‍ണാടകയില്‍ പ്രവേശിച്ചു. സ്വാഗതമോതി വരവേറ്റിരിക്കുന്നു കര്‍ണാടകം. ബോര്‍ഡുള്ളതിനാല്‍ വഴി ചോദിക്കേണ്ടി വന്നില്ല. ബാവലി ചെക്ക് പോസ്റ്റില്‍നിന്നു വലതു തിരിഞ്ഞാല്‍ ബൈരക്കുപ്പയിലേക്കുള്ള ഗ്രാമപാതയാണ്. പുലര്‍വേളയില്‍ ഗ്രാമവീഥികളിലൂടെ ഈ അലസസഞ്ചാരം വല്ലാത്തൊരു രസമാണ്. ബൈക്കിന്റെ കുതിപ്പില്‍ മുഖത്ത് ഇളംകുളിര്‍ ചുംബനങ്ങള്‍. റോഡിനിരുവശവും കാര്‍ഷികക്കാഴ്ചകള്‍ കണ്ടുള്ള യാത്ര. കരിമ്പും എള്ളും ഇഞ്ചിയും അരിയും വിളയുന്ന നിലങ്ങള്‍ കാഴ്ചകള്‍ക്കപ്പുറത്തേക്കു പടര്‍ന്നുകിടക്കുന്നു.
പാടങ്ങള്‍ക്കപ്പുറത്ത് ചെറിയ കുടിലുകള്‍ നീണ്ടുകിടക്കുകയാണ്. എല്ലാ കുടിലിനുമുന്നിലും കുന്നുപോലെ വൈക്കോല്‍കൂനകള്‍ കാണാം. ചിലയിടങ്ങളില്‍ പറമ്പുകളില്‍ വേലിക്കിരിക്കുന്ന കുട്ടികള്‍. മണ്ണില്‍ മാന്തി കളിച്ചുകൊണ്ടാണ് അവരുടെ ഇരുത്തം. കുടിലുകള്‍ക്കുമുന്നില്‍ വിശാലമായി കിടക്കുന്ന നെല്‍പ്പാടങ്ങള്‍. ഒഴിഞ്ഞ റോഡും വിളവെടുപ്പ് കഴിഞ്ഞ പാടവും. പാടത്തിനുനടുവില്‍ പൊതുകിണറുകള്‍ കാണാം. പാടത്തിന് അരികുചേര്‍ന്നു മരത്തിനുമുകളില്‍ കാവല്‍മാടങ്ങള്‍.
രാത്രിയില്‍ മൃഗങ്ങള്‍ ഇറങ്ങി കൃഷി നശിപ്പിക്കാതെ നോക്കിയിരിക്കാനാണ് പോലും ഈ കാവല്‍മാടങ്ങള്‍. ട്രാക്ടറും കൊയ്ത്ത് മെഷീനുകളും ഇനിയും ഓടിയെത്തിയിട്ടില്ലാത്ത കളങ്ങളില്‍ കന്നുകാലികളാണു നിലം പൂട്ടുന്നത്. കാലം ഇവിടെ ഇപ്പോഴും അല്‍പ്പം പഴഞ്ചനാണ്. ഏറെ ദൂരം പോകേണ്ടി വന്നില്ല, അപ്പോഴേക്കും ഇടുങ്ങിയ ചെറുപട്ടണത്തിലെത്തി. ഇതാണ് കര്‍ണാടകയുടെ കൈയൊപ്പ് ചാര്‍ത്തുന്ന ഗ്രാമീണരുടെ ആശ്രയമായ ബൈരക്കുപ്പ. ഞങ്ങള്‍ വണ്ടിയൊതുക്കി. പേരില്‍ കര്‍ണാടകമാണെങ്കിലും ടൗണിലെമ്പാടും മലയാളികള്‍. കൂടെയുള്ള ജിനിലിന്റെയും അമലിന്റെയും വീട് ഈ കടവിനക്കരെ പുല്‍പ്പള്ളിയിലാണ്.
കബനിതീരത്തെ ഈ പട്ടണത്തോടു ചേര്‍ന്നുള്ള കടവില്‍ മലയാളികള്‍ അക്കരെനിന്ന് ഇക്കരേക്കും ഇവിടത്തുകാര്‍ മറ്റു പല ആവശ്യങ്ങള്‍ക്കും കടത്തുതോണിയില്‍ അക്കരേക്കും ദിനേനെ പോയിവരുന്നു. അക്കരേക്കു പാലമില്ലാത്തതിനാല്‍ ഇവിടത്തെ ചിലരുടെ ജീവിതോപാധിയാണ് ഈ കടവ്. ജിനിലും അമലും റൈഡ് കഴിഞ്ഞ് വൈകിട്ട് ഈ കാണുന്ന കടത്ത് തോണിയില്‍ ബുള്ളറ്റ് കയറ്റി വീടണയും.
ഒഴുകി ഇറങ്ങുന്ന കബനി പുഴയിലേക്കാണിനി പോവാനുള്ളത്. വനഛായകള്‍ പകര്‍ന്ന നിമ്‌നോന്നതമായ ഭൂരാശികള്‍, കാര്‍ഷിക ബിംബങ്ങള്‍ പുല്‍കിയ ഗ്രാമങ്ങള്‍, ഒരു മലകയറിയാല്‍, ഒരു കാടു കഴിഞ്ഞാല്‍, ഒരു പുഴ കടന്നാല്‍, ഒരു വിളിയുടെ പ്രതിധ്വനി തീര്‍ന്നാല്‍ ഞങ്ങള്‍ പുല്‍പ്പള്ളിക്കാര്‍ക്ക് കര്‍ണാടകയായി. കടവിനിപ്പുറം നാട്ടില്‍നിന്ന് ഇത്രയും അടുത്തായിട്ടും എത്രയോ അകലെ ആയതുപോലെ തോന്നിയിട്ടുണ്ട് പലപ്പോഴും ഞങ്ങള്‍ക്ക്. ഇവിടെ സംസ്‌കാരവും ഭാഷയും രീതിയും എല്ലാം വേറെ തന്നെയാണ്.
ബൈരകുപ്പയില്‍നിന്ന് അല്‍പ്പമൊന്ന് പോയപ്പോള്‍ ബാവലിയില്‍നിന്ന് മൈസൂരുവിലേക്കു പോവുന്ന റോഡിലേക്കു തന്നെ ചെന്നുകയറി. ശരിക്കും റോഡിന്റെ സ്വഭാവം തന്നെ മാറിയിരിക്കുന്നു. നല്ല ഒന്നാന്തരം നീണ്ടു പുളഞ്ഞുപോകുന്ന കിടലന്‍ റോഡ്. ആക്‌സിലേറ്റര്‍ മുഴുവന്‍ കൊടുത്ത് പോവും അറിയാതെ. റേസിങ് കാറുകാരുടെയും സാഹസിക ബൈക്ക് യാത്രികരുടെയും ഇഷ്ട റൂട്ട് കൂടിയാണിത്. അവരെ നിയന്ത്രിക്കാനും, ആനയും പുലിയും റോഡിലേക്കിറങ്ങുന്നതും കൊണ്ടാവാം ഓരോ കിലോമീറ്ററിലും കനം കുറഞ്ഞ വീതിയേറിയ പരന്ന അമ്പുകളുണ്ട്. കര്‍ണാടക-കേരള സംസ്ഥാനങ്ങളിലേക്ക് സാധനങ്ങളുമായി വന്നുപോവുന്ന ചരക്കുലോറിക്കാര്‍ ഈ റൂട്ടില്‍ ധാരാളമാണ്.
നിശബ്ദതയാണ് ഇതിലൂടെ പോവുമ്പോള്‍ മനസിനു സന്തോഷം പകരുന്നത്. ചിലയിടങ്ങളില്‍ കാടിനോടു ചേര്‍ന്ന് ആദിവാസി ഊരുകള്‍ കാണാം. അതിനാവും ചിലയിടങ്ങളില്‍ കാട്ടിലൂടെ നീണ്ടുപോവുന്ന നടവഴികള്‍. ഉദ്ഗൂര്‍ ചെക്ക് പോസ്റ്റിനു മുന്‍പായി വലത്തോട്ട് തിരിഞ്ഞ് ഒരുപാട് പേര്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനിയോട് ചാരി ഒരു കിലോമീറ്റര്‍ വച്ചുപിടിച്ചാല്‍ കബനി പുഴയുടെ ഓരത്തെത്താം. സാമാന്യം നല്ല വെയില്‍ വീണു തുടങ്ങിയിരുന്നു. ചെറിയ പെണ്‍കൊടികള്‍ അവരുടെ ഡ്രസ്സുകള്‍ അലക്കി ഉണക്കുന്നുണ്ട്. കുട്ടികള്‍ ഓടിക്കളിക്കുന്നു. കന്നുകാലിക്കൂട്ടം വെയിലില്‍ തളര്‍ന്നുകിടക്കുകയാണ്. ഇതെല്ലാം കണ്ടുകൊണ്ടാണ് കബനി പുഴയുടെ തീരത്തിനിടയിലൂടെ കുട്ടവഞ്ചി ലക്ഷ്യമാക്കി കുതിച്ചത്.
കേരളത്തില്‍ ഒരു പുഴക്കുമില്ലാത്ത സ്വഭാവമാണു കാഴ്ചയിലും പെരുമാറ്റത്തിലും കബനിക്ക്. നേര്‍വര പോലെ ഒഴുകുമ്പോഴും ഇടയ്ക്ക് ഉയര്‍ന്നുനില്‍ക്കുന്ന പച്ചത്തുരുത്തുകള്‍ കാണാം. വയനാട്ടിലെ കബനി കര്‍ണാടക ഗ്രാമത്തിലെത്തുമ്പോള്‍ അതിന്റെ വീതി ഒന്നര കിലോമീറ്റര്‍ വരെ നീളും. എന്നാല്‍ വേനലില്‍ പുഴ ചെറുതാകുമ്പോള്‍ ഇത് 150 മീറ്ററായി ചുരുങ്ങിപ്പോവുകയും ചെയ്യും. ബീച്ചനഹള്ളി അണക്കെട്ടിന്റെ റിസര്‍വോയര്‍ നിറയുമ്പോള്‍ കബനി കടല്‍ പോലെയാകുമത്രെ.
വെയില്‍ വന്ന് കുറുമ്പ് കാണിച്ചു തുടങ്ങുന്നുണ്ട്. ഒരു കുട്ടവഞ്ചി യാത്ര കൂടി ഈ വരവിലെ ലക്ഷ്യമാണ്. കുറച്ചുനാള്‍ മുന്‍പ് സുഹൃത്ത് സുഹൈല്‍ വന്നു പരിചയപ്പെട്ട സ്വാമിയണ്ണന്‍ അക്കരെ ഗുണ്ടത്തൂരിലേക്ക് ആളുകളുമായി പോയതാണ്. പുള്ളിയെ കാത്തിരിപ്പ് തുടങ്ങിയിട്ട് മണിക്കൂര്‍ ഒന്ന് കഴിഞ്ഞു. രണ്ടു കുട്ടവഞ്ചിയില്‍ അക്കരയിലേക്ക് പോവാന്‍ ഞങ്ങളുടെ അടുത്ത് ഒരു വന്‍പട തന്നെ കാത്തുനില്‍പ്പുമുണ്ട്. നല്ല വെയിലില്‍ കാത്തിരിപ്പ് അസഹനീയമായി തുടങ്ങി. ദാഹം സഹിക്കവയ്യാതായപ്പോള്‍ ഞാന്‍ തൊട്ടടുത്തുള്ള കോളനിയിലേക്കിറങ്ങി. പക്ഷേ ഒരു രക്ഷയുമില്ല. ഒരിറ്റ് വെള്ളം കിട്ടാന്‍ ഒരു കടപോലുമില്ല. തിരിച്ചുവന്നപ്പോള്‍ സ്വാമിയണ്ണന്‍ കരപറ്റി തുടങ്ങിയിരുന്നു. കണ്ടപാടെ സുഹൈലിനെ കെട്ടിപ്പടിച്ചു. സ്വാമിയണ്ണന്‍ നാരായണന്‍ എന്ന തന്റെ സുഹൃത്തിനെ ഏര്‍പ്പാട് ചെയ്തുതന്നു. ഞങ്ങള്‍ അഞ്ചുപേരെ കുട്ടവഞ്ചി യാത്രയ്ക്കു തയാറായുള്ളൂ. ബാക്കിയുള്ളവര്‍ ഞങ്ങളുടെ മുഖത്തെ ഭാവഭേദങ്ങള്‍ പകര്‍ത്താന്‍ കരയില്‍ തന്നെയിരുന്നു.
കുട്ടവഞ്ചി പതുക്കെ അനങ്ങിത്തുടങ്ങി. നാരായണേട്ടന്റെ തുഴപാട്ടുകളില്‍നിന്നു വരുന്ന ജലരേഖകള്‍ കുട്ടവഞ്ചിയില്‍ തട്ടി ഇല്ലാതായിക്കൊണ്ടിരിക്കുന്നു. കൂടെ കാറ്റുതീര്‍ക്കുന്ന ഓളങ്ങളും. ആദ്യമായി കുട്ടവഞ്ചിയില്‍ കയറുന്നവരായതുകൊണ്ടാവാം നാരായണേട്ടന്‍ വളരെ പതുക്കെയാണു തുഴഞ്ഞുപോവുന്നത്. അക്കരെ കാണുന്ന ഗുണ്ടത്തൂരിലേക്കാണ് എല്ലാവരുടെയും ശ്രദ്ധ. ഉദ്ഗൂര്‍ നിവാസികളുടെ ബന്ധുക്കളാണ് ആ കാണുന്ന ഗുണ്ടത്തൂരിലുള്ള മിക്കവരും. പുഴയുടെ ഇക്കരയിലുള്ള കോളനിയിലെ മിക്കവരുടെയും കുടുംബക്കാര്‍ താമസിക്കുന്നത് അവിടെയാണ്. പക്ഷേ രണ്ടു കരയിലുള്ളവരും തമ്മില്‍ വഴക്കുണ്ടായാല്‍ കുടുംബക്കാരാണെന്നൊക്കെ മറന്നു ശത്രുരാജ്യങ്ങളെ പോലെയാകും.
നമ്മുടെ സ്വാമിയണ്ണന്‍ ഗുണ്ടത്തൂരിലാണ് താമസം. നാരായണേട്ടന്റെ ഈ വിശേഷങ്ങള്‍ ഒക്കെ കേട്ട് പുഴയുടെ നടുവില്‍ ഒട്ടും കൂസലില്ലാതെ മൂളിപ്പാട്ടും പാടി ആസ്വദിച്ചിരിക്കുകയാണ് ഞങ്ങള്‍. വെള്ളത്തില്‍ ഇരുന്നതിന് സമാനമാണ് ഞങ്ങളുടെ മൂടുകളുടെ അവസ്ഥ. അങ്ങു ദൂരെ മാന്‍പേടകള്‍ വെള്ളം കുടിക്കാന്‍ വന്ന കാഴ്ച പെട്ടെന്നാണ് നാരായണേട്ടന്‍ കാണിച്ചുതന്നത്. ഇപ്പുറം പുല്ല് കൊണ്ട് മേഞ്ഞ മനോഹരമായ വരിവരിയായി നില്‍ക്കുന്ന കബനി റിസോര്‍ട്ടുകളിലാണ് എന്റെ ശ്രദ്ധ മുഴുവനും. അങ്ങോട്ടൊന്നു പോവാന്‍ മനസ് വല്ലാതെ കൊതിച്ചു. പക്ഷേ സമയം ഏറെ വൈകുമെന്ന മുന്നറിയിപ്പിന് വഴിമാറി. എനി എങ്ങോട്ടാണ് പോവേണ്ടതെന്ന കാര്യത്തില്‍ എന്തോ നിശ്ചയമില്ലാത്ത പോലെ. നാടന്‍പാട്ടുകളുടെ താളത്തില്‍ നാരായണേട്ടന്‍ തുഴയുകയാണ്. ഹരം മൂക്കുമ്പോര്‍ ഞങ്ങളെ വട്ടം കറക്കി തരുന്നുണ്ട്. ഇതിനിടയില്‍ നാരായണേട്ടന്‍ തന്ത്രപരമായി കരപിടിച്ചിരുന്നു. അല്ലേലും വിശപ്പു വന്നു വിഴുങ്ങാന്‍ തുടങ്ങിയിരുന്നു. മെല്ലെ ചാടിയിറങ്ങി സ്വാമിയണ്ണനെ ഒന്നു കെട്ടിപ്പിടിച്ച് 100 രൂപയും കൈയില്‍ കൊടുത്ത് സ്ഥലം വിടാനൊരുങ്ങി.
ഒട്ടിയ വയറുമായി സുഹൈലിന്റെ ബുള്ളറ്റിനു പിറകിലിരിന്ന് തിരിച്ചുപോരുമ്പോള്‍ പാതയോരങ്ങള്‍ പിന്നിലേക്കു പിന്നിലേക്ക് അകന്നു മറയുന്നുണ്ടായിരുന്നു. റോഡരികിലെ ചെളിവെള്ളത്തില്‍ കുഞ്ഞുമുണ്ടുകള്‍ കൊണ്ടു മീന്‍പിടിക്കുന്ന കൊച്ചുകുട്ടികള്‍. തൊട്ടടുത്ത് പാടത്ത് വെയിലിനെ വകവയ്ക്കാതെ ഞാറുനടുന്നവര്‍, കന്നുകാലിക്കൂട്ടങ്ങളെ ആട്ടിത്തെളിയിച്ചു പോവുന്ന ഗ്രാമീണര്‍ ഇങ്ങനെ ഓരോ കാഴ്ചകള്‍ കണ്ട് ബാവലിയും കഴിഞ്ഞ് കാട്ടിക്കുളത്തെത്തി കിട്ടിയ ഭക്ഷണവും അകത്താക്കി റൈഡേഴ്‌സ് പിരിയാന്‍ തുടങ്ങി.
സ്വപ്നങ്ങളിലെ ചിത്രങ്ങള്‍ക്കു വര്‍ണം പകര്‍ന്ന ഒരു യാത്രയുടെ അവസാനം. യാത്രാനന്തരം താലോലിക്കാന്‍ ഊഷ്മളമായ ഒരു മൃദുസ്പര്‍ശം അവശേഷിപ്പിച്ചു പോയിടങ്ങള്‍ പിന്നെയും ദൂരെയാകുന്നു. കര്‍ണാടകയുടെ ശാന്തമായ ഗ്രാമങ്ങളിലൂടെ അനുഭവങ്ങളുടെ ചൂടും ചൂരും നുകര്‍ന്നുനടത്തിയ റൈഡ് വല്ലാത്തൊരു അനുഭൂതിയാണു പകര്‍ന്നുതന്നത്. ബൈരക്കുപ്പയിലെ ഗ്രാമചിത്രങ്ങള്‍ മനസില്‍നിന്നു മായാതെ കിടക്കുന്നു. സൂര്യന്‍ തേയില ചെടികള്‍ക്കുപിന്നില്‍ മറയുന്നതിനുമുന്‍പായി കുറ്റ്യാടി ചുരമിറങ്ങിയിരുന്നു ഞങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."