ആദിവാസി ഭൂമി വില്‍പ്പനയില്‍ അഴിമതി നടന്നതായി ആരോപണം
വെള്ളമുണ്ട: ഭൂരഹിതരായ ആദിവാസികള്‍ക്ക് നല്‍കാനായി ലക്ഷങ്ങള്‍ മുടക്കി സര്‍ക്കാര്‍ ഭൂമി കണ്ടെത്തുമ്പോള്‍ ആദിവാസി കൈവശം വച്ചിരുന്ന ഭൂമി വില്‍പന നടത്തിയത് നിസാര വിലക്ക്. വെള്ളമുണ്ട മംഗലശ്ശേരിയിലാണ് എക്കോ ടൂറിസവുമായി ബന്ധപ്പെട്ട് പ്രാധാന്യമുള്ളതെന്ന് അധികൃതര്‍ തന്നെ കണ്ടെത്തിയ ആദിവാസികളുടെ ഭൂമി റവന്യുവകുപ്പിന്റെ ഒത്താശയോടെ നിസാര വിലക്ക് വില്‍പ്പന നടത്തിയത്.
സെന്റിന് കേവലം 6000രൂപ വില നിശ്ചയിച്ചാണ് ഒരു ഏക്കര്‍ നാല്‍പ്പത് സെന്റ് ഭൂമി വില്‍പ്പന നടത്താന്‍ അധികൃതര്‍ അനുമതി നല്‍കിയത്. വെള്ളമുണ്ട മംഗലശ്ശേരി ബാണാസുരമലയുടെ താഴ്ഭാഗത്തായി കാടര്‍ വിഭാഗത്തില്‍പ്പെട്ട ലക്ഷ്മി, ജാനു എന്നിവരുടെ കൈവശമുള്ള ഒരു ഏക്കര്‍ 40 സെന്റ് ഭൂമിയാണ് കഴിഞ്ഞ മാസം വില്‍പ്പന നടത്തിയത്. കാടര്‍ വിഭാഗത്തില്‍പ്പെട്ട ഇവര്‍ക്ക് വീട് നിര്‍മിക്കാനും ചികിത്സക്കും വേണ്ടി ഭൂമി വില്‍ക്കാന്‍ അനുമതി തേടി കലക്ടറെ സമീപിച്ചിരുന്നു.
വെള്ളമുണ്ട വില്ലേജിലെ റീസര്‍വേ 583ല്‍പ്പെട്ട കൃഷി ആവശ്യത്തിന് വേണ്ടി ആദിവാസികള്‍ക്ക് പതിച്ചു നല്‍കിയ ഭൂമിയാണ് മരങ്ങളുള്‍പ്പെടെ രേഖപ്പെടുത്തി വില്‍പ്പന നടത്തിയിരിക്കുന്നത്. ഭൂമി വില്‍പ്പന നടത്താന്‍ അനുമതി ചോദിച്ചുകൊണ്ട് ഭൂവുടമകളായ ലക്ഷ്മിയും ജാനുവും നല്‍കിയ അപേക്ഷ പരിഗണിച്ച പട്ടികവര്‍ഗ വകുപ്പും റവന്യുവകുപ്പും നടത്തിയ പരിശോധനകള്‍ക്ക് ശേഷമാണ് ഭൂമി വില്‍പ്പന നടത്താന്‍ അനുമതി നല്‍കിയത്.
വില്‍പ്പന നടത്തുന്ന സ്ഥലം എക്കോ ടൂറിസവുമായി ബന്ധപ്പെട്ട മനോഹരമായ പ്രദേശമാണെന്നും തൊട്ടടുത്തായി നിരവധി റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ടൂറിസത്തിന്റെ സാധ്യതക്കായാണ് സ്ഥലം വാങ്ങുന്നതെന്ന് സംശയിക്കുന്നതായും പട്ടികവര്‍ഗ്ഗ വകുപ്പ് ഓഫിസര്‍ കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. പ്രദേശത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന നാരകക്കൊല്ലി, ചിറപ്പുല്ല് എന്നീ ട്രക്കിങ് പ്രാധാന്യമുള്ള സ്ഥലങ്ങളെയും ബാണാസുരസാഗര്‍ പദ്ധതിയെയും കൂട്ടിയിണക്കി സര്‍ക്കാര്‍ ടൂറിസം സര്‍ക്ക്യുട്ട് പദ്ധതി വിഭാവനം ചെയ്ത വിവരവും ടി.ഡി.ഒയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഈ സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞ് നിരവധി വിനോദ സഞ്ചാരികള്‍ നിലവില്‍ പ്രദേശത്ത് കാണാനായെത്തുന്നുണ്ടെന്നും സ്ഥലത്തിന് മോഹവില ലഭിക്കുമെന്നും ടി.ഡി.ഒ റിപ്പോര്‍ട്ടില്‍ പറയുന്നു.
മലയുടെ മുകളിലാണെങ്കിലും വാഹനമെത്തുന്ന പഞ്ചായത്ത് റോഡും നിലവിലുണ്ട്. ഈ ഭൂമിയില്‍ നിന്നു നോക്കിയാല്‍ വയനാടിന്റെ മനോഹരമായ ദൃശ്യങ്ങള്‍ കാണാന്‍ കഴിയും.
എന്നാല്‍ ഇത്രയേറെ മൂല്യമുള്ള ഭൂമിയാണ് സെന്റിന് വെറും 6000 രൂപമാത്രം വില നിശ്ചയിച്ച് വില്‍പ്പന നടത്താന്‍ മുന്‍ ജില്ലാകലക്ടര്‍ അനുമതി നല്‍കിയത്. നേരത്തെ സെന്റിന് 3500 രൂപക്ക് വില്‍പ്പന നടത്താനായി അനുമതി ചോദിച്ചിരുന്നെങ്കിലും അത് നിഷേധിച്ചതിനെ തുടര്‍ന്നാണ് സെന്റിന് 6000 രൂപക്ക് വില്‍പ്പന നടത്താന്‍ അനുമതി നല്‍കിയത്. തുച്ഛമായ വിലനല്‍കി ആദിവാസികളുടെ ഭൂമി കൈവശപ്പെടുത്തുന്നത് തടയുന്നതിനായി സര്‍ക്കാര്‍ 1999ല്‍ കൊണ്ടുവന്ന കേരള പട്ടികവര്‍ഗ ഭൂമി കൈമാറ്റ നിയന്ത്രണവും ലംഘിച്ചാണ് തൃശ്ശൂര്‍ സ്വദേശിക്ക് കേവല വിലയ്ക്ക് ഭൂമി നല്‍കാന്‍ അധികൃതര്‍ ഒത്താശ ചെയ്തതെന്നാണ് ആരോപണമുയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."