അങ്കമാലി അതിരൂപതയില്‍ വീണ്ടും ഭൂമിവില്‍പന വിവാദം
കൊച്ചി: വിവാദമായ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടിന്റെ അന്വേഷണങ്ങള്‍ നടക്കുന്നതിനിടെ സഭയെ വെട്ടിലാക്കി വീണ്ടും ഭൂമി വിവാദം. സഭയുടെ കീഴിലുള്ള തൃക്കാക്കര വാഴക്കാലയിലെ 12 ഏക്കര്‍ സ്ഥലം വില്‍പനയുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. സെന്റിന് അഞ്ച് ലക്ഷം രൂപ വച്ച് 60 കോടി രൂപയ്ക്കാണ് സ്ഥലം വില്‍ക്കാന്‍ സഭ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഈ തുക കുറവാണെന്നും വില്‍പനയില്‍ തട്ടിപ്പുണ്ടെന്നുമാരോപിച്ച് കേരള കത്തോലിക് അസോസിയേഷന്‍ ഫോര്‍ ജസ്റ്റിസ് പ്രസിഡന്റ് അഡ്വ. പോളച്ചന്‍ പുതുപ്പാറ എറണാകുളം മുന്‍സിഫ് കോടതിയില്‍ ഹരജി നല്‍കി.
അതിരൂപതയിലെ ഇപ്പോഴത്തെ അപ്പോസ്‌തോലിക് അഡ്മിസ്‌ട്രേറ്റര്‍ ഫാ. ജേക്കബ് മനത്തോടത്ത്, ഭൂമി വാങ്ങാന്‍ തയാറായ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി എന്നിവരാണ് എതിര്‍കക്ഷികള്‍. ഇരുവര്‍ക്കും പ്രത്യേകദൂതന്‍ വഴി കോടതി നോട്ടീസ് അയച്ചു. കേസ് കോടതി നാളെ വീണ്ടും പരിഗണിക്കും.
സഭ ഇപ്പോള്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമി മൊത്തമായി വില്‍ക്കാതെ പ്ലോട്ടുകളായി തിരിച്ച് വിറ്റാല്‍ സഭക്ക് 180 കോടിയോളം രൂപ ലഭിക്കുമെന്ന് ഹരജിക്കാരനായ പോളച്ചന്‍ പുതുപ്പാറ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.
കാനോനിക നിയമമനുസരിച്ച് അതിരൂപതയുടെ വസ്തുക്കള്‍ വില്‍ക്കണമെങ്കില്‍ കൂരിയ, ഫിനാന്‍സ് കൗണ്‍സില്‍, പ്രസ്ബിട്രല്‍ കൗണ്‍സില്‍ തുടങ്ങിയ സമിതികളിലെല്ലാം ആലോചിച്ച് വിലയെക്കുറിച്ച് തീരുമാനമെടുത്തുവേണം നടപ്പാക്കാന്‍. എന്നാല്‍ നിലവില്‍ ഈ സമിതികളെല്ലാം പിരിച്ചുവിട്ടിരിക്കുകയാണ്. ഈ അവസ്ഥയില്‍ ഭൂമിവില്‍പന നടത്തുന്നത് കനോനിക നിയമത്തിന് എതിരാണെന്നും പോളച്ചന്‍ പറഞ്ഞു.
നിലവില്‍ സഭാ കേസുകള്‍ പരിഗണിക്കുമ്പോള്‍ ജുഡീഷ്യറിപോലും സമ്മര്‍ദത്തിലായതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുന്‍പ് അതിരൂപത 64 സെന്റ് ഭൂമി 3.94 കോടി രൂപക്ക് വില്‍ക്കുകയും ചെയ്തതിനെ തുടര്‍ന്ന് ആദായനികുതി വകുപ്പ് കേസ് എടുത്തിരുന്നു. ഈ കേസ് ഹൈക്കോടതിയുടെ മുന്നിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."