അലോക് വര്‍മയെ നീക്കിയതിനെതിരേ കോണ്‍ഗ്രസ് സുപ്രിം കോടതിയില്‍
ന്യൂഡല്‍ഹി: സി.ബി.ഐ ഡയരക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയ അലോക് വര്‍മയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ്. അലോക് വര്‍മയുടെ കാലാവധി വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാരിനോ കേന്ദ്ര വിജിലന്‍സ് കമ്മിഷനോ (സി.വി.സി) അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടിയുടെ പാര്‍ലമെന്ററി കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ സുപ്രിംകോടതിയെ സമീപിച്ചു.
നടപടി ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്നും ഖാര്‍ഗെ അഭിപ്രായപ്പെട്ടു. സി.ബി.ഐ മേധാവിയെ നിയമിക്കാനും മാറ്റാനും പ്രധാനമന്ത്രി, സുപ്രിം കോടതി ചീഫ്ജസ്റ്റിസ്, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എന്നീ മൂന്നുപേരടങ്ങുന്ന സെലക്ഷന് കമ്മിറ്റിക്കാണ് അധികാരം.
എന്നാല്‍, ഈ നടപടിക്രമം പാലിക്കാതെ ചീഫ് ജസ്റ്റിസിനെയും പ്രതിപക്ഷനിരയിലെ ഏറ്റവും വലിയകക്ഷിയുടെ ലോക്സഭാ കക്ഷിനേതാവായ തന്നെയും അറിയിക്കാതെയാണ് സി.ബി.ഐ മേധാവിയെ മാറ്റിയത്. ഇപ്പോഴത്തെ നടപടികള്‍ സി.ബി.ഐ ആക്ടിനു വിരുദ്ധമാണെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.
ഡയരക്ടര്‍ സ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കാന്‍ അലോക് വര്‍മയ്ക്ക് അവസരം നല്‍കണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു.
നടപടി ചോദ്യംചെയ്ത് അലോക് വര്‍മ സമര്‍പ്പിച്ച ഹരജി ഈ മാസം 12ന് പരിഗണിക്കും. കോണ്‍ഗ്രസിന്റെ ഹരജി അതോടൊപ്പമാവും പരിഗണിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."