കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കുന്നതില്‍ സാമുദായിക സൗഹാര്‍ദത്തിന് വലിയ പങ്ക്: ഗവര്‍ണര്‍
കരുനാഗപ്പള്ളി: കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റുന്നത് ഇവിടുത്തെ പ്രകൃതി സൗന്ദര്യമോ കാലാവസ്ഥയൊ പച്ചപ്പോ മാത്രമല്ല ഇവിടെ നിലനില്‍ക്കുന്ന സാമുദായിക സൗഹാര്‍ദവും പ്രധാന പങ്ക് വഹിക്കുന്നന്നെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം പറഞ്ഞു. കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂനിയന്‍ നിര്‍മിച്ച ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന് പുറത്തും ദല്‍ഹിയില്‍ രാഷ്ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍മാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ പങ്കെടുക്കുന്ന യോഗങ്ങളില്‍ ദൈവത്തിന്റെ സ്വന്തം നാടിന്റെ പ്രതിനിധിയായി അഭിമാനത്തോടു കൂടിയാണ് ഞാന്‍ പങ്കെടുക്കുന്നത്. ശബരിമല ക്ഷേത്രത്തില്‍ മുസ്‌ലിം പുരോഹിതന്‍ പൂജ ചെയ്യുന്ന ഇടമുണ്ട് എന്ന് പറയുമ്പോള്‍ പലര്‍ക്കും അത്ഭുതമാണ്. വിദ്യാഭ്യാസം പഠനം മാത്രമല്ല അത് ജീവിതത്തെ പാകപ്പെടുത്തുന്നതു കൂടി ആകണം. ഇന്ത്യയിലെ ജനസംഖ്യയില്‍ സിംഹഭാഗവും യുവാക്കളാണ്. 21ാം നൂറ്റാണ്ട് ആകുമ്പോഴത്തേക്ക് ഇന്ത്യയില്‍ വന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. അതിനാല്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ ആധുനികവത്ക്കരിക്കണം. ഗവണ്‍മെന്റ് സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസുകളും, ആധുനിക സൗകര്യങ്ങളും ഒരുക്കി വിദ്യാര്‍ഥികളെ സജ്ജരാക്കാന്‍ ശ്രമം തുടങ്ങി. ഇത്തരം സംരംഭങ്ങള്‍ ഗ്രാമങ്ങളിലൂടെ വ്യാപിപ്പിച്ച് കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാന്‍ ശ്രമമുണ്ടാകണം. സ്വകാര്യ, സാമുദായിക സംഘടനകളുടെ സ്ഥാപനങ്ങളിലും ഇത്തരം സൗകര്യങ്ങള്‍ കൊണ്ടുവരണമെന്നും ഗവര്‍മര്‍ പറഞ്ഞു. താലൂക്ക് ജമാഅത്ത് യൂനിയന്റെ സുവര്‍ണ ജൂബിലി സ്മരണാര്‍ത്ഥം ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റ് പുറത്തിറക്കുന്ന വിശേഷാല്‍ തപാല്‍ കവര്‍ പോസ്റ്റല്‍ ഡയറക്ടര്‍ സയ്യിദ് റഷീദില്‍ നിന്നും സ്വീകരിച്ചു കൊണ്ട് ഗവര്‍ണര്‍ പ്രകാശനം ചെയ്തു. താലൂക്ക് ജമാഅത്ത് യൂനിയന്‍ പ്രസിഡന്റ് വലിയത്ത് ഇബ്രാഹിം കുട്ടി അധ്യക്ഷനായി. മുഹമ്മദ് ഷാഹിദ് മൗലവി അല്‍ ഖാസിമി ഖിറാഅത്ത് നടത്തി. എം.പി.മാരായ കെ.സി. വേണുഗോപാല്‍, എന്‍.കെ. പ്രേമചന്ദ്രന്‍, എം.എല്‍.എ.മാരായ ആര്‍.രാമചന്ദ്രന്‍, എന്‍.വിജയന്‍ പിള്ള, കോവൂര്‍ കുഞ്ഞുമോന്‍, യൂനിയന്‍ സെക്രട്ടറി കെ.എ. ജവാദ്, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ഖലീലുദ്ദീന്‍ പൂയപ്പള്ളില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."