ഫാസിസത്തെ നേരിടാന്‍ ഇനി ഐക്യമുന്നണി രൂപപ്പെടുത്തണം: എന്‍.എസ് മാധവന്‍
തൃശൂര്‍: ഫാസിസത്തെ നേരിടാന്‍ ഇനി ഐക്യമുന്നണിയാണ് രൂപപ്പെടുത്തേണ്ടതെന്ന് കഥാകൃത്ത് എന്‍.എസ്. മാധവന്‍. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി സാഹിത്യ അക്കാദമി ഹാളില്‍ സംഘടിപ്പിച്ച അക്ഷരം മുതല്‍ ആഹാരം വരെ എന്ന സാംസ്‌കാരികപ്രതിരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫാസിസം പഴുത്തുവീഴുന്നത് കാത്തിരിക്കാന്‍ ഇനി സമയമില്ല. ജാതി, സമുദായ, രാഷ്ട്രീയ വ്യത്യസ്തകള്‍ മാറ്റിവച്ച് ഐക്യമുന്നണി രൂപപ്പെടുത്തണം. ഹിറ്റ്‌ലര്‍, മുസോളിനി, ഫ്രാങ്ക് എന്നിവര്‍ക്കെതിരേ അമേരിക്കയും സോവിയറ്റ് യൂണിയനും യോജിച്ചതുപോലെ ചെറിയ ചെറിയ പിണക്കങ്ങള്‍ മാറ്റിവച്ച് ഒന്നിക്കണം. ഇനി ഫാസിസത്തിന്റെ ലക്ഷണങ്ങളും അന്വേഷിക്കേണ്ടതില്ല. കഥകള്‍ പറഞ്ഞുകൊണ്ടാണ് ഫാസിസം സ്വാധീനമുറപ്പിക്കുന്നത്.
മറ്റു മൃഗങ്ങള്‍ക്കോ പക്ഷികള്‍ക്കോ ഇല്ലാത്ത ഒന്നാണ് കഥ പറയാനുള്ള കഴിവ്. എല്ലാ ആഖ്യാനങ്ങളും കഥകളാണ്. ഹിറ്റ്‌ലര്‍ ആര്യന്മാരാണ് ശുദ്ധിയുള്ളവരെന്ന കഥ പറഞ്ഞു. ജൂതന്‍മാര്‍ തുടച്ചുനീക്കപ്പെടേണ്ടവരാണെന്നു കഥ പറഞ്ഞു വിശ്വസിപ്പിച്ചു. അതിനു സമാനമാണ് ഇപ്പോള്‍ ഇന്ത്യയില്‍ ഭരണകൂടം കഥ പറയുന്നത്. ഇന്ദിരാഗാന്ധി ഗരീബി ഹഠാവോ എന്ന കഥ പറഞ്ഞു. പിന്നാലെ അടിയന്തരാവസ്ഥ വന്നു.
അടുത്തിടെയുണ്ടായ നോട്ട് നിരോധനമാണ് മറ്റൊരു കഥ. പിന്നെയത് കാഷ്‌ലെസ് എന്ന കഥയായി. യു.പിയിലെ തെരഞ്ഞെടുപ്പു വന്നപ്പോള്‍ കഥ മാറി. നോട്ട് നിരോധനം പണക്കാരെ ബുദ്ധിമുട്ടിക്കാനും കള്ളപ്പണക്കാരെ പിടിക്കാനുമെന്നായി. ഭീകരമായ കഥകളിലൂടെയാണ് ഫാസിസം ജനങ്ങളെ ആക്രമിക്കുക. കാലികശാപ്പ് നിയന്ത്രണത്തിന്റെ കഥ അതാണ് തെളിയിക്കുന്നത്. ഇത്തരത്തില്‍ ആദ്യം ആക്രമണം നടത്തിയത് ഹിറ്റ്‌ലറാണ്. മൃഗക്ഷേമത്തിന്റെ പേരു പറഞ്ഞാണ് ജൂതന്മാരുടെ മാംസാഹാരത്തെ തന്നെ ഇല്ലാതാക്കുന്നതിനു 1933ല്‍ നിയമം കൊണ്ടുവന്നത്. കൊന്ന് രക്തം വാറ്റിയതിനുശേഷമാണ് ജൂതന്മാര്‍ മൃഗമാസം കഴിക്കുക. അതവരുടെ വിശ്വാസത്തിന്റെ പ്രശ്‌നവുമാണ്. ഇസ്്‌ലാമില്‍ ഹലാല്‍ എന്ന പോലെയാണത്. എന്നാല്‍ മൃഗങ്ങളെ ബോധത്തോടെ കൊല്ലരുതെന്നായിരുന്നു നിയമം. അത് ഒരു വംശത്തിനെ തന്നെ ഇല്ലായ്മ ചെയ്യാനുള്ള നടപടിയായി. സമാനമാണ് ഇന്ത്യയില്‍ പശുവിന്റെ കാര്യം. മൃഗക്ഷേമത്തിന്റെ പേരിലാണ് ഇവിടെയും നിരോധനം. വടക്കേ ഇന്ത്യയില്‍ അറവുകാര്‍ മുസ്്‌ലിങ്ങളാണ്. പഞ്ചാബില്‍ കുറച്ച് ക്രിസ്ത്യാനികളും. ചത്ത മൃഗങ്ങളുടെ തോലും എല്ലും കൈകാര്യം ചെയ്യുതാകട്ടെ ദലിതരും. കശാപ്പ് നിരോധനം യഥാര്‍ഥത്തില്‍ ദലിതര്‍ക്കും മുസ്ലിംകള്‍ക്കും നേരെയുള്ള ഒളിയുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് നിരോധനം പോലെ തന്നെയാണ് കാലിനിരോധനവും. തങ്ങള്‍ക്ക് എന്തു ചെയ്യാനാവുമെന്ന ധാര്‍ഷ്ട്യമാണ് ഇതിലൂടെ പ്രകടമാക്കിയത്. ഫാസിസ്റ്റ് നടപടികള്‍ക്കെല്ലാം ഉത്തരേന്ത്യയില്‍ വലിയ തോതിലുള്ള പിന്തുണയാണ് ലഭിക്കുന്നത്.
ഇതോടെ ഇന്ത്യ രണ്ടായി വിഭജിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി സംസാരിക്കുന്ന 45 കോടിയും മറ്റുള്ളവരുമെന്ന നിലയിലാണ് ഇപ്പോള്‍ വിഭജനം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാധവിക്കുട്ടിയുടെ വിശുദ്ധപശു എന്ന കഥ ജൂലിയറ്റ് കെ. അപ്പുകുട്ടന്‍ വായിച്ചാണ് പ്രതിരോധസംഗമത്തിനു തുടക്കമിട്ടത്. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ അധ്യക്ഷനായി.
നാടകാചാര്യന്‍ കുമാരവര്‍മ്മ, അശോകന്‍ ചരുവില്‍, ഡോ. കെ.പി. മോഹനന്‍, പ്രഫ. കാവുമ്പായി ബാലകൃഷ്ണന്‍, സത്യപാല്‍, സി. രാവുണ്ണി, പൊന്ന്യം ചന്ദ്രന്‍, എം.എന്‍.വിനയകുമാര്‍, പ്രേംലാല്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, വി.ഡി. പ്രേംപ്രസാദ്, ടി.എ. ഉഷാകുമാരി, ഡി. ഷീല, ആശാ ചാക്കോച്ചന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."