കുടിവെള്ള പദ്ധതിയുടെ പേരില്‍ തകര്‍ക്കപ്പെടുന്ന റോഡുകള്‍ യാത്രക്കാര്‍ക്ക് ദുരിതമാകുന്നു
ചേലേമ്പ്ര: കുടിവെള്ള പദ്ധതിയുടെ പേരില്‍ തകര്‍ക്കപ്പെടുന്ന റോഡുകള്‍ പ്രവൃത്തി കഴിഞ്ഞിട്ടും പുതുക്കിപ്പണിയാത്തത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ചേലേമ്പ പഞ്ചായത്തിനെയും രാമനാട്ടുകര മുനിസിപ്പാലിറ്റിയെയും ബന്ധിപ്പിക്കുന്ന രാമനാട്ടുകര ചെമ്മല്‍ ദേശീയപാതയില്‍ നിന്നുള്ള പൊയില്‍തൊടി റോഡില്‍ മാസങ്ങള്‍ക്ക് മുന്‍പ് ചീക്കോട് കുടിവെള്ള പദ്ധതിക്ക് വേണ്ടി റോഡില്‍ ടാര്‍ ചെയ്ത പൊളിച്ചിടുകയും പിന്നീട് പൈപ്പ് ലൈന്‍ പ്രവൃത്തി നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ പ്രവൃത്തി കഴിഞ്ഞ് മൂന്ന് മാസത്തിലേറെയായിട്ടും റോഡ് റീ ടാറിങ് പ്രവൃത്തി നടത്താന്‍ ബന്ധപ്പെട്ടവര്‍ തയാറായില്ല. രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ ഗുണഭോക്താക്കള്‍ക്ക് വേണ്ടിയുള്ള കുടിവെള്ള പദ്ധതിക്ക് വേണ്ടിയാണ് റോഡില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചത്.
മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെട്ട ഭാഗമാണ് റോഡ് പൂര്‍ണമായും തകര്‍ന്നു കിടക്കുന്നതെങ്കിലും ഇതിന്റെ ദുരിതം ഏറെ അനുഭവിക്കുന്നത് ചേലേമ്പ്ര പഞ്ചായത്തിലെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പൊയില്‍ തൊടി, കുറ്റിപ്പറമ്പ് ഭാഗത്തുള്ളവരാണ്.
തകര്‍ന്ന റോഡിലൂടെയുള്ള വാഹനയാത്രയും കാല്‍നട യാത്രയും ഏറെ ദുരിതപൂര്‍ണമാണ്. വീതി കുറഞ്ഞ റോഡിലെ കുത്തനെയുള്ള കയറ്റത്തില്‍ റോഡ് പൂര്‍ണമായും തകര്‍ന്നത് കാരണം ഓട്ടോറിക്ഷകള്‍ ഇതുവഴി ട്രിപ്പ് വിളിച്ചാല്‍ വരാന്‍ തയ്യാറാകാത്തത് യാത്രക്കാരുമായി പലപ്പോഴും വാക്കേറ്റത്തിനിടയാക്കുന്നുണ്ട്.
കുടിവെള്ള പദ്ധതിയുടെ പൈപ്പ്ലൈന് പ്രവൃത്തി പൂര്‍ത്തിയായെങ്കിലും ജലവിതരണം തുടങ്ങിയ ശേഷമേ റീ ടാറിങ് നടത്തൂവെന്ന് അധികൃതര്‍ അറിയിച്ചതായാണ് നാട്ടുകാരില്‍ നിന്നും ലഭിക്കുന്ന വിവരം. എന്നാല്‍ രാമനാട്ടുകര മുനിസിപ്പാലിറ്റിയിലുള്ളവര്ക്കായുള്ള കുടിവെള്ള പദ്ധതി നടപ്പിലാകുന്നതും കാത്ത് ഇനിയെത്രനാള്‍ റോഡില്‍ ദുരിതമനുഭവിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."