ട്രോളുകളെ ട്രോളി സുപ്രിം കോടതി: തടയാന്‍ കേന്ദ്രം മൂന്നാഴ്ചക്കകം സത്യവാങ്മൂലം നല്‍കണം
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയിലെ ദുരുപയോഗം തടയാന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ രൂപീകരിച്ച് സത്യവാങ്മൂലം നല്കാന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രിം കോടതി. ഇതിനായി കേന്ദ്ര സര്‍ക്കാരിന് മൂന്നാഴ്ച സമയം അനുവദിച്ചു. ഒക്ടോബര്‍ 22ന് കേസില്‍ വീണ്ടും വാദം കേള്‍ക്കും.
സോഷ്യല്‍ മീഡിയ ദുരുപയോഗത്തിനെതിരേ ചട്ടങ്ങള്‍ കൊണ്ടുവരേണ്ടത് കോടതികളല്ല. സര്‍ക്കാരാണ് നയം രൂപീകരിക്കേണ്ടത്. സര്‍ക്കാര്‍ നയം രൂപീകരിച്ചാല്‍ നിയമ സാധുത കോടതിക്കു പരിശോധിക്കാനാകും.
രാജ്യത്തിന്റെ പരാമാധികാരവും വ്യക്തികളുടെ സ്വകാര്യതയും സന്തുലിതമായി പരിഗണിച്ചുവേണം ചട്ടങ്ങള്‍ രൂപീകരിക്കാനെന്ന് ജസ്റ്റിസുമാരായ ദീപക് ഗുപ്തയും അനിരുദ്ധബോസും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഹരജിയിലാണ് സുപ്രിം കോടതിയുടെ ഇടപെടല്‍.
സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം അപകടകരമായ തലത്തില്‍ എത്തിയതായി സുപ്രിം കോടതി അഭിപ്രായപ്പെട്ടു. എത്രയും വേഗം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണം. നാം എന്തിന് ഇന്റര്‍നെറ്റിനെക്കുറിച്ച് വേവലാതിപ്പെട്ടുകൊണ്ടിരിക്കണം? രാജ്യത്തെക്കുറിച്ചാണ് നമുക്കുവേവലാതി വേണ്ടത്. ഓണ്‍ലൈനില്‍ നടക്കുന്ന കുറ്റകൃത്യങ്ങളുടെ ഉത്ഭവസ്ഥാനം കണ്ടെത്തുന്നതിനുള്ള സാങ്കേതികവിദ്യ ഇല്ലെന്നു പറഞ്ഞ് നമുക്ക് ഒഴിയാനാവില്ല. കുറ്റകൃത്യം ചെയ്യുന്നവര്‍ക്ക് സാങ്കേതികവിദ്യ ഉണ്ടെങ്കില്‍ അതു തടയുന്നതിനു നമുക്കും സാങ്കേതികവിദ്യ വേണ്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."