ഓണ്‍ലൈന്‍ വഴിയുള്ള തീവ്രവാദം: തടയാന്‍ ഇനി ആഗോള ഇന്റര്‍നെറ്റ് ഫോറം: ഫേസ്ബുക്ക് നേതൃത്വം നല്‍കും
ന്യൂയോര്‍ക്ക്: ഓണ്‍ലൈന്‍ വഴിയുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി പ്രമുഖ സാമൂഹ്യമാധ്യമമായ ഫേസ്ബുക്കിന്റെ നേതൃത്വത്തില്‍ ആഗോള ഇന്റര്‍നെറ്റ് ഫോറം ജി.ഐ.എഫ്.സി.ടി) രൂപീകരിച്ചു. മൈക്രോസോഫ്റ്റ്, ട്വിറ്റര്‍, യൂട്യൂബ് എന്നിവയും ഉള്‍പ്പെടുന്ന ഫോറം സ്വതന്ത്ര സംഘടനയായിരിക്കുമെന്ന് ഫേസ്ബുക്ക് അറിയിച്ചു. സ്വയം സന്നദ്ധരായ സാങ്കേതിക- ഭീകരവിരുദ്ധ ഓപറേഷന്‍ സംഘത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സംഘനയുടെ തലപ്പത്ത് ഒരു എക്‌സിക്യൂട്ടീവ് ഡയരക്ടറായിരിക്കും ഉണ്ടാവുക.
യു.എന്‍ പൊതുസഭാ സമ്മേളനത്തോടനുബന്ധിച്ച് ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ജി.ഐ.എഫ്.സി.ടി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. 2017ല്‍ രൂപീകരിച്ച യൂറോപ്യന്‍ യൂനിയന്‍ ഇന്റര്‍നെറ്റ് ഫോറത്തെ ന്യൂസിലന്റിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്‌ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് കൂടുതല്‍ വികസിപ്പിച്ചാണ് പുതിയ സംഘടനയ്ക്കു രൂപം നല്‍കിയത്. യു.എന്‍ ഭീകരവിരുദ്ധ എക്‌സിക്യൂട്ടീവ് ഡയരക്ടറേറ്റിനു പുറമെ യു.എസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ, ന്യൂസിലന്റ്, ജപ്പാന്‍, യൂറോപ്യന്‍ കമ്മിഷന്‍ എന്നിവ അടങ്ങുന്നതാണ് ഇതിന്റെ ഉപദേശകസമിതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."