പുത്തുമല, പാതാര്‍ ജുമുഅത്ത് പള്ളികള്‍: വഖ്ഫ് ബോര്‍ഡ് യോഗം വിളിക്കും
കോഴിക്കോട്: കഴിഞ്ഞ മാസമുണ്ടായ ഉരുള്‍പൊട്ടലില്‍ പൂര്‍ണമായും നശിച്ച വയനാട് ജില്ലയിലെ മേപ്പാടി പുത്തുമല, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ പാതാര്‍ എന്നീ ജുമുഅത്ത് പള്ളികളുടെ പുനര്‍നിര്‍മാണത്തിന് സമുദായ സംഘടനകളുടെ സംസ്ഥാനതല നേതാക്കളുടെ യോഗം ഒക്ടോബര്‍ ഒന്നിന് വൈകിട്ട് 4.30ന് വഖ്ഫ് ബോര്‍ഡ് കോഴിക്കോട് ഡിവിഷനല്‍ ഓഫിസില്‍ വിളിച്ചു ചേര്‍ക്കുന്നതിന് വഖ്ഫ് ബോര്‍ഡ് തീരുമാനിച്ചു.
വിവിധ മുസ്ലിം സംഘടനാ, സ്ഥാപന പ്രതിനിധികളുമായി മേപ്പാടിയില്‍വച്ച് കേരള സംസ്ഥാന വഖ്ഫ് ബോര്‍ഡ് നടത്തിയ കൂടിയാലോചനാ യോഗത്തിലാണ് തീരുമാനം. സര്‍ക്കാര്‍ പാക്കേജില്‍നിന്ന് അര്‍ഹമായ സാമ്പത്തിക സഹായം അടിയന്തരമായി ലഭ്യമാക്കുന്നതിനും വഖ്ഫിന്റെ നഷ്ടപ്പെട്ട രേഖകള്‍ സംഘടിപ്പിക്കുന്നതിനും പുതിയ ശ്മശാനത്തിന് ജില്ലാ കലക്ടറില്‍നിന്ന് അനുമതി ലഭ്യമാക്കുന്നതിന് വഖ്ഫ് ബോര്‍ഡ് ഇടപെടുന്നതിനും യോഗത്തില്‍ തീരുമാനമായി. യോഗം വഖ്ഫ് ബോര്‍ഡ് ചെയര്മാന് പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ബോര്‍ഡ് മെമ്പര്‍ എം.സി മായിന്‍ഹാജി അധ്യക്ഷനായി. അംഗങ്ങളായ അഡ്വ.പി.വി സൈനുദ്ദീന്‍, പി.പി.എ കരീം എന്നിവരും അബൂബക്കര്‍ റഹ്മാനി (സമസ്ത), കെ.കെ മുഹമ്മദ് ഫൈസി (എസ്.വൈ.എസ്), ഉസ്മാന് കാഞ്ഞായി (എസ്.എം.എഫ്), പോക്കര് ഫാറൂഖി (കെ.എന്‍.എം), കെ. നവാസ് (ജമാഅത്തെ ഇസ്ലാമി), എം. മുഹമ്മദ് (എം.ഇ.എസ്), കെ.എം അബ്ദുസ്സലാം (വിസ്ഡം), എം. ബാപ്പൂട്ടി (വയനാട് മുസ്ലിം ഓര്‍ഫനേജ്), ഹാരിസ് ബാഖവി (ജിപ്സ് ഫൗണ്ടേഷന്), ടി. ഹംസ, പി.കെ അശ്റഫ്, പുത്തുമല ജുമുഅത്ത് പള്ളി ഭാരവാഹികളായ കെ. മുഹമ്മദലി, എം.പി ഫാറൂഖ് തുടങ്ങിയവരും പ്രസംഗിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ടി.എ സുലൈമാന്‍ സ്വാഗതവും ഡിവിഷനല്‍ ഓഫിസര്‍ എന്‍. റഹിം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."