എല്ലാ തീരപരിപാലന നിയമലംഘനങ്ങളും സുപ്രിംകോടതിയെ അറിയിക്കണമെന്ന് ഫഌറ്റ് ഉടമകള്‍
കൊച്ചി: കേരളത്തിലുടനീളമുള്ള എല്ലാ തീരപരിപാലന നിയമലംഘനങ്ങളും ചീഫ് സെക്രട്ടറി സുപ്രിംകോടതിയെ അറിയിക്കണമെന്ന് പൊളിച്ചു മാറ്റണമെന്ന് നിര്‍ദേശം നല്‍കിയിരിക്കുന്ന ഫ്‌ളാറ്റുകളുടെ ഉടമകള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തീരപരിപാലനനിയമം ലംഘിച്ച് മരട് മുനിസിപ്പാലിറ്റിയുടെ പരിധിയില്‍ തന്നെ ആയിരത്തോളം ചെറുതും വലുതുമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് കേരള കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റി കണ്ടെത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ധവളപത്രം പുറപ്പെടുവിക്കണം. കൂടാതെ, കേരളത്തില്‍ തീരപരിപാലനനിയമം ലംഘിച്ച് നിര്‍മിച്ചിട്ടുള്ള മുഴുവന്‍ കെട്ടിടങ്ങളുടെയും രേഖകള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
തീരപരിപാലന നിയമലംഘനം സംബന്ധിച്ച് ലോക്‌സഭയില്‍ ഉയര്‍ന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്നതിന് കേരള കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റി അന്വേഷിച്ചപ്പോള്‍ ഇത്തരത്തില്‍ നിയമലംഘനം നടത്തിയ വന്‍കിട കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള 65ഓളം കെട്ടിടങ്ങളുടെ ഫയലുകള്‍ കാണാനില്ലെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. ഫയലുകള്‍ കാണാതായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കണം. നിയമം നടപ്പാക്കുന്നത് വ്യക്തികളെ നോക്കിയാണെന്ന് ഇതില്‍നിന്ന് മനസിലാകുമെന്നും കേരള കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റിയാണ് ഇത്തരത്തിലുള്ള നിയമലംഘനങ്ങളുടെ കേസുകളിലെ ഒന്നാം പ്രതിയെന്നും ഫ്‌ളാറ്റ് ഉടമകള്‍ ആരോപിച്ചു.
പോര്‍ട്ട് ട്രസ്റ്റ് തുറമുഖവുമായി ബന്ധപ്പെട്ട ആവശ്യത്തിനെന്ന് ചൂണ്ടിക്കാട്ടി വേമ്പനാട്ട് കായല്‍ നികത്തുകയും പിന്നീട് അവിടെ ഹോട്ടല്‍ നിര്‍മിക്കുകയും ചെയ്ത സംഭവമുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. കായല്‍ നികത്തി നിര്‍മിച്ച ഡി.എല്‍.എഫ് ഫ്‌ളാറ്റ് കേസില്‍ സുപ്രിംകോടതി ഒരു കോടി പിഴ അടച്ച് റെഗുലറൈസ് ചെയ്താല്‍ മതിയെന്ന് പറഞ്ഞപ്പോള്‍ ഒരു പരിസ്ഥിതി പ്രവര്‍ത്തകരെയും റിട്ട് പെറ്റീഷന്‍ കൊടുക്കാന്‍ കണ്ടില്ല. തങ്ങളെ ബലംപ്രയോഗിച്ച് ഒഴിപ്പിക്കാന്‍ നിയമപരമായി കഴിയില്ല. തങ്ങളുടെ ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റുകയാണെങ്കില്‍ നിയമപ്രകാരം ആയിരിക്കണം. അല്ലാത്ത പക്ഷം മറ്റൊരു നിയമലംഘനത്തിന് ചീഫ് സെക്രട്ടറി വീണ്ടും കോടതിയില്‍ കയറേണ്ടിവരുമെന്നും ഫ്‌ളാറ്റ് ഉടമകള്‍ പറഞ്ഞു. തങ്ങളെ വഞ്ചിച്ച ബില്‍ഡര്‍മാര്‍ക്കെതിരേയും കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരേയും കേസെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മരട് ഭവന സംരക്ഷണ സമിതി ചെയര്‍മാന്‍ അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി, ജോയ്‌സണ്‍, ജോര്‍ജ് കോവൂര്‍, അബൂബക്കര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."