വികസന പ്രവര്‍ത്തനങ്ങളിലെ കാലതാമസം: ആത്മവിമര്‍ശനം നടത്തണമെന്ന് മന്ത്രി
കാഞ്ഞങ്ങാട്: വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുഭാവപൂര്‍വമായ നിലപാട് സ്വീകരിക്കുമ്പോള്‍ അതുനടപ്പാവുന്നതില്‍ കാലതാമസം നേരിടുന്നതിനെ കുറിച്ച് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ആത്മ വിമര്‍ശനം നടത്തണമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ജില്ലാ ആശുപത്രിയെ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയായി വികസിപ്പിക്കുന്നതിന് വേണ്ടി ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോക്ടര്‍മാരുടെ അഭാവം ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുന്നതായി മന്ത്രി പറഞ്ഞു. ജില്ലാ ആശുപത്രിയെ സൂപ്പര്‍ സ്‌പെഷല്‍ ആശുപത്രിയാക്കാനുള്ള ജില്ലാ പഞ്ചായത്തിന്റെ ശ്രമങ്ങള്‍ക്ക് സര്‍ക്കാരിന്റെ എല്ലാ പിന്തുണയും മന്ത്രി വാഗ്ദാനം ചെയ്തു.
ജില്ലാ ആശുപത്രിയെ സുപ്പര്‍ സ്‌പെഷ്യാലിറ്റിയായി ഉയര്‍ത്തുന്നതിനുള്ള ശില്‍പശാലയില്‍ ഉയര്‍ന്നു വന്ന നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുമെന്ന് അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ പറഞ്ഞു. ആശുപത്രി നേരിടുന്ന കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും രാഷ്ട്രീയ നേതൃത്വങ്ങളും സജീവ ഇടപെടല്‍ നടത്തുകയാണെന്നും സമീപ ഭാവിയില്‍ തന്നെ പരിഹാരം കാണാന്‍ സാധിക്കുമെന്നും കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ വി.വി രമേശന്‍ പറഞ്ഞു.
അതേസമയം, ആശുപത്രി വികസനത്തിന് സ്ഥലപരിമിതി പ്രധാന പ്രശ്‌നമാണെന്നും സമീപത്ത് സ്ഥിതി ചെയ്യുന്ന ജയിലിനായി വിട്ടുനല്‍കിയ സ്ഥലം തിരിച്ചു വാങ്ങണമെന്നും ശില്‍പശാലയില്‍ അഭിപ്രായമുയര്‍ന്നു. മികച്ച ഡോക്ടര്‍മാരുടെ അഭാവം ജില്ലയിലും പ്രത്യേകിച്ച് ജില്ലാ ആശുപത്രിയിലും വിവിധ ആരോഗ്യ മേഖലകളിലെ ഫലവത്തായ സേവനങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്നതായി ചര്‍ച്ചയില്‍ ചൂണ്ടിക്കാണിച്ചു.
സൂപ്രണ്ട് ഡോ. സ്റ്റാന്‍ലി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, ഡി.എം.ഒ എ.പി ദിനേശ് കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മാ ഫിലിപ്പ്, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷാദ് വോര്‍ക്കാടി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഇ. പത്മാവതി, എം. നാരായണന്‍, കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍ വിജയ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."