വ്യാപകമാകുന്ന പനിമരണം
സംസ്ഥാനത്ത് മുമ്പെങ്ങുമില്ലാത്ത വിധം പകര്‍ച്ചപ്പനി പടരുകയാണ്. ഡെങ്കിപ്പനിയും വൈറല്‍ പനിയും എലിപ്പനിയും ബാധിച്ച് ഇതിനകം നിരവധി പേരാണ് മരണപ്പെട്ടത്. എത്രയോ പേര്‍ ആശുപത്രികളില്‍ ചികിത്സയിലുമാണ്. ദിവസം കഴിയുംതോറും ചികിത്സ തേടി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക്, ജില്ലാ ആശുപത്രികളിലും എത്തുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. 17,997 പേര്‍ ഇതിനകം പനി ലക്ഷണങ്ങളുമായി ആശുപത്രികളെ സമീപിച്ചുകഴിഞ്ഞു. ഇതില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചവരുടെ എണ്ണം 3,744 ആണ്. സര്‍ക്കാര്‍ ആശുപത്രികളിലെ കണക്കാണിത്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണവും കൂടി പരിഗണിക്കുമ്പോള്‍ കേരളമൊട്ടാകെ പനിക്കിടക്കയിലേക്ക് പോവുകയാണോ എന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ മതിയായ മരുന്നുകള്‍ ഉണ്ടെങ്കിലും ചികിത്സാസൗകര്യങ്ങള്‍ ഇല്ല എന്നത് പ്രശ്‌നം സങ്കീര്‍ണമാക്കുന്നുണ്ട്. കിടത്തിചികിത്സയ്ക്കുള്ള സ്ഥല പരിമിതിയാണ് പല സര്‍ക്കാര്‍ ആശുപത്രികളെയും അലട്ടുന്നത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നിലയാണ് ഏറെ പരിതാപകരം. ഇവിടെ ഗുരുതരമായ രോഗം ബാധിച്ചവരെയും ഇതര രോഗികളെയും ഒരുമിച്ചാണ് വെറും തറയില്‍ കിടത്തിയിരിക്കുന്നത്. ഡെങ്കിപ്പനി ബാധിതര്‍ക്കൊപ്പം ഇതര രോഗികളെയും ഇടനാഴിയിലെ തറയില്‍ കിടത്തി ചികിത്സിക്കുമ്പോള്‍ പനി മരണം കൂടാനേ സാധ്യതയുള്ളൂ. രോഗികളെ പരിചരിച്ചിരുന്ന ഡോക്ടര്‍മാരില്‍ ഏറെ പേരും ജീവനക്കാരില്‍ പലരും പനി ബാധിച്ച് ചികിത്സയിലാണ്.
മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ വന്ന അമാന്തമാണ് പനി ഇത്രയധികം വ്യാപിക്കുവാന്‍ കാരണമായത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈ എടുത്ത് നടപ്പാക്കേണ്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പലയിടത്തും നടന്നിട്ടില്ല. കൊച്ചിയില്‍ ഒരു മഴ പെയ്തപ്പോഴേക്കും വെള്ളക്കെട്ടുകള്‍ മൂലം പകര്‍ച്ചവ്യാധികള്‍ വ്യാപിച്ചു. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കൊതുകുകള്‍ പെറ്റുപെരുകുകയും അവ രോഗംവിതക്കുകയും ചെയ്യുന്നു.
ശക്തിയാര്‍ജിച്ച വൈറസുകളും രോഗം പരത്തുന്നുണ്ട്. 2013ല്‍ പകര്‍ച്ചപ്പനി മൂലം 24 പേര്‍ മാത്രമായിരുന്നു സംസ്ഥാനത്ത് മരിച്ചതെങ്കില്‍ കാലവര്‍ഷാരംഭത്തില്‍ തന്നെ ഇതിനകം നൂറിലധികം പേരാണ് മരണപ്പെട്ടിരിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ ജനങ്ങളില്‍ പകുതിയിലേറെ പേരും ഡെങ്കിപ്പനി ബാധിതരായിരിക്കുന്നു. ഇവിടത്തെ റബ്ബര്‍ എസ്റ്റേറ്റുകളില്‍ കൊതുകുകള്‍ പെറ്റുപെരുകുന്നതു മൂലമാണ് പകുതി പേര്‍ക്കും ഡെങ്കിപ്പനി ബാധിച്ചത്.
ചിരട്ടകളില്‍ വെള്ളം കെട്ടിനിന്ന് കൊതുകുകള്‍ പെരുകുവാന്‍ കാരണമായിട്ടുണ്ട്. പതിനായിരത്തിലേറെ പേര്‍ ഇവിടെ പനിബാധിതരാകുവാന്‍ ഇതുതന്നെയാണ് വലിയൊരു കാരണം. ഇവരില്‍ ഏറെ പേരും ഡെങ്കിപ്പനി ബാധിതരുമാണ്. കോഴിക്കോട് ജില്ലയില്‍ പനി ബാധിച്ച് മരിച്ച 14 പേരില്‍ 8 പേരും കൂരാച്ചുണ്ടില്‍ നിന്നുള്ളവരാണ്. ജനുവരി മുതല്‍ സംസ്ഥാനത്ത് 12 ലക്ഷത്തിനടുത്ത് ആളുകള്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ശുചീകരണപ്രവര്‍ത്തനങ്ങളിലും മാലിന്യ സംസ്‌കരണത്തിലും തദ്ദേശ സ്വയംഭരണ വകുപ്പ് വരുത്തിയ ഗുരുതര വീഴ്ചയാണ് ഇത്തവണ രോഗം പെരുകാനുണ്ടായ കാരണം.
സര്‍ക്കാരിനെ കാത്തുനില്‍ക്കാതെ പൊതുജനം സ്വയം മുന്നിട്ടിറങ്ങി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ടിയിരിക്കുന്നു. മാലിന്യം അതിന്റെ ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിക്കാന്‍ ആളുകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാ മാലിന്യങ്ങളും ഒരു സ്ഥലത്ത് ഒരുമിച്ചു കൂട്ടുന്നത് പ്രായോഗികമല്ല. അതുകൊണ്ട് ഒരു ഫലവും കിട്ടില്ല.
കാലവര്‍ഷം വേണ്ടവിധം പെയ്യാതെ ചാറ്റല്‍മഴയില്‍ ഒതുങ്ങി നില്‍ക്കുന്നതും കൊതുകുകള്‍ക്ക് വളരുന്നതിന് സാഹചര്യം ഒരുക്കിയിട്ടുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൊതുകുകള്‍ മുട്ടയിട്ട് ലാര്‍വകള്‍ പെരുകുന്നു. സര്‍ക്കാര്‍ ഭാഗത്തു നിന്നു പൊതുജനങ്ങളെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണം.
വ്യക്തി ശുചിത്വം പാലിക്കുന്നതോടൊപ്പം തന്നെ പരിസര ശുചീകരണങ്ങളിലും ബദ്ധശ്രദ്ധരാകണം ജനങ്ങള്‍. ഇതിനെല്ലാം പുറമെ പനി ക്ലിനിക്കുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അടിസ്ഥാനസൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിലാകണം ശ്രദ്ധ. പനി വന്ന് ചികിത്സ തേടുന്നതിനേക്കാള്‍ പനി വരാതെ സൂക്ഷിക്കുക എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രതിരോധം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."