നികുതി പരിഷ്‌കരണനിയമം ജനങ്ങള്‍ക്കു ബാധ്യതയാകരുത്
ചരിത്രപരമായ കാല്‍വയ്‌പ്പെന്നു ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വിശേഷിപ്പിച്ച ചരക്കുസേവന നികുതി ബില്‍ (ജി.എസ്.ടി) പാസാക്കാനുള്ള ഭരണഘടനാ ഭേദഗതിക്കു രാജ്യസഭ അംഗീകാരം നല്‍കിയിരിക്കുകയാണ്. ബില്ലിനെ സംബന്ധിച്ചു സമ്മിശ്രപ്രതികരണമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. വന്‍കിടക്കാരല്ലാത്ത നിര്‍മാതാക്കള്‍ക്കും ഉല്‍പ്പാദകര്‍ക്കും നിയമം ദോഷകരമായി ബാധിക്കുമെന്ന ആശങ്കയാണ് ഇതിന് അടിസ്ഥാനം.
തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങള്‍ക്കു ജി.എസ്.ടിയോട് യോജിക്കുവാന്‍ കഴിയുന്നില്ല. ബില്‍ ചര്‍ച്ചാവേളയില്‍ രാജ്യസഭയില്‍നിന്ന് അണ്ണാ ഡി.എം.കെ ഇറങ്ങിപ്പോവുകയും ചെയ്തു. ബില്‍ നേരത്തെ ലോക്‌സഭ പാസാക്കിയതാണ്. എന്നാല്‍, രാജ്യസഭയില്‍ പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനാല്‍ പരിഷ്‌കരിച്ച രൂപത്തിലുള്ള ബില്‍ ഒരിക്കല്‍കൂടി ലോക്‌സഭയില്‍ അവതരിപ്പിക്കേണ്ടിവരും. 2017 ഏപ്രില്‍ ഒന്നിന് ഈ ബില്‍ നിയമമാകുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. ജി.എസ്.ടി സംവിധാനത്തിലൂടെ രാജ്യം ഒരൊറ്റ വിപണിയിലേയ്ക്കു മാറുമ്പോഴുണ്ടാകുന്ന നേട്ടങ്ങള്‍ വന്‍കിടക്കാര്‍ക്കും കോട്ടങ്ങള്‍ സാധാരണ ഉല്‍പ്പാദകര്‍ക്കും ചെറുകിട നിര്‍മാതാക്കള്‍ക്കുമായിരിക്കുമോയെന്നും കരുതേണ്ടിയിരിക്കുന്നു. കോണ്‍ഗ്രസും സി.പി.എമ്മും ഈ വിഷയത്തിലുള്ള ഉത്ക്കണ്ഠ ഭരണഘടനാ ഭേദഗതി ബില്‍ ചര്‍ച്ചയില്‍ രേഖപ്പെടുത്തുകയുണ്ടായി. ബില്ലില്‍ നികുതി പരിധി നിശ്ചയിക്കാത്തതാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കേന്ദ്രവും സംസ്ഥാനങ്ങളും അവരവരുടെ പരമാധികാരം നികുതി പിരിവില്‍ പങ്കുവയ്ക്കുമ്പോള്‍ മെച്ചപ്പെട്ട സാമ്പത്തികനില രാജ്യത്തിനുണ്ടാകുമെന്നാണു കണക്കുകൂട്ടുന്നത്. ചരക്കുകളുടെ നീക്കവും സേവനങ്ങളുടെ ലഭ്യതയും എളുപ്പമാവുകയും നികുതിവെട്ടിപ്പ് കുറയുകയും ചെയ്യുമ്പോള്‍ ഇത് ഏറെക്കുറെ ശരിയാകാനാണു സാധ്യത. കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്കു ജി.എസ്.ടി സംവിധാനം ഗുണം ചെയ്യുമെന്നുള്ളത് നല്ലകാര്യം തന്നെ. സംവിധാനം നിലവില്‍ വരുന്നതോടെ രാജ്യത്തിന്റെ വളര്‍ച്ചാനിരക്കു വര്‍ധിക്കും. വിലക്കയറ്റവും പൂഴ്ത്തിവയ്പ്പും നികുതിവെട്ടിപ്പും തടയാനും കഴിയും. ഇതൊക്കെ സര്‍ക്കാറുകളുടെ ഖജനാവുകള്‍ക്കു മുതല്‍കൂട്ടാനാണ് ഉപകരിക്കുക.
നേരത്തേ ഈ ബില്‍ രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ധനകാര്യമന്ത്രിയായിരുന്ന പി. ചിദംബരം അവതരിപ്പിച്ചിരുന്നുവെങ്കിലും സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയായതിനാലും മുഖ്യപ്രതിപക്ഷ കക്ഷിയായിരുന്ന എന്‍.ഡി.എയുടെ നിസ്സഹകരണത്താലും ബില്‍ ലോക്‌സഭയില്‍ പാസാക്കാന്‍ കഴിഞ്ഞിരുന്നില്ല. വാജ്‌പേയ് ഭരണകാലത്തു തുടങ്ങിവച്ച ജി.എസ്.ടി ബില്‍ ഇപ്പോള്‍ അതിന്റെ പര്യവസാനത്തില്‍ എത്തിയിരിക്കുകയാണ്. ഇതു നിലവില്‍ വരുന്നതോടെ കേരളത്തിനു മൂവായിരം കോടി രൂപ അധിക വരുമാനം കിട്ടും.
ഉല്‍പ്പന്നങ്ങളുടെ പരമാവധി വില്‍പ്പനവിലയില്‍ കുറവുവരുമ്പോള്‍ മാത്രമേ കേരളത്തില്‍ ഈ ആനുകൂല്യം കരഗതമാകൂ. നിര്‍മാതാക്കള്‍ക്കു നികുതിഭാരം കുറയുമ്പോള്‍ ആ ഭാരം താങ്ങേണ്ട അവസ്ഥ ഉപഭോക്താവിനുണ്ടാകരുത്. അത്തരം ഒരു വിപത്ത് ജി.എസ്.ടി ബില്ലില്‍ ഒളിഞ്ഞുകിടക്കുന്നുണ്ട്. ബില്‍ നിയമമാക്കാന്‍ ഭരണഘടനാഭേദഗതി ബില്‍ വീണ്ടും ലോക്‌സഭയിലെത്തുമ്പോള്‍ നേരത്തേ പാസാക്കിയതില്‍നിന്നു വിഭിന്നമാകുമോയെന്ന ശങ്കയും ഉയരുന്നുണ്ട്.
ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭയില്‍ മണിബില്‍ ആയി അവതരിപ്പിക്കുകയാണെങ്കില്‍ പിന്നീട് രാജ്യസഭയില്‍ പാസാക്കേണ്ടതില്ല എന്നതിനാല്‍ ബില്‍ ജനവിരുദ്ധമായിത്തീരുമോയെന്നു കരുതേണ്ടിയിരിക്കുന്നു. രാജ്യസഭയില്‍ പ്രതിപക്ഷത്തിനു ഭൂരിപക്ഷമുള്ളതിനാല്‍ രാജ്യസഭയെ മറികടക്കാന്‍ സര്‍ക്കാര്‍ ലോക്‌സഭയില്‍ അവര്‍ ഉദ്ദേശിക്കുംവിധത്തില്‍ ബില്ലില്‍ മാറ്റംവരുത്താം. ആ നിലയ്ക്കു മണിബില്‍ ആയി അവതരിപ്പിക്കുന്നതു കരുതലോടെ കാണേണ്ടിയിരിക്കുന്നു.
ലോക്‌സഭ പാസാക്കുന്ന ബില്ലില്‍ രാജ്യസഭയില്‍ ചര്‍ച്ചയാവാമെന്നതിനപ്പുറം ഭേദഗതികള്‍ നിര്‍ദേശിക്കാനാകില്ലെന്ന പരിമിതി മുതലെടുത്തു സര്‍ക്കാര്‍ ജനവിരുദ്ധ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിക്കരുത്. കോര്‍പ്പറേറ്റുകള്‍ക്കും വന്‍കിട വ്യവസായികള്‍ക്കും ഉല്‍പ്പന്ന നിര്‍മാതാക്കള്‍ക്കും മാത്രമായി ജി.എസ്.ടി ബില്‍ ഗുണംചെയ്യുന്ന ഒരവസ്ഥ ഉണ്ടാകാന്‍ പാടില്ല. മണിബില്ലായാണ് നേരത്തേ ആധാര്‍ ബില്‍ സര്‍ക്കാര്‍ പാസാക്കിയത്. ജി.എസ്.ടി സംവിധാനത്തിനുവേണ്ടി രാജ്യസഭ ഭരണഘടനാ ഭേദഗതി പാസാക്കിയെങ്കിലും അടുത്തഘട്ടത്തില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കേണ്ടതു ഫിനാന്‍ഷ്യല്‍ ബില്‍ ആയിട്ടുവേണം. അങ്ങനെവരുമ്പോള്‍ രാജ്യസഭയില്‍ ഇതിനെക്കുറിച്ചു ചര്‍ച്ചയും വോട്ടെടുപ്പും ഉണ്ടാകും. ജനവിരുദ്ധ നയമുണ്ടെങ്കില്‍ അപ്പോള്‍ത്തന്നെ തിരുത്തുവാനും കഴിയും.
സാധാരണ ജനങ്ങള്‍ക്കു ചരക്കുസേവന നികുതി നിയമം അനുഭവവേദ്യമാകണമെങ്കില്‍ ഉല്‍പ്പന്നങ്ങളുടെ ചില്ലറ വില്‍പ്പനകളില്‍ കാര്യമായ കുറവുണ്ടാവുകതന്നെ വേണം. അങ്ങനെയുണ്ടാവില്ലെന്നതുകൊണ്ടാണു കേന്ദ്ര ജി.എസ്.ടിക്കും സംസ്ഥാനാന്തര ജി.എസ്.ടിക്കുമുള്ള ബില്‍ മണിബില്ലായി അവതരിപ്പിക്കരുതെന്നു പ്രതിപക്ഷം ആവശ്യപ്പെടുന്നത്. എന്നാല്‍, ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഇതുസംബന്ധിച്ചു വ്യക്തമായ മറുപടി നല്‍കാത്ത സ്ഥിതിക്കു സര്‍ക്കാറുകള്‍ക്കു നികുതിയിനത്തില്‍ വമ്പിച്ച വരുമാനവും സാധാരണക്കാരനു നികുതിഭാരവും ഉണ്ടാകുമെന്നുതന്നെ കരുതേണ്ടിയിരിക്കുന്നു.
പ്രാദേശികതലത്തില്‍ നികുതിസംവിധാനത്തെ ബാധിക്കുന്ന ബില്ലുകളായ ഫിനാന്‍ഷ്യല്‍ ബില്ലില്‍ ഉള്‍പ്പെടുത്തിവേണം ബില്ലുകള്‍ കൊണ്ടുവരേണ്ടതെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ഭരണഘടനയുടെ 117-ാം വകുപ്പ് അനുസരിച്ചുള്ളതാണ്. ഭരണഘടനയുടെ 110-ാം വകുപ്പനുസരിച്ചു മണിബില്‍ ഗണത്തില്‍പ്പെടുത്തിയാണു ലോക്‌സഭയില്‍ വീണ്ടും ജി.എസ്.ടി ബില്‍ വരുന്നതെങ്കില്‍ രാജ്യസഭയെ സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കുന്നില്ലെന്നുവേണം കരുതാന്‍. അപ്പോള്‍ ബില്ലില്‍ ജനവിരുദ്ധത നിഴലിക്കാനുള്ള സാധ്യതയേറെയുമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും 50 ശതമാനത്തിലധികം സംസ്ഥാന നിയമസഭകള്‍ ഈ ബില്‍ പാസാക്കിയാല്‍ മാത്രമേ രാജ്യസഭ കടന്നുകിട്ടിയ ചരക്കു സേവന നികുതി ബില്‍ യാഥാര്‍ഥ്യമാകൂ. നികുതി പരിഷ്‌കരണബില്ലിനു വെല്ലുവിളികള്‍ ഇനിയുമുണ്ടെന്നര്‍ഥം.
50 ശതമാനം സംസ്ഥാന നിയമസഭകളും ബില്ലിന് അംഗീകാരം നല്‍കുകയാണെങ്കില്‍ 2017 ഏപ്രില്‍ ഒന്നിനു ജി.എസ്.ടി നിയമം പ്രാബല്യത്തില്‍ വരും. അതോടെ, ഉല്‍പ്പാദനച്ചെലവു കുറയുകയും ഒളിഞ്ഞും തെളിഞ്ഞുമുള്ള നിരവധി നികുതികള്‍ ഇല്ലാതാകുകയും ചെയ്യും. സംസ്ഥാനം നേരിടുന്ന വിലക്കയറ്റത്തെ ഒരുപരിധിവരെ നിയന്ത്രിക്കുവാനും കഴിയും. പക്ഷേ, സാധാരണക്കാരന്റെ നിത്യോപയോഗ സാധനങ്ങളുടെ വില എത്രമാത്രം കുറയുമെന്നതിനെ ആശ്രയിച്ചായിരിക്കും ജി.എസ്.ടി നിയമം അവനെ സംബന്ധിച്ചിടത്തോളം സ്വീകാര്യമാവുക. ഉല്‍പ്പാദനച്ചെലവു കുറയുന്നതോടെ ഉല്‍പ്പന്നങ്ങള്‍ക്കു ന്യായമായും വിലകുറയേണ്ടതാണ്. എന്നാല്‍, നികുതിക്കു പരിധി നിശ്ചയിക്കാത്തതിനാല്‍ സാധാരണക്കാരനു ജി.എസ്.ടി നിയമം ആഘാതമാകാനുള്ള സാധ്യതയുമേറെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."