അബ്ബിയും എറിനും ഇരുമെയ്യായി
നോര്‍ത്ത് കരോലിന: 10 മാസം പ്രായമായ സയാമിസ് ഇരട്ടകളെ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തി. അബ്ബി, എറിന് എന്നീ പെണ്‍കുട്ടികളെയാണ് അമേരിക്കയില്‍ ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തിയത്.
ലോകത്തെ അത്യപൂര്‍വ ശസ്ത്രക്രിയയാണ് നടന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തലയൊട്ടിപ്പിടിച്ച നിലയിലാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.
കഴിഞ്ഞ ആഴ്ചയാണ് തെക്കുകിഴക്കന്‍ പെന്‍സില്‍വാനിയയിലെ ഫിലാഡല്‍ഫിയയിലുള്ള കുട്ടികളുടെ ആശുപത്രിയില്‍ ശസ്ത്രക്രിയ നടന്നത്. 11 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയില്‍ ഇരുവരുടെയും തലകള്‍ വേര്‍പെടുത്തിയെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
അത്യധികം അപകടകരവും വിജയപ്രതീക്ഷ കുറഞ്ഞതുമായിരുന്നു ദൗത്യമെന്ന് പ്ലാസ്റ്റിക് സര്ജന് ജെസി ടൈലര്‍ പറഞ്ഞു. ന്യൂറോ സര്ജന് ഗ്രിഗോറി ഹ്യൂവറിന്റെ സഹായത്തോടെയാണ് ശസ്ത്രക്രിയ നടന്നത്. ഇരു കുട്ടികളെയും പീഡിയാട്രിക് ഐ.സി യൂനിറ്റിലേക്ക് മാറ്റി. വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ് കുട്ടികള്‍.
ഗര്‍ഭം 11 ആഴ്ചയെത്തിയപ്പോഴാണ് കുട്ടികള്‍ സയാമിസ് ആണെന്ന് തിരിച്ചറിഞ്ഞത്. 2016 ജൂലൈ 24 നാണ് സിസേറിയനിലൂടെ അബ്ബിയും എറിനും പിറന്നത്. മാസങ്ങളോളം വിദഗ്ധ സംഘം പഠനം നടത്തിയാണ് ശസ്ത്രക്രിയ നടത്തിയത്.
ബ്രെയിന്‍ സ്കാന്‍ ചെയ്ത ശേഷം ത്രിമാന മാതൃകയുമുണ്ടാക്കിയാണ് ശസ്ത്രക്രിയാ മുന്നൊരുക്കം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."