പിറവംപള്ളിയില്‍ സംഘര്‍ഷാവസ്ഥ; പൊലിസ് പള്ളിവളപ്പിനകത്ത് പ്രവേശിച്ചു, സ്ഥലത്ത് 144 പ്രഖ്യാപിച്ചു
കൊച്ചി: യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ പ്രശ്‌നം നിലനില്‍ക്കുന്ന പിറവം സെന്റ്‌മേരീസ് പള്ളിയില്‍ വന്‍ സംഘര്‍ഷാവസ്ഥ. ജില്ലാ കലക്ടര്‍ പ്രശ്‌നക്കാരാണെന്ന് കണ്ടെത്തി പള്ളിയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ 67 യാക്കോബായ വിഭാഗക്കാകെ പള്ളിയില്‍ നിന്നും പുറത്തിറക്കാനുള്ള പൊലിസിന്റെ ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇതിനായി പൊലിസ് പള്ളി കോംപൗണ്ടില്‍ കയറിയെങ്കിലും പിന്നീട് പിന്‍വലിയുകയായിരുന്നു.
പള്ളിക്കുള്ളില്‍ കയറിയ യാക്കോബായ വിഭാഗക്കാരും പുറത്ത് തമ്പടിച്ച ഓര്‍ത്തഡോക്‌സ് വിഭാഗക്കാരും വാക്‌പോര് തുടര്‍ന്നതോടെ സ്ഥിതി ഏറ്റുമുട്ടലിന്റെ വക്കോളമെത്തുകയായിരുന്നു. പിന്നീട് കലക്ടര്‍ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ പിറവം പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയത്. രാവിലെ ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ കയറും എന്ന് വിവരം ലഭിച്ചതോടെ ഇന്നലെ മുതല്‍ തന്നെ യാക്കോബായ വിശ്വാസികള്‍ കാതോലിക്ക ബാവയുടെ നേതൃത്വത്തില്‍ പള്ളിക്കകത്ത് സംഘടിച്ചിരുന്നു. തുടര്‍ന്ന് നിരണം ഭദ്രാസനാധിപന്‍ മാര്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ നേതൃത്വത്തില്‍ വിശ്വാസികള്‍ ഗേറ്റ് താഴിട്ടുപൂട്ടി പ്രതിഷേധം തുടങ്ങുകയായിരുന്നു.
നിലവില്‍ ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ പള്ളിയ്ക്ക് പുറത്ത് പന്തല്‍ കെട്ടി സമരത്തിലാണ്. പള്ളിയ്ക്ക് അകത്ത് യാക്കോബായ വിഭാഗക്കാര്‍ നിലയുറപ്പിച്ചിരിക്കുകയാണ്. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച്, പള്ളിയ്ക്ക് അകത്ത് കയറി പ്രാര്‍ത്ഥന നടത്താന്‍ പൂര്‍ണ അവകാശമുണ്ടെന്നും അത് നടത്താതെ പിരിഞ്ഞുപോകില്ലെന്നും ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ ഉറച്ച നിലപാടെടുക്കുന്നു. രാത്രി മുഴുവന്‍ ഇവിടെ തുടരുമെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ പറയുന്നത്. എന്നാല്‍ പള്ളികള്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് വിട്ടുനല്‍കിയ സുപ്രീംകോടതി ഉത്തരവില്‍ പുനഃപരിശോധന വേണമെന്നും, ഓര്‍ത്തഡോക്‌സുകാരെ പള്ളികള്‍ പിടിച്ചടക്കാന്‍ അനുവദിക്കില്ലെന്നും യാക്കോബായക്കാര്‍ പറയുന്നു. പള്ളിയില്‍ കയറി ഞങ്ങള്‍ പ്രാര്‍ത്ഥന നടത്തട്ടെ, എന്നിട്ടാകാം ചര്‍ച്ചയെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം തിരിച്ചടിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."